palakkad local

കല്‍പ്പാത്തി സംഗീതോല്‍സവം; നീലാംബരിയും കല്ല്യാണവസന്തവും പകര്‍ന്ന്  ടി എം കൃഷ്ണയുടെ കച്ചേരി

പാലക്കാട്: പുരന്ദരദാസ് സ്മൃതികള്‍ക്ക് പ്രണാമവും മുത്തുസ്വാമി ദീക്ഷീതര്‍ക്ക് സ്വരാഞ്ജലിയുമര്‍പ്പിച്ച ഡിടിപിസി സംഘടിപ്പിക്കുന്ന കല്‍പ്പാത്തി രഥോല്‍സവം സംഗീതോല്‍സവത്തിന്റെ മൂന്നാംദിനത്തിലെ ടി എം കൃഷ്ണയുടെ കച്ചേരി പാരമ്പര്യ ക്ലാസിക് ശൈലിക്കൊപ്പം സാമ്പ്രദായിക രീതിയില്‍ നിന്നും വഴിമാറിയുള്ള പരീക്ഷണങ്ങള്‍ക്കും മുതിര്‍ന്നു. പുരന്ദരദാസ് കൃതിയില്‍ പതിഞ്ഞാണ് ടി എം കൃഷ്ണ തുടങ്ങിയത്.
മിശ്രചാപ്പില്‍ പൂര്‍വകല്ല്യാണി മൂളി സദസ്സിനെ ഉണര്‍ത്തി. നിരവലില്‍ മനോധര്‍മസ്വരം അവസാനിപ്പിക്കുമ്പോഴേക്കും ഇരിപ്പിടങ്ങള്‍ നിറഞ്ഞ സദസ്സ് കച്ചേരിയുടെ പാഠ്യപദ്ധതികളെ ഉള്‍ക്കൊള്ളാന്‍ തയ്യാറെടുത്തു. മായാമാളവഗൗള രാഗത്തില്‍ ദീക്ഷിതരുടെ ശ്രീനാഥാദി ഗുരുഗുഹോ ജയതി ജയതി എന്ന കീര്‍ത്തനത്തിന്റെ വരികളും പാഠ്യപദ്ധതികളും മനോഹരമായാണ് ടി എം കൃഷ്ണ അവതരിപ്പിച്ചത്. തുടര്‍ന്ന് മായാശബളിത ബ്രഹ്മദ്രവോ നിരവല്‍ പാടി സദസ്സിന്റെ അഭിരുചികള്‍ക്കനുസ്സരിച്ച് ടി എം കൃഷ്ണ ആലാപനത്തിന്റെ ഗതി കൂട്ടി. കച്ചേരി സമ്പ്രദായങ്ങളില്‍ പതിവ് വിട്ട് നീലാംബരി രാഗത്തിന്റെ ആരോഹണാവരോഹണങ്ങളായിരുന്നു പിന്നീട്. മുത്തുസ്വാമി ദീക്ഷിതരുടെ കൃതിയായ അംബനിലായതാക്ഷി കരുണാകടാക്ഷി എന്ന കൃതി സദസ്സിനെ അര്‍ധസുഷുപ്തിയുടെ ഉന്മാദതലത്തിലെത്തിച്ചു.
കച്ചേരിയില്‍ ഏറ്റവും മികച്ചുനിന്നതും ഏറെ ആസ്വദിക്കപ്പെട്ടതും നീലാംബരിയായിരുന്നുവെന്ന് അനുവാചകരുടെ പക്ഷം. തുടര്‍ന്ന് അകമ്പടി സേവിച്ച ടി എച്ച് സുബ്രഹ്മണ്യത്തോട് വയലിനില്‍ ഒരു കീര്‍ത്തനം വായിക്കാന്‍ ടി എം കൃഷ്ണ ആവശ്യപ്പെട്ടു. കല്ല്യാണ വസന്തമാണ് അദ്ദേഹം വായിച്ചത്. പിന്നീട് വയലിന്‍ നിശ്ശബ്ദമാക്കിയ ടി എം കൃഷ്ണ താനം പാടി പല്ലവിയില്‍ വയലിന്‍ ഒപ്പംകൂട്ടി. കച്ചേരി മുറുകവേ രാഗമാലികയും തനിയാവര്‍ത്തനവും പാടി ടി എം കൃഷ്ണ കച്ചേരി സംഗ്രഹിക്കാനൊരുങ്ങി. ദീക്ഷിതര്‍ കൃതിയായ കമലാസന വന്ദിത പാടി കച്ചേരി സമാപിക്കുമ്പോള്‍ ദക്ഷിണേന്ത്യന്‍ ഇതിഹാസത്തിന്റെ വിരാടസ്വരത്തിന് സദസ്സ് നന്ദി പറഞ്ഞു.
Next Story

RELATED STORIES

Share it