കല്‍ക്കരിപ്പാടം അഴിമതി: നവീന്‍ ജിന്‍ഡാല്‍ അടക്കം 15 പേര്‍ക്കെതിരേ കുറ്റം ചുമത്തി

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ വ്യവസായി നവീന്‍ ജിന്‍ഡാല്‍, മുന്‍ കല്‍ക്കരി സഹമന്ത്രി ദാസരി നാരായണ്‍ എന്നിവര്‍ക്കും മറ്റു 13 പേര്‍ക്കുമെതിരേ സിബിഐ പ്രത്യേക കോടതി കുറ്റം ചുമത്തി. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് പ്രത്യേക സിബിഐ ജഡ്ജി ഭാരത് പരാശര്‍ ഇവര്‍ക്കെതിരേ ചുമത്തിയത്.
ജിന്‍ഡാലിനും റാവുവിനും പുറമെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ച ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡ, മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച് സി ഗുപ്ത, ജിന്‍ഡാല്‍ റിയാല്‍റ്റി പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ രാജീവ് ജെയിന്‍, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്റ് പവര്‍ ലിമിറ്റഡ് ഡയറക്ടര്‍മാരായ ഗിരീഷ്‌കുമാര്‍ സുനേജ, രാധാകൃഷ്ണ സറഫ്, ന്യൂഡല്‍ഹി എക്‌സിം പ്രൈവറ്റ് ലിമിറ്റഡിലെ സുരേഷ് സിംഗാള്‍, സൗഭാഗ്യ മീഡിയ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ കെ രാമകൃഷ്ണപ്രസാദ്, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ജ്ഞാന്‍ സ്വരൂപ് ഗാര്‍ഗ് എന്നിവരും അഞ്ചു കമ്പനികളും കേസില്‍ പ്രതികളാണ്. കേസില്‍ മാപ്പുസാക്ഷിയായി മാറിയ സുരേഷ് സിംഗാളിന്റെ ഹരജിയില്‍ സിബിഐയ്ക്കും 14 പ്രതികള്‍ക്കും കോടതി നോട്ടിസ് അയച്ചു.
കേസിന്റെ വിചാരണ മെയ് 11ലേക്ക് മാറ്റി. അതേസമയം, മറ്റൊരു കല്‍ക്കരി അഴിമതിക്കേസില്‍ നാലു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചതിനെതിരേ ജാര്‍ഖണ്ഡ് ഇസ്പത് പ്രൈവറ്റ് ലിമിറ്റഡിലെ ഡയറക്ടര്‍മാരായ ആര്‍ എസ് റങ്ത, ആര്‍ സി റങ്ത എന്നിവര്‍ നല്‍കിയ അപ്പീല്‍ ഹരജിയില്‍ ഡല്‍ഹി ഹൈക്കോടതി സിബിഐയുടെ പ്രതികരണമാരാഞ്ഞു.
Next Story

RELATED STORIES

Share it