palakkad local

കള്ളിയമ്പാറയിലെ സംഘര്‍ഷം: 85 പേര്‍ക്കെതിരേ കേസ്

കെ വി സുബ്രഹ്മണ്യന്‍

കൊല്ലങ്കോട്: കള്ളിയമ്പാറയിലെ വിനോദിന്റെ തോട്ടത്തില്‍ മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട് മുതലമട പഞ്ചായത്തും നാട്ടുകാരും നല്‍കിയ പരാതിയില്‍ മലിനീകരണ നിയന്ത്രണ വകുപ്പുദ്യോഗസ്ഥരും പഞ്ചായത്ത് ജീവനക്കാരും പരിശോധനക്കെത്തിയപ്പോള്‍ ശനിയാഴ്ച വൈകീട്ടുണ്ടായ സംഘര്‍ഷത്തില്‍ പ്രദേശവാസികള്‍ക്കെതിരെ പോലിസ് കേസ്. പ്രദേശത്തുണ്ടായിരുന്ന 84 പേര്‍ക്കെതിരെ കേസെടുത്തതായാണ് കൊല്ലങ്കോട് സിഐ സന്തോഷ് കുമാര്‍ അറിയിച്ചത്. അതേസമയം നാട്ടുകാരുടെ പരാതിയില്‍ സ്ഥലമുടമ വിനോദിനെതിരേയും കേസെടുത്തതായി അദ്ദേഹം അറിയിച്ചു.
പ്രദേശവാസികള്‍ക്കെതിരെ പോലിസിനെ ആക്രമിച്ചെന്നും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നുമാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ കേസ് ബാഹ്യപ്രേരണയാലാണെന്നും തോട്ടമുടമയേ സംരക്ഷിക്കാനാണെന്നുമാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. വര്‍ഷങ്ങളായി വിവിധ മാലിന്യങ്ങള്‍ തള്ളുന്ന വിനോദിന്റെ തോട്ടം വന്‍ പരിസ്ഥിതി പ്രശ്‌നങ്ങളാണ് മേഖലയില്‍ ക്ഷണിച്ചുവരുത്തുന്നത്. ഇതേത്തുടര്‍ന്ന് ജനകീയരോഷം ശക്തമാകുകയും പ്രദേശവാസികള്‍ തോട്ടത്തിലേക്കുവരുന്ന ലോറികള്‍ തടഞ്ഞിടുകയും ചെയ്തിരുന്നു. വര്‍ഷങ്ങളായുള്ള പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികള്‍ രംഗത്തെത്തിയതോടെയാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്താന്‍പോലും തയ്യാറായത്.
തോട്ടത്തില്‍ തള്ളുന്ന ആശുപത്രിമാലിന്യമുള്‍പ്പടെയുള്ളവ ജൈവവളമെന്ന പേരില്‍ വിനോദ് വിറ്റഴിക്കുകയാണെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. പ്രശ്‌നം ജനശ്രദ്ധയാകര്‍ഷിച്ചതോടെയാണ് കഴിഞ്ഞദിവസം മാലിന്യം നീക്കം ചെയ്യാന്‍ ആര്‍ഡിഒ മുതലമട പഞ്ചായത്ത് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചത്. നിര്‍ദ്ദേശം പാലിക്കപ്പെട്ടോയെന്ന് പരിശോധിക്കാനായി ശനിയാഴ്ച വൈകീട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡുദ്യോഗസ്ഥരും പഞ്ചായത്ത് ജീവനക്കാരും തോട്ടത്തിനുള്ളിലേക്ക് കടന്നതോടെയാണ് പ്രശ്‌നങ്ങളാരംഭിച്ചത്. ഉദ്യോഗസ്ഥരേയും കൂടെയുണ്ടായിരുന്ന പ്രദേശവാസികളേയും പൂട്ടിയിടാനും കൈയ്യേറ്റം ചെയ്യാനും തോട്ടമുടമ വിനോദ് ശ്രമിച്ചതായാണ് പരിസരത്തുള്ളവര്‍ പറയുന്നത്.
ഇതിനിടെ വാഹനം ജനങ്ങള്‍ക്കിടയിലേക്ക് ഇടിച്ചുകയറ്റാന്‍ വിനോദ് ശ്രമിച്ചതായും പറയുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പരിസരവാസികളും ഗ്രേഡ് എസ്‌ഐയുള്ള മൂന്ന് പോലിസുകാരുള്‍പ്പടെ 16 പേര്‍ക്ക് പരിക്കേറ്റിരുന്നു. അതേസമയം പ്രദേശവാസിയായ സ്ത്രീക്ക് പോലിസ് മര്‍ധനത്തില്‍ പരിക്കേറ്റിരുന്നു.
അതേസമയം സ്ഥലമുടമ വിനോദ്, ഭാര്യ, മകന്‍ എന്നിവര്‍ മലബാര്‍ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. സംഘര്‍ഷത്തിനിടെ പോലിസ് ജീപ്പിന്റെ ചില്ലിന് നേരെ കല്ലേറുമുണ്ടായി. എന്നാല്‍ പോലിസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും നിയമം കൈയിലെടുക്കാന്‍ ശ്രമിച്ചെന്നുമാരോപിച്ച് ഇന്നലെ പേരറിയാവുന്ന 14 പേര്‍ക്കെതിരേയും കണ്ടാലറിയാവുന്ന 70 പേര്‍ക്കെതിരേയും കേസെടുക്കുകയായിരുന്നു. പിന്നീടാണ് സ്ഥലമുടമ വിനോദിനെതിരെ കേസെടുത്തതായി പോലിസ് അറിയിക്കുന്നത്. എന്നാല്‍ സംഘര്‍ഷം ആസൂത്രിതമായിരുന്നെന്നും പക്ഷപാതിത്വപരമായാണ് പോലിസ് പ്രദേശവാസികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളതെന്നും കളളിയമ്പാറ പരിസരവാസികളുടെ ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. കള്ളിയമ്പാറ ആദിവാസി കോളനിക്ക് സമീപം ദുര്‍ഗന്ധം വമിക്കുന്ന രാസമാലിന്യവും കമ്പനി മാലിന്യം ആശുപത്രി മാലിന്യങ്ങള്‍ ഇറച്ചി മാലിന്യം സ്വകാര്യ തോട്ടത്തില്‍ നിക്ഷേപിക്കുന്നതിനെതിരേ പ്രതികരിച്ചപ്പോള്‍ യുവാക്കളെ സ്ഥലം ഉടമ വിനോദ് മര്‍ദ്ദിക്കുകയും ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായും അവര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ മാലിന്യവുമായ വന്ന ലോറികള്‍ നാട്ടുകാര്‍ തടഞ്ഞ തോടുകൂടിയാണ് എംഎല്‍എ വി ചെന്താമരാക്ഷന്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും താഹസില്‍ദാറും ആരോഗ്യ വകുപ്പ് ജീവനക്കാരും സ്ഥലത്തെത്തിയത്.
മാലിന്യവിഷയത്തില്‍ അധികൃതരുടേ ഒത്തുകളിക്കെതിരെ വന്‍ ജനകീയ സമരത്തിന് തയ്യാറെടുക്കുകയാണ് പ്രദേശവാസികള്‍.
Next Story

RELATED STORIES

Share it