palakkad local

കല്‍പ്പാത്തിയില്‍ പരൂര്‍ ബാണി പെയ്തിറങ്ങി; ബൗളിയില്‍ അന്നാമാചാര്യര്‍ക്ക് പ്രണാമം

പാലക്കാട്: വയലിന്‍ തന്ത്രികളുടെ മധുരനാദം മനുഷ്യഭാവങ്ങളോട് ഏറ്റവും അടുത്തുനില്‍ക്കുന്നതും വൈകാരിക താളം സൂക്ഷിക്കുന്ന ഒന്നുമാണെന്ന് കലയുടെ മര്‍മമറിഞ്ഞ സംഗീതജ്ഞര്‍ വിശ്വസിക്കുന്നു. ഡി ടിപി സി സംഘടിപ്പിക്കുന്ന കല്‍പ്പാത്തി സംഗീതോല്‍സവത്തിന്റെ നാലാംദിനം പരൂര്‍ ത്രയങ്ങളുടെ കച്ചേരി അത്തരമൊരു അനുഭൂതിയാണ് സദസ്സിന് സമ്മാനിച്ചത്.
ദേവഗണങ്ങള്‍ മണ്ണിലേക്കിറങ്ങിവന്ന് രാഗതാളലയങ്ങളുടെ വിസ്മയം തീര്‍ത്ത ഭാവഗാനങ്ങള്‍ വിരാജിച്ച കച്ചേരി നാലാംദിനത്തില്‍ കീര്‍ത്തന പ്രസ്ഥാനത്തിന്റെ ആചാര്യന്‍ അന്നമാചാര്യരുടെ സ്മരണകള്‍ ദീപ്തമാക്കി. ത്രയത്തിലെ പയനിയര്‍ എന്ന് വിശേഷണമുള്ള പരൂര്‍ എം എ സുന്ദരേശ്വരനും സഹോദരന്‍ എം എ കൃഷ്ണസ്വാമിയും വര്‍ണ്ണങ്ങള്‍ മാറിമാറി വായിക്കുന്നതില്‍ മല്‍സരിച്ചപ്പോള്‍ യുവത്വത്തിന്റെ വേഗം വിരിയിച്ച നിരവലുകളില്‍ സ്വരാത്ഭുതങ്ങള്‍ സൃഷ്ടിച്ചാണ് എം എ സുന്ദരേശ്വരന്റെ മകനായ എം എസ് അനന്തകൃഷ്ണന്‍ വേറിട്ടത്. ഹരികാംബോജിയുടെ ജന്യരാഗമായ നാരായണഗൗള തന്ത്രി മാറ്റി ആരംഭിക്കുന്ന പുതുമ തുടക്കത്തിലേ കണ്ടു. സ്വരഘടനയില്‍ മാറ്റമില്ലെങ്കിലും ഖണ്ഡജാതി അടതാളത്തില്‍ ആരംഭിച്ച കീര്‍ത്തനം ത്രയത്തിന്റെ വര്‍ണവ്യതിയാനം കൊണ്ട് അനുവാചകരെ തുടക്കത്തിലേ കച്ചേരിയുടെ വരാനിരുന്ന പാഠ്യപദ്ധതികളിലേക്ക് പിടിച്ചിരുത്തി.
പരൂര്‍ ബാണിയുടെ അത്ഭുതം വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. കേദാരഗൗളം മിന്നിമറഞ്ഞ് നിമിഷങ്ങള്‍ക്കകം യുദ്ധവീരരുടെ കാഹളനാദം എന്നും വിളിപ്പേരുള്ള അഠാണയിലേക്കുള്ള മാറ്റം സദസ്സിനെ കോരിത്തരിപ്പിച്ചു. അന്നമാചാര്യ സ്മരണയ്ക്കു മുന്നില്‍ ബൗളി രാഗത്തില്‍ ശ്രീമന്നാരായണ ത്രയത്തിന്റെ ഇടത്തുനിന്ന് വലത്തോട്ട് ക്രമത്തില്‍ വയലിനിലെ പന്ത്രണ്ട് തന്ത്രികളിലൂടെയും ഒഴുകിയെത്തിയപ്പോള്‍ സദസ്സ് കീര്‍ത്തന സങ്കേതത്തിന്റെ ഇതിഹാസം വിരചിച്ച നാദരസമറിഞ്ഞു.
പരൂര്‍ ബാണിയുടെ ഏകശൈലീ ഭാവത്തിനിടയിലും മനോധര്‍മ സ്വരങ്ങള്‍ക്ക് കീര്‍ത്തനത്തിന്റെ അര്‍ത്ഥമറിഞ്ഞ വാദനം സദസ്സിന് പുതുമയായി.
ത്യാഗരാജ കൃതികളിലെ പ്രാചീനതയ്ക്കും അന്തസ്സാരത്തിനും പ്രാമുഖ്യം കൊടുത്ത് ആദരവോടെ വായിച്ച ആചാര്യന്‍മാര്‍ക്കൊപ്പം അനന്തകൃഷ്ണന്‍ മനോധര്‍മം വായിച്ചു. ത്യാഗരാജ സ്വാമികളുടെ അനുപമ ഗുണാംബുധേ, അപരാമഭക്തി, കദ്ദനുവാരികി എന്നീ കൃതികള്‍ വായിച്ചുതീര്‍ത്തു.
മാനവതിയെന്ന അസാധ്യ രാഗത്തിലേക്ക് വാദകര്‍ കടന്നപ്പോള്‍ സദസ്സ് പ്രകമ്പനം കൊണ്ടു. മാനവതിയില്‍ ത്യാഗരാജ സ്വാമികളുടെ എവരിതോ രാമരാജ്യമാണ് പരൂര്‍ ബാണിയില്‍ സദസ്സിലേക്കൊഴുകിയത്.
വയലിനില്‍ ഏറ്റവും വഴക്കമുള്ള രാഗം പന്തുവരാളിയെന്ന് പരൂര്‍ ബാണി ശൈലിയില്‍ വായിക്കുന്ന സംഗീത വിദ്യാര്‍ഥികള്‍. പന്തുവരാളി വിശദീകരിച്ച് വായിച്ച ത്രയങ്ങള്‍ ത്യാഗരാജ കൃതിയായ അപരാമ ഭക്തിക്ക് പാഠഭേദം ചമയ്ക്കാതെ ആസ്വാദക ഭാഷ്യം മാത്രം ചമച്ചാണ് വായിച്ചതെങ്കിലും ആവശ്യത്തിനുണ്ടായ നീട്ടലുകള്‍ സദസ്സിന് പുതിയ അനുഭവമായി.
ലോകം കീര്‍ത്തികേട്ട ശൈലിയുടെ പ്രയോക്താക്കള്‍ക്ക് ആദരവുമായി സദസ്സ് എഴുന്നേല്‍ക്കുമ്പോള്‍ കദ്ദനുവാരികി പെയ്ത് തീര്‍ന്നിട്ടേയുണ്ടായിരുന്നുള്ളൂ.
Next Story

RELATED STORIES

Share it