kannur local

കളിചിരിയും നിറകണ്ണുമായി അക്ഷരമുറ്റമുണര്‍ന്നു

കണ്ണൂര്‍: അമ്മയുടെ കൈപിടിച്ചെത്തിയ കുരുന്നുകള്‍, മുമ്പ് കണ്ടിട്ടില്ലാത്ത കൂട്ടുകാരനെ കിട്ടിയപ്പോള്‍ ആദ്യം ഒന്നമ്പരന്നു. പിന്നെ മെല്ലെ അടുത്തൂകൂടി. കളിച്ചും ചിരിച്ചും സമയം പോവുന്നതിനിടെ അമ്മയെ തേടി കരച്ചില്‍. വിളിപ്പാടകലെ അമ്മയുണ്ടെന്നറിഞ്ഞിട്ടും വാവിട്ടു കരഞ്ഞു. മിഠായിയും ബലൂണുകളും പാട്ടും ആട്ടവുമൊന്നും പിന്നെ ഏശിയില്ല. ഒടുവില്‍ അമ്മയുടെ മടിത്തട്ട് ആദ്യത്തെ ക്ലാസ് മുറിയായി. സ്‌കൂള്‍ പ്രവേശനോല്‍സവത്തില്‍ നിറഞ്ഞു നിന്നത് കൗതുകവും അമ്പരപ്പും. വര്‍ണാഭമായ പ്രവേശനോല്‍സവത്തോടെയാണ് കുരുന്നുകള്‍ അക്ഷരമുറ്റത്തേക്ക് സ്വാഗതമോതിയത്.
ചിലയിടങ്ങളില്‍ വാദ്യമേളങ്ങളും ബഹുവര്‍ണ റാലികളും സംഘടിപ്പിച്ചും മധുരപലഹാരങ്ങള്‍ നല്‍കിയുമാണ് കുരുന്നുകളെ വരവേറ്റത്. ചില സ്‌കൂളുകളില്‍ അധ്യാപകര്‍ വിഭവ സമൃദ്ധമായ സദ്യയും ഒരുക്കി. നൂറില്‍പരം കുട്ടികളാണ് നവാഗതരായി ഇന്ന് പട്ടം സ്‌കൂളില്‍ മാതാപിതാക്കളോടൊപ്പം എത്തിയത്. വിദ്യാലയങ്ങളില്‍ പ്രവേശനോല്‍സവം വര്‍ണാഭവും ഹരിതാഭവുമാക്കാന്‍ പിടിഎയും അധ്യാപകരും മല്‍സരത്തിലായിരുന്നു. തോരണങ്ങള്‍, ബലൂണുകള്‍, വര്‍ണക്കടലാസുകള്‍ എന്നിവ കൊണ്ട് വിദ്യാലയങ്ങള്‍ അണിഞ്ഞൊരുങ്ങിയിരുന്നു.
പ്രവേശനോല്‍സവത്തിന്റെ ജില്ലാതല ഉദ്ഘാടനം തലശ്ശേരി വലിയ മാടാവില്‍ ഗവ. സീനിയര്‍ ബേസിക് സ്‌കൂളില്‍ നിയുക്ത എംഎല്‍എ എ എന്‍ ഷംസീര്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ സി കെ രമേശന്‍ അക്ഷരദീപം തെളിയിച്ചു. തുടര്‍ന്ന് അക്കാദമിക് കലണ്ടര്‍ പ്രകാശനവും പ്രവേശനോല്‍സവ ഗാനാലാപനവും നടന്നു. കൗണ്‍സിലര്‍ എ വി ശൈലജ, എഇഒ പി പി സനകന്‍, ബ്ലോക്ക് പ്രോഗ്രാം ഓഫിസര്‍ പി ഒ ശ്രീരഞ്ജ, എ വി ഹരിദാസ്, പ്രധാനാധ്യാപകന്‍ ഇ സുരേന്ദ്രന്‍, കെ സി ജയപ്രകാശ് സംസാരിച്ചു. കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലാതല സ്‌കൂള്‍ പ്രവേശനോല്‍സവം അരോളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിയുക്ത എംഎല്‍എ കെ എം ഷാജി ഉദ്ഘാടനം ചെയ്തു. പാപ്പിനിശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ നാരായണന്‍ അധ്യക്ഷത വഹിച്ചു. പ്രവേശനോല്‍സവ ഭാഗമായി വിദ്യാലയങ്ങളില്‍ സുരക്ഷാ സന്ദേശങ്ങളും മാതൃകാ സ്‌കൂള്‍ പദ്ധതി അവതരണവും നടന്നു.
