ernakulam local

കളമശ്ശേരിയില്‍ കാര്‍ബണ്‍ മാലിന്യങ്ങള്‍ തള്ളിയ നിലയില്‍

കളമശ്ശേരി: പ്ലാസ്റ്റിക് മാലിന്യനീക്കം നിലച്ച് പൊതുനിരത്തുകളില്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നതിനു പിന്നാലെ സമീപപ്രദേശങ്ങളില്‍നിന്നും കാര്‍ബണ്‍ മാലിന്യങ്ങള്‍ തള്ളുന്നത് വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും ദുരിതമാവുന്നു.
എച്ച്എംടി സ്‌കൂളിനു സമീപവും എച്ച്എംടി എസ്റ്റേറ്റിലെ മെട്രോ യാര്‍ഡിനു സമീപവുമാണ് കാര്‍ബണ്‍ മാലിന്യങ്ങള്‍ തള്ളിയ നിലയില്‍ കാണപ്പെട്ടത്. രാത്രികാലങ്ങളില്‍ വാഹനങ്ങളില്‍ എത്തിക്കുന്ന മാലിന്യങ്ങ ള്‍ തെരുവുവിളക്കുകള്‍ ഇല്ലാത്ത റോഡുകളില്‍ തള്ളുകയാണ് പതിവ്. എച്ച്എംടി സ്‌കൂളിനു സമീപം തള്ളിയ കാര്‍ബണ്‍ മാലിന്യങ്ങള്‍ തീയിട്ടതിനുശേഷമാണ് സാമൂഹികവിരുദ്ധര്‍ കടന്നുകളയുന്നത്.
മാലിന്യങ്ങള്‍ തള്ളുന്നവരെ പിടികൂടാന്‍ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ രംഗത്തിറങ്ങുന്നില്ലെന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ ആക്ഷേപം നിലനില്‍ക്കുന്നതിനിടയിലാണ് പുറമെനിന്നും ആളുകള്‍ മാലിന്യങ്ങള്‍ കൊണ്ടുവന്ന് നഗരസഭയുടെ വിവിധ പ്രദേശങ്ങളില്‍ തള്ളുന്നത്.
അതേസമയം കഴിഞ്ഞ ഫെബ്രുവരി 4 മുതല്‍ നഗരസഭയിലെ 42 വാര്‍ഡുകളില്‍നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതു നിര്‍ത്തിയതോടെ നഗരസഭ പ്രദേശത്ത് റോഡുകളില്‍ മാലിന്യംകൊണ്ട് നിറഞ്ഞിരിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തെരുവിലേക്ക് എറിയുന്നവരെ കണ്ടെത്താനോ പിടികൂടാനോ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ ഇതുവരെ നടപടികളൊന്നും സ്വീകരിക്കുന്നില്ല. ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്ന് കൗണ്‍സില്‍ യോഗങ്ങളില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ പറയുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ അത് മുഖവിലയ്‌ക്കെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
Next Story

RELATED STORIES

Share it