thiruvananthapuram local

കഴക്കൂട്ടം- മുക്കോല നാലുവരിപ്പാതയിലെ മരങ്ങള്‍ മുറിച്ചുതുടങ്ങി

കഴക്കൂട്ടം: കഴക്കൂട്ടം മുതല്‍ മുക്കോലവരെയുള്ള ബൈപ്പാസ് നാലുവരിപ്പാതയാക്കുന്നതിന്റെ ഭാഗമായി മരങ്ങള്‍ മുറിച്ചുമാറ്റാന്‍ തുടങ്ങി. ഇന്നലെ രാവിലെ മുതലാണ് മരങ്ങള്‍ മുറിച്ചുതുടങ്ങിയത്.
ഇന്‍ഫോസിസിന് മുന്നിലുണ്ടായിരുന്ന 20 ഓളം മരങ്ങള്‍ ഇന്നലെ മുറിച്ചുനീക്കി. മരങ്ങള്‍മൂലം നാലുവരിപ്പാത നിര്‍മാണം ഇഴഞ്ഞുനീങ്ങുന്ന സാഹചര്യത്തിലാണ് ഇവ മുറിച്ചുമാറ്റാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കഴിഞ്ഞമാസം ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തത്. മരങ്ങള്‍ മുറിച്ചതോടെ വികസനപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാവാനാണ് സാധ്യത. ഏതാനും ദിവസത്തിനുമുമ്പ് ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ നേതൃത്വത്തില്‍ നാലുവരിപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട് നാഷനല്‍ ഹൈവേ ഉദ്യോഗസ്ഥര്‍ എത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നു. ഇതു സമയബന്ധിതമായി തന്നെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് അദ്ദേഹം അറിയിച്ചു. മരം മുറിക്കുന്നതിന് ഉണ്ടായിരുന്ന തടസ്സങ്ങള്‍ മൂലം നിര്‍മാണപ്രവര്‍ത്തനം ഇഴഞ്ഞുനീങ്ങിയെങ്കിലും ഇപ്പോഴത്തെ നിര്‍മാണപുരോഗതിവച്ച് രണ്ടുവര്‍ഷത്തിനുള്ളില്‍ പാത പൂര്‍ത്തിയാക്കാനാവുമെന്ന് കോണ്‍ട്രാക്ട് എടുത്തിട്ടുള്ള കെഎന്‍ആര്‍ കമ്പനിയുടെ ഉദ്യോഗസ്ഥര്‍ പറയുന്നു.
പാതയുടെ നിര്‍മാണം കഴക്കൂട്ടത്തുനിന്നും നേരത്തെതന്നെ ആരംഭിച്ചിരുന്നെങ്കിലും പാതയ്ക്ക് ഇരുവശത്തുമുള്ള മരം മുറിച്ചുനീക്കാന്‍ വന്ന കാലതാമസത്താല്‍ വൈദ്യുതി പോസ്റ്റുകള്‍, വിവിധ കേബിളുകള്‍, പൈപ്പ് ലൈനുകള്‍ എന്നിവ മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചിരുന്നു.
കഴക്കൂട്ടം മുതല്‍ 11 കിലോമീറ്റര്‍ ദൂരംവരെയുള്ള ബൈപ്പാസിന്റെ ഇരുവശത്തുമുള്ള ചുമന്ന മഷികൊണ്ട് മാര്‍ക്കുചെയ്ത മരങ്ങളാണ് മുറിച്ചുനീക്കുന്നത്. ഇങ്ങനെയുള്ള 1200 മരങ്ങളാണ് മുറിക്കുന്നത്. എന്നാല്‍ മഞ്ഞ മഷികൊണ്ട് മാര്‍ക്ക് ചെയ്തവ മുറിക്കില്ല. പിന്നീട് എന്നെങ്കിലും തടസ്സങ്ങള്‍ വന്നാല്‍ മാത്രമേ മറ്റുമരങ്ങള്‍ മുറിച്ചുമാറ്റുന്നതിനെക്കുറിച്ച് ആലോചിക്കൂ.
Next Story

RELATED STORIES

Share it