കഴിഞ്ഞതവണ ആയിരത്തില്‍ താഴെ ഭൂരിപക്ഷത്തിന് വിജയിച്ചത് എട്ടുപേര്‍

കെ എം അക്ബര്‍

ചാവക്കാട്: കേവലം രണ്ടു സീറ്റിന്റെ മാത്രം വ്യത്യാസത്തില്‍ ഭരണമാറ്റം സംഭവിച്ച പതിമൂന്നാം കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ 1000ല്‍ താഴെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് ഇരുമുണികളും വിജയിച്ചത് എട്ട് നിയോജക മണ്ഡലങ്ങളില്‍. പാറശ്ശാല, കോട്ടയം, പിറവം, മണലൂര്‍, അഴീക്കോട് നിയോജകമണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍  ആയിരത്തില്‍ താഴെ ഭൂരിപക്ഷത്തിന് വിജയിച്ചപ്പോള്‍ അടൂര്‍, കുന്നംകുളം, വടകര നിയോജക മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളാണ്ഇത്തരത്തില്‍ വിജയം കണ്ടത്. പിറവത്ത് വിജയിച്ച യുഡിഎഫിലെ ടി എം ജേക്കബിന്റെതായിരുന്നു ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം. 157 വോട്ടുകള്‍ക്കായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ജെ ജേക്കബ് ഇവിടെ പരാജയപ്പെട്ടത്. ആയിരത്തില്‍ താഴെ വോട്ടുകളുടെ ഭൂരിപക്ഷം നേടിയവരില്‍ ഏറ്റവും വലിയ ഭൂരിപക്ഷക്കാരനായത് 847 വോട്ട് നേടി വടകര നിയോജകമണ്ഡലത്തില്‍ നിന്നും വിജയിച്ച എല്‍ഡിഎഫിലെ സി കെ നാണുവായിരുന്നു. യുഡിഎഫിലെ എം കെ പ്രേംനാഥ് ആയിരുന്നു എതിര്‍ സ്ഥാനാര്‍ഥി. കുന്നംകുളം നിയോജക മണ്ഡലത്തില്‍ നിന്നു വിജയിച്ച എല്‍ഡിഎഫിലെ ബാബു എം പാലിശ്ശേരി 481 വോട്ടുകള്‍ക്കാണ് എതിരാളിയായിരുന്ന യുഡിഎഫിലെ സി പി ജോണിനെ മലര്‍ത്തിയടിച്ചത്. കുന്നംകുളത്തിന് സമാനമായ തിരഞ്ഞെടുപ്പ് ഫലം തന്നെ ആയിരുന്നു മണലൂരും. മണലൂരില്‍ എല്‍ഡിഎഫിലെ ബേബി ജോണ്‍ യുഡിഎഫിലെ പി എ മാധവനോട് പരാജയപ്പെട്ടതും വെറും 481 വോട്ടുകള്‍ക്ക് തന്നെ യായിരുന്നു. കോട്ടയം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ 711 വോട്ടുകള്‍ക്കാണ് സിറ്റിങ് എംഎല്‍എ ആയിരുന്ന എല്‍ഡിഎഫിലെ വി എന്‍ വാസവനെ പരാജയപ്പെടുത്തിയത്. കനത്ത മല്‍സരം നടന്ന മറ്റൊരു മണ്ഡലമായിരുന്നു അടൂര്‍. എല്‍ഡിഎഫിന്റെ ചിറ്റയം ഗോപകുമാര്‍ യുഡിഎഫിന്റെ പന്തളം സുധാകരനെ 607 വോട്ടുകള്‍ക്കാണ് തറപറ്റിച്ചത്. പാറശ്ശാല മണ്ഡലത്തില്‍ എല്‍ഡിഎഫിന് ജയം നഷ്ടമായത് 505 വോട്ടുകള്‍ക്കാണ്. യുഡിഎഫിന്റെ എടി ജോര്‍ജ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആനാവൂര്‍ നാഗപ്പനെയാണ് പരാജയപ്പെടുത്തിയത്. അഴീക്കോട് നിയോജക മണ്ഡലത്തില്‍ യുഡിഎഫിലെ കെ എം ഷാജി വെറും 493 വോട്ടുകള്‍ക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം പ്രകാശന്‍ മാസ്റ്ററെ പരാജയപ്പെടുത്തിയപ്പോള്‍ അതും ആയിരത്തില്‍ താഴെയുള്ള ഭൂരിപക്ഷമായി. ഈ എട്ട് മണ്ഡലങ്ങളിലും അന്ന് നവാഗതരായ എസ്ഡിപിഐ മല്‍സരിച്ചപ്പോള്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരുന്നത്. വടകരയില്‍ 3488 വോട്ട് നേടിയ എസ്ഡിപിഐ അഴിക്കോട് മണ്ഡലത്തില്‍ 2935 ഉം, മണലൂര്‍ മണ്ഡലത്തില്‍ 2293 വോട്ടുകളും നേടിയിരുന്നു. നേരിയ ഭൂരിപക്ഷം മാത്രമുള്ള ഈ മണ്ഡലങ്ങളിലെല്ലാം ഇത്തവണ കടുത്ത പോരാട്ടം നടക്കുമെന്ന് തന്നേയാണ് കരുതുന്നത്.
Next Story

RELATED STORIES

Share it