കളര്‍ വോട്ടുപെട്ടി മുതല്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം വരെ

കെ എം അക്ബര്‍

ചാവക്കാട്: പഴയകാല മലയാള സിനിമ ''സ്ഥാനാര്‍ഥി സാറാമ്മ'യിലെ ഹിറ്റ് ഹാസ്യഗാനങ്ങളിലൊന്നാണ് 'നമ്മുടെ പെട്ടി കുരുവിപ്പെട്ടി' എന്ന അടൂര്‍ഭാസി ഗാനം. ആധുനിക വോട്ടിങ് യന്ത്രങ്ങളുടെ കാലത്ത് പഴയകാല വോട്ടിനെപ്പറ്റി ചിന്തിക്കുമ്പോ ള്‍ പലര്‍ക്കും ഇപ്പോഴും ചിരിവന്നേക്കാം. വോട്ടിടാനും വോട്ടെണ്ണാനും ഫലംപ്രഖ്യാപിക്കാനും അന്ന് വേണ്ടിവന്ന കഷ്ടപ്പാടുകളോര്‍ത്ത് അത് അനുഭവിച്ചവര്‍ കണ്ണീരും പൊഴിച്ചേക്കാം.
വോട്ടുപെട്ടികളുടെ ചരിത്രം തുടങ്ങുന്നത് കളര്‍ വോട്ടുപെട്ടികളില്‍നിന്നാണ്. പണ്ട് വോട്ടിടാന്‍ ഉപയോഗിച്ചിരുന്നത് കളര്‍ പെട്ടികളായിരുന്നു. എല്ലാ പോളിങ്ബൂത്തിലും സ്ഥാനാര്‍ഥികളുടെ എണ്ണത്തിനനുസരിച്ച് പെട്ടികള്‍ വച്ചിരിക്കും. പോളിങ് ഉദ്യോഗസ്ഥര്‍ തരുന്ന ബാലറ്റ് പേപ്പര്‍ തനിക്ക് ഇഷ്ടമുള്ള പെട്ടിയില്‍ സമ്മതിദായകന് നിക്ഷേപിക്കാം. എട്ടും പത്തും സ്ഥാനാര്‍ഥികളുള്ള മണ്ഡലത്തില്‍ പുറമെ നിന്ന് നോക്കിയാല്‍പ്പോലും ഏതു സ്ഥാനാര്‍ഥിക്കാണ് വോട്ട് ചെയ്തതെന്ന് കൃത്യമായി ഊഹിക്കാമെന്നതായിരുന്നു ഇതിന്റെ പോരായ്മ. ഇതിനെ തുടര്‍ന്ന് 1952ല്‍ ഇതിലൊരു പരിഷ്‌കാരം വരുത്തി. അങ്ങനെയാണ് കുരുവിപ്പെട്ടിയും കാളപ്പെട്ടിയും കടുവാപ്പെട്ടിയും ആനപ്പെട്ടിയുമൊക്കെയുണ്ടായത്. നിറത്തിനു പകരം സ്ഥാനാര്‍ഥിയുടെ ചിഹ്നം ബാലറ്റ് പെട്ടിയില്‍ പതിപ്പിക്കാന്‍ തുടങ്ങി.
അക്കാലത്തിറങ്ങിയ സിനിമാപ്പാട്ടുകളിലൊന്നാണ് നമ്മുടെ പെട്ടി കുരുവിപ്പെട്ടി എന്നത്. കാളപ്പെട്ടിയും കടുവാപ്പെട്ടിയും ആനപ്പെട്ടിയുമൊക്കെ രംഗത്തെത്തിയപ്പോഴും ന്യൂനതകള്‍ തുടര്‍ന്നു. മുമ്പത്തെപ്പോലെ വോട്ട് ആര്‍ക്കെന്ന് ഊഹിക്കാന്‍ കഴിയുമെന്നതു തന്നെയായിരുന്നു ഒരു ന്യൂനത. ഇക്കാലത്ത് തിരഞ്ഞെടുപ്പ് അതിക്രമങ്ങള്‍ കൂടിയ കാലമായിരുന്നു. മസില്‍പവറുള്ള സ്ഥാനാര്‍ഥികളുടെ അനുചരന്മാര്‍ എതിര്‍സ്ഥാനാര്‍ഥിയുടെ പെട്ടിയും പൊക്കിക്കൊണ്ട് തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളില്‍നിന്ന് ഓടാന്‍ തുടങ്ങിയതാണ് മറ്റൊരു ന്യൂനത. ഇതോടെയാണ് എല്ലാ സ്ഥാനാര്‍ഥികള്‍ക്കും കൂടി ഒറ്റ പെട്ടിെയന്ന ആശയം രൂപംകൊണ്ടത്. അങ്ങനെയാണ് മാര്‍ക്കിങ് സിസ്റ്റം രൂപംകൊണ്ടത്. 1958ലെ ദേവികുളം ഉപതിരഞ്ഞെടുപ്പിലാണ് ഈ രീതി ആദ്യം പരീക്ഷിച്ചത്. വോട്ടര്‍ക്ക് തനിക്ക് ഇഷ്ടമുള്ള സ്ഥാനാര്‍ഥിയുടെ പേരിലോ ചിഹ്നത്തിലോ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ നല്‍കുന്ന മുദ്ര വച്ച് പെട്ടിയില്‍ നിക്ഷേപിക്കാം. എന്നാല്‍, വോട്ടിങിന് കാലതാമസമെടുക്കും എന്നതും വോട്ടെണ്ണല്‍ ശ്രമകരമായതും ഈ രീതി പരിഷ്‌കരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ആക്കംകൂട്ടി. അങ്ങനെയാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ വരവ്. ഇന്ത്യയിലാദ്യമായി ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താനുള്ള ഭാഗ്യം കേരളത്തിനായിരുന്നു.
Next Story

RELATED STORIES

Share it