malappuram local

കല്‍ക്കുണ്ട് കപ്പിലാംതോട്ടം നീര്‍ത്തട വികസന പദ്ധതിയിലെ ക്രമക്കേട്; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചു

കരുവാരക്കുണ്ട്: കല്‍ക്കുണ്ട് കപ്പിലാംതോട്ടം നീര്‍ത്തട വികസന പദ്ധതിയുടെ നിര്‍മാണ കമ്മിറ്റി യോഗം ബഹളത്തില്‍ കലാശിച്ചു. ഇന്നലെ കല്‍കുണ്ടില്‍ നടന്ന ഗുണഭോക്ത്യ സമതി യോഗത്തില്‍ വച്ചാണ് വാക്കേറ്റമുണ്ടായത്.
പദ്ധതിയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മണ്ണ് സംരക്ഷണ ജീവനക്കാരെ തടഞ്ഞുവെച്ചു. പശ്ചിമഘട്ട വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലോക ബാങ്കിന്റെ സഹായത്തോടെ രണ്ടുവര്‍ഷം മുമ്പ് രണ്ടുകോടിയോളം രൂപ വകയിരുത്തിയാണ് പദ്ധതി ആരംഭിച്ചത്.
തുടക്കത്തില്‍ തന്നെ ഇതില്‍ വന്‍ ക്രമക്കേട് നടക്കുന്നതായി ഒരു വിഭാഗം കര്‍ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടെ ലക്ഷങ്ങള്‍ ചിലവഴിച്ച് 250 തടയിണ നിര്‍മ്മാണത്തിനുള്ള നീക്കവും നടത്തിയിരുന്നു.
എന്നാല്‍ ലക്ഷക്കണക്കിന് ചിലവഴിച്ച് തടയിണ നിര്‍മാണം നടത്താനുള്ള നീക്കം ഗുണഭോക്ത്യ സമിതി അറിഞ്ഞിട്ടില്ലെന്ന് ചെയര്‍മാന്‍ എന്‍ കെ അബ്ദുല്‍ ഹമീദ് ഹാജി വ്യക്തമാക്കി.
ഇതിനെ തുടര്‍ന്നാണു ഗുണഭോക്ത്യ സമിതി മീറ്റിങ്ങിനെത്തിയ ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ നാലകത്ത് സൗദയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചത്.
പദ്ധതിയില്‍ കര്‍ഷകര്‍ ആരോപിക്കുന്ന ക്രമക്കേട് അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്താമെന്നുള്ള ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് തടഞ്ഞുവച്ച ജീവനക്കാരെ വിട്ടയച്ചത്.
Next Story

RELATED STORIES

Share it