ഇരിട്ടി: പ്രവേശനോല്‍സവത്തിന്റെ ഇരിട്ടി സബ്ജില്ലാ തല ഉദ്ഘാടനം എടൂര്‍ സെന്റ്‌മേരീസ് എല്‍പി സ്‌കൂളില്‍ നടന്നു. ആറളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പിലിന്റെ അധ്യക്ഷതയില്‍ അഡ്വ. സണ്ണിജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ.ആന്റണിമുതുകുന്നേല്‍, അസിസ്റ്റന്റ് വികാരി സോജന്‍ ഇളം പുരയിടം, പഞ്ചായത്തംഗം ലില്ലിമുരിങ്കരി, സോജന്‍ കൊച്ചുമല, ബീനമുളയോലില്‍, ജയസന്തോഷ് സംസാരിച്ചു.എടക്കാനം എല്‍ പി സ്‌കൂളില്‍ വാര്‍ഡംഗം പി ലത ഉദ്ഘാടനം ചെയ്തു. വി പ്രശാന്ത് അധ്യക്ഷതവഹിച്ചു. നഗരസഭാ അംഗം സത്യന്‍ കൊമ്മേരി മുഖ്യപ്രഭാഷണം നടത്തി. ഒന്നാം ക്ലാസുകാര്‍ക്ക് പഠനകിറ്റും മധുരപലഹാരവും വിതരണം ചെയ്തു. പ്രധാനധ്യാപിക യു എം ആനീസ്, സ്‌കൂള്‍ മാനേജര്‍ കെ ഗോവിന്ദന്‍, സന്തോഷ് കോയിറ്റി കെ പി രഞ്ചിത്ത്, പി നിധീഷ് സംസാരിച്ചു.
ഇരിട്ടി നഗരസഭാതല പ്രവേശനോല്‍സവം പുന്നാട് യു പി സ്‌കൂളില്‍ നഗരസഭാ ചെയര്‍മാന്‍ പി പി അശോകന്‍ ഉദ്ഘാടനം ചെയ്തു. കെ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. നവാഗതരെ വാര്‍ഡ് അംഗം പി എം രവീന്ദ്രന്‍ സ്വീകരിച്ചു. നഗരസഭാ അംഗങ്ങളായ പി കെ ഷെരീഫ, പി വി ദീപ, കെ സുരേഷ് മദര്‍ പിടിഎ പ്രസിഡന്റ് ഷൈമ, കെ ലിജിന, അശോകന്‍, രാമകൃഷ്ണന്‍ സംസാരിച്ചു. കീഴൂര്‍ സ്‌കൂളില്‍ നടന്ന നവാഗതരെ സ്വീകരിക്കല്‍ ചടങ്ങ് നഗരസഭാ അംഗം പി രഘു ഉദ്ഘാടനം ചെയ്തു. റിട്ട. പ്രധാനധ്യാപകന്‍ കെ ഇ നാരായണന്‍ കിറ്റ് വിതരണം ചെയ്തു. എം വിജയന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. പി കെ സറീന, പി കെ ഫാറൂഖ്, എം ശ്രീനിവാസന്‍, കെ വി മീര, പ്രധാനധ്യപകന്‍ ഇ ലക്ഷ്മണന്‍ സംസാരിച്ചു.
കുത്തുംകടവ് സെന്റ് ജോണ്‍സ് ബാപ്റ്റിറ്റിക്ക് സ്‌കൂളില്‍ നവാഗതരെ മാവിന്‍ത്തൈ നല്‍കി സ്വീകരിച്ചു. ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. സിസ്റ്റര്‍ മേഴ്‌സി ജോണ്‍, പ്രിന്‍സിപ്പല്‍ മേഴ്‌സി ജേക്കബ്, സിസ്റ്റര്‍റെജി , രാമകൃഷ്ണന്‍ സംസാരിച്ചു.
കാവുംപടി ഗവ. എല്‍ പിസ്‌കൂളില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്തംഗം പ്രശാന്തന്‍ മുരിക്കോളി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ വി അലി അധ്യക്ഷത വഹിച്ചു. നവാഗതര്‍ക്ക് കിറ്റ് വിതരണവും മധുരപലഹാരവിതരണവും നടത്തി. കെ സി ഗിരിജ, ഗഫൂര്‍ മാസ്റ്റര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it