Idukki local

കള്ളനോട്ട്: പിടിയിലായ ബംഗാളിയെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു

തൊടുപുഴ: ടൗണില്‍ കള്ളനോട്ടുമായി പിടിയിലായ ബംഗാളി യുവാവിന് അന്തര്‍സംസ്ഥാന ബന്ധമെന്ന് പോലിസ്. പശ്ചിമ ബംഗാള്‍  മുര്‍ഷിദാബാദ് സ്വദേശി മിത്തുവി(21)നെയാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കി. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട്. അതിനു കസ്റ്റഡിയില്‍ വാങ്ങുന്നതിനു കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് പോലിസ് ഇന്‍സ്‌പെക്ടര്‍ ജില്‍സണ്‍ മാത്യു പറഞ്ഞു.ആയിരം രൂപയുടെ 69 കള്ളനോട്ടുകളാണ് ഇയാളില്‍ നിന്നും ആദ്യം കണ്ടെടുത്തത്.പിന്നീട് 500 രൂപയുടെ 65 എണ്ണം,നൂറു രൂപയുടെ 17 ,50രൂപയുടെ ഒരെണ്ണം,20രൂപയുടെ 17 എണ്ണം,10 രൂപയുടെ 100എണ്ണം എന്നിങ്ങനെയും കള്ളനോട്ടുകള്‍ കണ്ടെത്തി.ആകെ 1,02,620 രൂപയുടെ കള്ളനോട്ടുകളാണ് പോലിസിനു ലഭിച്ചിട്ടുള്ളത്. ഇയാള്‍ കള്ളനോട്ടു നല്‍കി മാറിയെടുത്ത 33600 രൂപയും പോലിസ് പിടിച്ചെടുത്തു.തൊടുപുഴയിലും,ചീനിക്കുഴിയിലും ഇയാള്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി കെട്ടിടനിര്‍മാണമുള്‍പ്പടെയുള്ള തൊഴിലുകളില്‍ ഏര്‍പ്പെട്ടു വരികയായിരുന്നു. തുടര്‍ന്നു നാട്ടില്‍ പോയി.പിന്നീട് 15 ദിവസം മുമ്പാണ് വന്നത്.ഇതിനു ശേഷം മുര്‍ഷിദാബാദ് സ്വദേശി ഇല്ല്യാസിനൊപ്പം മൂവാറ്റുപുഴയിലായിരുന്നു താമസം.ഇല്ല്യാസാണ് നോട്ടുകള്‍ നല്‍കിയതെന്നാണ് ഇയാള്‍ പോലിസിനു നല്‍കിയ മൊഴി.എന്നാല്‍ ഇയാള്‍ ചോദ്യം ചെയ്യലിനോട് തീരെ സഹകരിക്കാത്തത് തുടരന്വേഷണത്തിനു തടസ്സമാവുകയാണ്.കൊച്ചി എന്‍ഐഎ ഇന്‍സ്‌പെക്ടര്‍ സജിമോനും ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും പ്രതിയെ ഇന്നലെ ചോദ്യം ചെയ്്തു.തൊടുപുഴയിലും മുവാറ്റുപുഴയിലും ഇയാളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നവര്‍ പോലിസ് നീരീക്ഷണത്തിലാണ്.വിവിധ സ്ഥലങ്ങളില്‍ വന്‍ തോതില്‍ കള്ളനോട്ടുകള്‍ മാറിയിട്ടുള്ളതായി പോലിസ് കരുതുന്നു.ഇതൊരു വലിയ ശൃംഖലയാണെന്നാണു ഇതു സംബന്ധിച്ചു പോലിസിനു ലഭിക്കുന്ന വിവരം.ഇതിനെക്കുറിച്ചറിയാന്‍ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട്.സമീപകാലത്തു കരുനാഗപ്പള്ളി, എറണാകുളം എന്നിവിടങ്ങളില്‍ നിന്നും പിടികൂടിയ അതേ പ്രിന്റിലുള്ള കള്ള നോട്ടുകളാണ് തൊടുപുഴയില്‍ നിന്നും പിടികൂടിയത്. പിടിയിലായ ബംഗാളിയുടെ മൊഴിയനുസരിച്ച് ലക്ഷക്കണക്കിനു കള്ളനോട്ടുകള്‍ കേരളത്തില്‍ എത്തിച്ചിട്ടുണ്ട്.ഇയാളുടെ കൂട്ടുപ്രതിക്കായുള്ള അന്വേഷണം തുടരുകയാണ്. ഒപ്പം ഇയാള്‍ നല്‍കിയ മേല്‍വിലാസത്തിന്റെ ആധികാരികത സംബന്ധിച്ചും അന്വേഷിച്ചുവരുന്നു. തൊടുപുഴ ഡിവൈഎസ്പി ജോണ്‍സണ്‍ ജോസഫിന്റെ നിര്‍ദേശ പ്രകാരം ഇന്‍സ്‌പെക്ടര്‍ ജില്‍സണ്‍ മാത്യൂ, പ്രിന്‍സിപ്പല്‍ എസ് ഐ വിനോദ്കുമാര്‍,  ടി ആര്‍ രാജന്‍, എം ജെ മാത്യൂ, സാജന്‍, എഎസ്‌ഐ അശോകന്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ ഉണ്ണികൃഷ്ണന്‍, അരുണ്‍കുമാര്‍, ഗോവിന്ദന്‍, മജീഷ്, സുനില്‍ സിപിഒ ഷാനവാസ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
Next Story

RELATED STORIES

Share it