palakkad local

കള്ളക്കടത്ത് വാഹനം ഇടിച്ച് പാല്‍വില്‍പനക്കാരന് ഗുരുതരപരിക്ക്

വണ്ടിത്താവളം: അമിതവേഗതയില്‍ പാഞ്ഞെത്തിയ കള്ളക്കടത്തു വാഹനം ഇടിച്ച് മോപ്പഡില്‍ പാല്‍വില്‍പന നടത്തുന്നയാള്‍ക്കു ഗുരുതരമായി പരിക്കേറ്റു. ഇതേ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ മീനാക്ഷിപുരം- തത്തമംഗലം പാതയില്‍ കുത്തിയിരുന്ന് റോഡ് ഉപരോധം നടത്തിയതോടെ രണ്ടുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. മുല്ലയ്ക്കല്‍ച്ചള്ളയിലെ പാല്‍വില്പനക്കാരന്‍ ബാലസുബ്രഹ്മണ്യനാണ് (45) പരിക്കേറ്റത്.
ഇന്നലെ രാവിലെ 8.30ന് കന്നിമാരി പേട്ടമൊക്കിലായിരുന്നു അപകടം. പരിക്കേറ്റ ബാലകൃഷ്ണനെ വിളയോടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറ്റിക്കല്‍ചള്ള പോക്കറ്റ് റോഡില്‍നിന്നും ഇറച്ചിക്കോഴിയുമായി വന്ന ബൈക്കാണ് മൊപ്പഡില്‍ ഇടിച്ചത്.
സംഭവത്തില്‍ ബൈക്കുയാത്രക്കാരനെതിരെ മീനാക്ഷിപുരം പോലീസ് കേസെടുത്തു. പുതുനഗരം സ്വദേശി ഖാലിദിന്റെ മകന്‍ ജാഫറിനെതിരെയാണ് കേസെടുത്തത്. ജാഫറലി ബൈക്കില്‍ അനധികൃതമായി ഇറച്ചിക്കോഴി കൊണ്ടുവന്നതിന് വാണിജ്യവകുപ്പ് ജീവനക്കാര്‍ 6800രൂപ പിഴയടപ്പിച്ചു. സംസ്ഥാന പ്രധാനപാതയില്‍ സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് സ്ഥിരം അപകടഭീഷണിയായ ഇറച്ചിക്കടത്തു വാഹനങ്ങള്‍ പിടികൂടുന്നതിനു നടപടിവേണമെന്ന് ആവശ്യപ്പെട്ടായിരുന്നു കുത്തിയിരിപ്പു സമരം. ഇതിനിടെ അതുവഴി എത്തിയ വാണിജ്യവകുപ്പ് അധികൃതര്‍ കള്ളക്കടത്തു വാഹനം അപകടത്തില്‍പ്പെട്ടത് അറിഞ്ഞ് നടപടിയെടുക്കാതെ പോയതും പ്രതിഷേധത്തിന് ഇടയാക്കി.
പത്തരയോടെ കസബ സിഐ ഷാജി, ആര്‍ഡിഒ ശെല്‍വരാജ്, ചിറ്റൂര്‍ തഹസീല്‍ദാര്‍ ആര്‍.പി.സുരേഷ് എന്നിവര്‍ സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ചനടത്തി.
ജില്ലാ കളക്ടര്‍ അവധി കഴിഞ്ഞ് തിരിച്ചെത്തിയശേഷം വാണിജ്യവകുപ്പ് അധികൃതരുമായി ചര്‍ച്ചനടത്തി ജനുവരി അഞ്ചിനകം ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആര്‍ഡിഒ ശെല്‍വരാജിന്റെ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ 11-ഓടെ ഉപരോധസമരം നിര്‍ത്തിവയ്ക്കുകയായിരുന്നു.
Next Story

RELATED STORIES

Share it