kasaragod local

കവുങ്ങിന്റെ പൂങ്കുല കരിച്ചിലും ഇളംകായ പൊഴിച്ചിലും താപപനില വര്‍ധിച്ചത് കാരണം

കാസര്‍കോട്: കര്‍ണാടക-കേരള തുടങ്ങിയ സംസ്ഥാനങ്ങളിലെ കവുങ്ങിന്‍ തോട്ടങ്ങളില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ അന്തരീക്ഷ താപനില കഴിഞ്ഞ വര്‍ഷത്തെ ഇതേമാസങ്ങളിലെ അപേക്ഷിച്ച് ഒന്നു മുതല്‍ 4.3 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതലാണെന്ന് സിപിസിആര്‍ഐ ഡയറക്ടര്‍ ഡോ.പി ചൗഡപ്പ അറിയിച്ചു.
ഹരിതഗൃഹവാതകങ്ങളുടെ കൂടിയ അളവും എല്‍നിനോ പ്രതിഭാസം മൂലം ശാന്തസമുദ്രത്തിലെ താപനില വര്‍ധിച്ചതും ഇന്ത്യയില്‍ ഈ വര്‍ഷം അനുഭവപ്പെട്ട കൂടിയ ചൂടിനു കാരണമായി. കവുങ്ങുകള്‍ പുഷ്പിക്കുന്ന കാലയളവില്‍ അന്തരീക്ഷ താപനിലയിലുണ്ടാകുന്ന ഉയര്‍ന്ന ചൂട് വിളകളുടെ ഉല്‍പാദനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. താപനില വര്‍ധിക്കുന്നത് ചെടികളില്‍ പ്രകാശസംശ്ലേഷണ തോത് കുറയുന്നതിനും പരാഗരേണുക്കള്‍ മുളയ്ക്കുന്ന തോത് കുറയുന്നതിനുമിടയാക്കുന്നു. അതിനാല്‍ കായപിടുത്തം കുറയുകയും ഇളംകായകള്‍ പൊഴിയുകയും ചെയ്യുന്നു. ഇതോടൊപ്പം കര്‍ണാടകയിലെ അഞ്ചു ജില്ലകളില്‍ കോളിറ്റോട്രിക്കം ഗ്ലിയോസ്‌പോറിയോയിഡിസ് എന്ന കുമിള്‍ മൂലമുണ്ടാകുന്ന കവുങ്ങിന്റെ പൂങ്കുല കരിച്ചില്‍ രോഗവും കൂടിയ തോതിലുണ്ടായി.
ആവശ്യത്തിനു ജലസേചനം നല്‍കി കൂടിയ ചൂട് മൂലമുള്ള സമ്മര്‍ദ്ദം കുറയ്ക്കുക, ഈര്‍പ്പം സംരക്ഷിക്കുന്നതിന് തടത്തില്‍ പുതയിടുക, ഇളംകായകള്‍ കൊഴിയുന്നത് തടയാന്‍ നാഫ്തല്‍ അസറ്റിക് ആസിഡ് 20 പിപിഎം എന്ന തോതില്‍ പൂങ്കുലകളില്‍ തളിക്കുക, കായ്‌കൊഴിച്ചില്‍ അധികം കാണപ്പെടുന്ന കുവുങ്ങിന്‍ തോപ്പുകളില്‍ സാധാരണ നിര്‍ദേശിച്ചിട്ടുള്ള പൊട്ടാഷ് അളവിനു പുറമേ 150 ഗ്രാം അധികമായി ഓരോ കവുങ്ങിനും നല്‍കുക, രോഗം മൂലം ഉണങ്ങി നശിച്ച പൂങ്കുലകള്‍ മാറ്റി രോഗികാരിയായ കുമിളിന്റെ സ്രോതസ് ഇല്ലാതാക്കണം, കുമിള്‍നാശിനികള്‍ കലര്‍ത്തിയ മിശ്രിതം രണ്ടു ഗ്രാം വീതം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ഒരുമാസത്തെ ഇടവേളയില്‍ രണ്ടുതവണ തളിക്കുകയുമാണ് പ്രതിവിധിയെന്ന അദ്ദേഹം അറിയിച്ചു.
Next Story

RELATED STORIES

Share it