World

കള്ളപ്പണം വെളുപ്പിക്കല്‍; മുഹാജിര്‍ പാര്‍ട്ടിക്ക് ലണ്ടനില്‍ 70ലധികം ബാങ്ക് അക്കൗണ്ടുകള്‍

ലണ്ടന്‍: പാകിസ്താനിലെ പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടിയായ മുഹാജിര്‍ ഖൗമി മൂവ്‌മെന്റ് (എംക്യുഎം)ന് ലണ്ടനില്‍ എഴുപതിലധികം ബാങ്ക് അക്കൗണ്ടുകളുള്ളതായി പോലിസ് കണ്ടെത്തി. ഇതില്‍ 26 ബാങ്ക് അക്കൗണ്ടുകള്‍ എംക്യുഎം നേതാവ് അല്‍ത്താഫ് ഹുസൈന്റെ പേരിലാണുള്ളത്. എന്നാല്‍, പോലിസിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് എംക്യുഎം ഭാരവാഹികള്‍ പ്രതികരിച്ചു.
എംക്യുഎമ്മിനെ കുറിച്ച് വര്‍ഷങ്ങളായി ബ്രിട്ടിഷ് പോലിസ് അന്വേഷിച്ചുവരുകയാണ്. എംക്യുഎം തുടങ്ങിയതും അവസാനിപ്പിച്ചതുമായ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ പാകിസ്താനിലെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിക്കു കൈമാറിയതായി സ്‌കോട്‌ലന്‍ഡ് യാഡ് അധികൃതര്‍ അറിയിച്ചു.
ഇന്ത്യയില്‍നിന്നു പാകിസ്താനിലേക്കു കുടിയേറിയ ഉര്‍ദു സംസാരിക്കുന്നവരുടെ സംഘടനയായി 1984ലാണ് അല്‍ത്താഫ് ഹുസൈന്‍ മുഹാജിര്‍ ഖൗമി മൂവ്‌മെന്റിനു രൂപം നല്‍കിയത്. കഴിഞ്ഞ 20 വര്‍ഷമായി ലണ്ടനിലാണ് ഇദ്ദേഹം താമസിക്കുന്നത്. പാകിസ്താന്‍ ദേശീയ അസംബ്ലിയില്‍ എംക്യുഎമ്മിന് 24 അംഗങ്ങളുണ്ട്. കൊലപാതകം ഉള്‍െപ്പടെയുള്ള കേസുകള്‍ എംക്യുഎം നേതാക്കള്‍ക്കെതിരേ ചുമത്തപ്പെട്ടിരുന്നു.
ലണ്ടനിലെ എംക്യുഎം നേതാവായ ഇംറാന്‍ ഫാറുഖ് 2010ല്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പോലിസ് നടത്തിയ അന്വേഷണത്തില്‍ ലണ്ടനിലെ എംക്യുഎം ഓഫിസില്‍ നിന്ന് 167525 പൗണ്ടും അല്‍ത്താഫ് ഹുസൈന്റെ വീട്ടില്‍ നിന്ന് 289785 പൗണ്ടും കണ്ടെടുത്തിരുന്നു. അല്‍ത്താഫ് ഹുസൈന്റെ വീട്ടില്‍ നേരത്തേ നടത്തിയ അന്വേഷണത്തില്‍ മോര്‍ട്ടാര്‍, ഗ്രനേഡ് തുടങ്ങിയ ആയുധങ്ങളും ബോംബ് നിര്‍മാണ സാമഗ്രികളും കണ്ടെത്തിയിരുന്നു.
Next Story

RELATED STORIES

Share it