wayanad local

കല്‍പ്പറ്റയില്‍ ഇഎസ്‌ഐ ഡിസ്‌പെന്‍സറി

കല്‍പ്പറ്റ: എം വി ശ്രേയാംസ്‌കുമാര്‍ എംഎല്‍എയുടെ നിരന്തരശ്രമഫലമായി കല്‍പ്പറ്റയില്‍ ഇഎസ്‌ഐ ഡിസ്‌പെന്‍സറി പ്രാവര്‍ത്തികമായി. കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ 12 സ്ഥലങ്ങളിലെ 4,412 തൊഴിലാളികള്‍ക്ക് ഡിസ്‌പെന്‍സറി ഉപകരിക്കും.
52 കമ്പനികളിലെ 120 യൂനിറ്റുകളാണ് ഇതില്‍പ്പെടുക. കല്‍പ്പറ്റ, മൂപ്പൈനാട്, ചുണ്ടേല്‍, കുന്നത്തിടവക, കോട്ടപ്പടി, അച്ചൂര്‍, കോട്ടത്തറ, വെങ്ങപ്പള്ളി, കണിയാമ്പറ്റ, മുട്ടില്‍ സൗത്ത്, നോര്‍ത്ത്, തൃക്കൈപ്പറ്റ എന്നിവിടങ്ങളിലെ തൊഴിലാളികളാണ് ഗുണഭോക്താക്കള്‍. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികില്‍സയ്ക്ക് ഡിസ്‌പെന്‍സറിയില്‍ നിന്ന് നേരിട്ട് റഫര്‍ ചെയ്യാന്‍ സാധിക്കും. കണ്ണൂര്‍, കോഴിക്കോട് ആശുപത്രികള്‍ വഴി സ്‌പെഷ്യാലിറ്റി ചികില്‍സകളും നടത്താം. ഒരു ഡോക്ടര്‍, ക്ലാര്‍ക്ക്, ഓഫിസ് അസിസ്റ്റന്റ്, സ്റ്റാഫ്, നഴ്‌സിങ് അസിസ്റ്റന്റ്, രണ്ടു ഗ്രേഡ് അറ്റന്റര്‍മാര്‍, ഒരു പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നിവരാണ് ആശുപത്രിയിലുണ്ടാവുക. ഡിസ്‌പെന്‍സറിക്ക് പുറമെ ലീവ് പേമെന്റിനായി പേ ഓഫിസും തുടങ്ങും. ബൈപാസ് ജങ്ഷന് സമീപം മേപ്പാടി റോഡിലാണ് ഡിസ്‌പെന്‍സറി പ്രവര്‍ത്തിക്കുക.
മില്‍മ വയനാട് ഡെയറി, കിന്‍ഫ്ര എന്നിങ്ങനെ വിവിധ തൊഴിലിടങ്ങളിലെ തൊഴിലാളികള്‍ക്കു ഡിസ്‌പെന്‍സറി ഗുണം ചെയ്യും. അഞ്ചു പേര്‍ ചേര്‍ന്ന് വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന യൂനിറ്റുകളിലെ തൊഴിലാളികള്‍ക്ക് ഇഎസ്‌ഐ ആനുകൂല്യം ലഭിക്കും. പുതിയതായി ഇഎസ്‌ഐയില്‍ ചേരാനും സാധിക്കും. നാളെ രാവിലെ 11ന് മണിക്ക് തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി പി കെ ജയലക്ഷ്മി അധ്യക്ഷത വഹിക്കും. എം വി ശ്രേയാംസ്‌കുമാര്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. എം ഐ ഷാനവാസ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിന്ദുജോസ് പങ്കെടുക്കും.
Next Story

RELATED STORIES

Share it