kannur local

കള്ളവോട്ടിനെക്കാള്‍ ചര്‍ച്ച കോണ്‍ഗ്രസ്സിലെ വോട്ടുചോര്‍ച്ച

കണ്ണൂര്‍: നിയമസഭ തിരഞ്ഞെടുപ്പിന്റെ പിറ്റേന്നു തന്നെ പിണറായി വിജയന്‍ മല്‍സരിച്ച ധര്‍മടത്തെ കള്ളവോട്ട് വീഡിയോ ദൃശ്യങ്ങളിലൂടെ പുറത്തെത്തിച്ച ഡിസിസി നേതൃത്വത്തിന്റെ ചര്‍ച്ച ഇനി വോട്ടുചോര്‍ച്ചയെ കുറിച്ച്. മുന്‍ തിരഞ്ഞെടുപ്പുകളില്‍ നിന്നു വ്യത്യസ്തമായി കള്ളവോട്ട് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ശേഷം ഉയര്‍ന്നുനില്‍ക്കുമെന്ന് കരുതിയെങ്കിലും ജില്ലയിലെ യുഡിഎഫ് മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് നേടിയ കനത്ത ഭൂരിപക്ഷം എല്ലാറ്റിനെയും നിഷ്പ്രഭമാക്കുന്നതായിരുന്നു.
കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ എരുവേശ്ശിയിലും മറ്റും കള്ളവോട്ട് ചെയ്തതിനു ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തതോടെ, കള്ളവോട്ട് നിയന്ത്രിക്കപ്പെടുമെന്നു കരുതിയിരുന്നു. മാത്രമല്ല, ചരിത്രത്തിലില്ലാത്ത വിധം 29 കമ്പനി കേന്ദ്രസേനയെ അടക്കം നിയോഗിച്ചതോടെ കള്ളവോട്ട് ആരോപണവും കുറഞ്ഞു. ഇതിനെയെല്ലാം ഞെട്ടിച്ചുകൊണ്ടാണ്, തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശ പ്രകാരം ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ വെബ് കാസ്റ്റിങില്‍ ധര്‍മടത്തെ വിവിധ ബൂത്തുകളില്‍ നടന്ന കള്ളവോട്ടിന്റെ വീഡിയോ ദൃശ്യങ്ങളുള്‍പ്പെടെ യുഡിഎഫ് സംവിധാനം വഴി പുറത്തെത്തിച്ചത്.
കള്ളവോട്ടിനെതിരായ പോരാട്ടത്തില്‍ ഇത് നിര്‍ണായകമാവുമെന്ന് കരുതിയെങ്കിലും രണ്ടുദിവസത്തെ ആയുസ്സ് മാത്രമാണുണ്ടായത്. കാരണം, സിപിഎം കേന്ദ്രങ്ങളായ പയ്യന്നൂര്‍, തളിപ്പറമ്പ്, തലശ്ശേരി, ധര്‍മടം എന്നിവിടങ്ങളിലെല്ലാം യുഡിഎഫ് വോട്ടുകളില്‍ കുറവുണ്ടായി. ഇതോടെ ചര്‍ച്ചയെല്ലാം വോട്ടുചോര്‍ച്ചയിലേക്കായി. ഇതിനു പുറമെയാണ് കണ്ണൂര്‍ മണ്ഡലത്തിലെ അപ്രതീക്ഷിതതോല്‍വിയും. വിവിധ മണ്ഡലങ്ങളില്‍ യുഡിഎഫിനുണ്ടായ പരാജയകാരണങ്ങള്‍ തേടുമ്പോള്‍ പാളയത്തിലെ പട തന്നെയാണ് വില്ലന്‍ സ്ഥാനത്തുള്ളത്. ചില ഡിസിസി ഭാരവാഹികള്‍ വരെ പ്രതിക്കൂട്ടിലാണ്. പല ബൂത്ത് കമ്മിറ്റികളും നിര്‍ജീവമായെന്നും നേതൃത്വം നോക്കിനിന്നെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സിറ്റിങ് സീറ്റായ കണ്ണൂര്‍ മണ്ഡലത്തില്‍ സതീശന്‍ പാച്ചേനി വിജയപ്രതീക്ഷയിലായിരുന്നെങ്കിലും യുഡിഎഫിന് ലഭിച്ചത് അപ്രതീക്ഷിത തിരിച്ചടിയാണ്. മണ്ഡലത്തിലെ സ്വന്തം വോട്ടുകള്‍ പോലും സംരക്ഷിക്കാന്‍ കഴിയാത്തത് കോണ്‍ഗ്രസിന് തലവേദനയായി.
പ്രചാരണരംഗത്തെ വീഴ്ചകളടക്കമുള്ള സ്പന്ദനമറിയാന്‍ യുഡി എഫ് നേതൃത്വത്തിന് കഴിഞ്ഞില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ മികച്ച വിജയം കരസ്ഥമാക്കാന്‍ യുഡിഎഫിന് സഹായകമായ നിരവധി ഘടകങ്ങളുണ്ടായിരുന്നു. എന്നിട്ടും ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ കണ്ണൂര്‍ ഇടതിനൊപ്പം നിന്നു. വോട്ട് ചോര്‍ന്നത് കോണ്‍ഗ്രസില്‍ നിന്നാണോ അതോ ഘടകക്ഷികളില്‍ നിന്നാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
ബൂത്തുതല കണക്കും മറ്റു വിശദമായി പരിശോധിച്ചാലേ ഇക്കാര്യം വ്യക്തമാവൂ. തങ്ങളുടെ കേന്ദ്രങ്ങളില്‍ വോട്ട് ചോര്‍ന്നില്ലെന്നു പറഞ്ഞ് രംഗത്തെത്തിയ ലീഗാവട്ടെ ബിജെപിക്ക് കോണ്‍ഗ്രസ് വോട്ട് പോയെന്നും ആരോപിച്ചു. ഇതുപോലെ തന്നെയാണ് കല്ല്യാശ്ശേരിയിലെയും അവസ്ഥ. പേരിനൊരു പോര് പോലും നടത്താതെ കീഴടങ്ങി.
തളിപ്പറമ്പിലാവട്ടെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തുടങ്ങിയ അതൃപ്തി ജെയിംസ് മാത്യുവിന് ലീഗ് വര്‍ധിപ്പിച്ചു. കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് കൂത്തുപറമ്പില്‍ മന്ത്രി കെ പി മോഹനന്‍ തോറ്റതും ചര്‍ച്ചയാവും. ഇരിക്കൂറില്‍ മന്ത്രി കെ സി ജോസഫ് ജയിച്ചെങ്കിലും ഭൂരിപക്ഷം കുറഞ്ഞതും അന്വേഷണ വിധേയമാക്കും.
Next Story

RELATED STORIES

Share it