kozhikode local

കള്ളുഷാപ്പിനെതിരേ അനിശ്ചിതകാല സമരം

താമരശ്ശേരി: എളേറ്റില്‍ വട്ടോളിയില്‍ ജനവാസ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പിനെതിരെ പരിസര വാസികള്‍ അനിശ്ചിത കാല സമരം ആരംഭിച്ചു. വീടുകള്‍ക്ക് സമീപത്തായി പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാരുടെ സമരം.
മദ്യപാനികളുടെ ശല്യം കാരണം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും മദ്യപാനികള്‍ വഴിയിലും വീട്ടുപരിസരങ്ങളിലും മലമൂത്ര വിസര്‍ജനം നടത്തുന്നതായും നാട്ടുകാര്‍ പറയുന്നു. പുരുഷന്‍മാരില്ലാത്ത വീടുകളിലെത്തി അസഭ്യം പറയലും കുട്ടികളെ ഭീഷണിപ്പെടുത്തലും പതിവാണ്.
ജനവാസ കേന്ദ്രത്തില്‍നിന്നും കള്ളുഷാപ്പ് മാറ്റണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യം അംഗീകരിക്കപ്പെടാതിരുന്നതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രക്ഷോഭത്തിനിറങ്ങിയത്.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് ഇന്നലെ കള്ളുഷാപ്പിനുമുന്നിന് ധര്‍ണ്ണ നടത്തിയത്. പ്രശ്‌നത്തിന് പരിഹാരമുണ്ടാവാത്ത പക്ഷം പ്രക്ഷോഭം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം.
Next Story

RELATED STORIES

Share it