Idukki local

കള്ളിമാലി ടൂറിസം വികസന പദ്ധതി കടലാസില്‍ കുടുങ്ങി; പുനര്‍ ടെന്‍ഡറിന് നടപടിയെടുത്തില്ല

ഇടുക്കി: കള്ളിമാലി ടൂറിസം വികസന പദ്ധതി രണ്ട് വര്‍ഷമായി ചുവപ്പ് നാടയില്‍ കുടുങ്ങി കിടക്കുന്നു. രണ്ട് വര്‍ഷം മുമ്പ് മന്ത്രി എ പി അനില്‍കുമാര്‍ നിര്‍മ്മാണോദ്ഘാടനം ചെയ്ത കള്ളിമാലി വ്യൂ പോയിന്റിലെ പദ്ധതിയാണ് അധികൃതരുടെ അനാസ്ഥയില്‍ കുരുങ്ങിയത്.
പൊന്മുടി ജലാശയവും പച്ചത്തുരുത്തുകളുടെ വിദൂര ദൃശ്യവും കാണാന്‍ കഴിയുന്ന കള്ളിമാലി ടൂറിസം പദ്ധതി ഹൈറേഞ്ചിന്റെ വിനോദ സഞ്ചാര സ്വപ്‌നങ്ങള്‍ക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കിയതാണ്. എന്നാല്‍ ജന പ്രതിനിധികളുടെ അനാസ്ഥയും വിനോദ സഞ്ചാരവകുപ്പുദ്യോഗസ്ഥരുടെ അവഗണനയും കൊണ്ട് ഈ പദ്ധതി നിലച്ച മട്ടാണ്. സിഡ്‌കോയിക്കായിരുന്നു പദ്ധതിയുടെ നിര്‍മാണ ചുമതല ആദ്യ ഘട്ടത്തില്‍ 50 ലക്ഷം രൂപയും രണ്ടാം ഘട്ടത്തില്‍ 68ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്കായി വകയിരുത്തിയതാണ്.
സിഡ്‌ക്കോയില്‍ നിന്ന് നിര്‍മ്മാണ ചുമതല കരാറെടുത്ത അടിമാലി സ്വദേശി പദ്ധതി ഉപേക്ഷിച്ച് പോയതാണ് പ്രതി സന്ധിക്ക് കാരമായത്.പുനര്‍ ടെന്റര്‍ നടപടികള്‍ അധികൃതര്‍ വൈകിയതോടെ പദ്ധതി പ്രാവര്‍ത്തികമാക്കുവാനുള്ള സാധ്യതകളും മങ്ങി. 52 മീറ്റര്‍ നീളമുള്ള രണ്ട് നടപ്പാതകളും സംരക്ഷണ വേലിയും രണ്ട് വ്യൂപോയിന്റ് സെക്യൂരിറ്റി ക്യാബിനുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിനാണ് 50 ലക്ഷം രൂപ വകയിരുത്തിയത്. രണ്ടാം ഘട്ടത്തില്‍ ആധുനിക സൗകര്യങ്ങളുള്ള ടോയ്‌ലറ്റുകളും റെസ്റ്റോറന്റുമാണ് പദ്ധതി ഇട്ടത്. ഇത്തരത്തില്‍ കള്ളിമാലി പദ്ധതിക്കൊപ്പം പ്രഖ്യാപിച്ച ശ്രീനാരായണ പുരം ടൂറിസം പദ്ധതി നിലവില്‍ നിര്‍മ്മാണം പൂര്‍ത്തിയായി ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്. 21ന് മന്ത്രി എ പി അനില്‍കുമാര്‍ ആണ് ഇത് ഉദ്ഘാടനം ചെയ്യുന്നത്.
വാര്‍ഷികാഘോഷം
അടിമാലി: ത്രീസ്റ്റാര്‍ ഓട്ടോ ചാരിറ്റബിള്‍ സൊസൈറ്റി വാര്‍ഷികവും സാന്ത്വന സഹായ വിതരണവും അടിമാലിയില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ മുരുകേശന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
സൊസൈറ്റി പ്രസിഡന്റ് സാന്റോ പൂണേലില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഇന്‍ഫന്റ് തോമസ്, പഞ്ചായത്ത് പ്രസിഡന്റ് സ്മിത മുനിസ്വാമി, അടിമാലി പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജി മാര്‍ക്കോസ്, പ്രതീഷ് പ്രഭ, വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി എസ് മുജീബ്, പി കെ കരിം, കെ എം നിഷാദ്, പി എ ജോര്‍ജ് സംസാരിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ രണ്ടുലക്ഷത്തിലേറെ രൂപ സഹായമായി നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it