Pathanamthitta local

'കല്ലൂപ്പാറ' എന്ന പേരിലും ജില്ലയില്‍ നിയോജക മണ്ഡലമുണ്ടായിരുന്നു

പത്തനംതിട്ട: കല്ലൂപ്പാറ എന്ന പേരില്‍ ഒരു നിയോജകമണ്ഡലം 1957ലെ ആദ്യനിയമസഭ തിരഞ്ഞെടുപ്പു മുതല്‍ 2006വരെ നിലവിലുണ്ടായിരുന്നു. 2010ല്‍ മണ്ഡല പുനക്രമീകരണത്തോടെ പത്തനംതിട്ട ജില്ലയ്ക്കു നഷ്ടപ്പെട്ട മൂന്ന് മണ്ഡലങ്ങളിലൊന്ന് കല്ലൂപ്പാറയായിരുന്നു. മല്ലപ്പള്ളി താലൂക്ക് പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള മണ്ഡലം കേരള നിയമസഭയിലേക്ക് പ്രമുഖരെ സംഭാവന ചെയ്തിരുന്നു. സ്പീക്കറും മന്ത്രിയുമൊക്കെയായി കല്ലൂപ്പാറയുടെ പ്രതിനിധികള്‍ മാറി.
പില്‍ക്കാലത്ത് മല്ലപ്പള്ളിയില്‍ താലൂക്ക് വരികയും മണ്ഡലത്തിന്റെ ആസ്ഥാനം മാറുകയും ചെയ്‌തെങ്കിലും പേര് കല്ലൂപ്പാറയായി തുടര്‍ന്നു. രാജവംശ പാരമ്പര്യമുള്ള സ്ഥലമാണ് കല്ലൂപ്പാറ. തെക്കുംകൂര്‍ രാജാക്കന്‍മാര്‍, ഇടപ്പള്ളി രാജവംശം തുടങ്ങി ചരിത്രത്തിന്റെ ഏടുകളില്‍ കല്ലൂപ്പാറയുടെ സ്ഥാനം വലുതാണ്. പുരാതനമായ ആരാധാനാലയങ്ങളും രാജഭരണകാലത്തെ തിരുശേഷിപ്പുകളുമൊക്കെ കല്ലൂപ്പാറയുടെ ഭാഗമായി നിലകൊണ്ടപ്പോള്‍ രാജപ്രൗഢിയോടെ തന്നെ ഈ മണ്ഡലത്തിന്റെ നാമധേയം കേരള നിയമസഭയില്‍ മുഴങ്ങിയിരുന്നു. എന്നാല്‍ ജനസംഖ്യ അടിസ്ഥാനത്തില്‍ മണ്ഡലം പുനക്രമീകരിച്ചപ്പോള്‍ പത്തനംതിട്ടയ്ക്കു നഷ്ടപ്പെട്ട മണ്ഡലങ്ങളിലൊന്ന് കല്ലൂപ്പാറയായി. ഇതോടെ കല്ലൂപ്പാറ ചിന്നിച്ചിതറി. നിലവില്‍ തിരുവല്ല, റാന്നി, ആറന്മുള മണ്ഡലങ്ങളുടെ ഭാഗങ്ങളായി പഴയ കല്ലൂപ്പാറയുടെ പ്രദേശങ്ങള്‍. താലൂക്ക് പ്രദേശങ്ങളില്‍ രണ്ട് എംഎല്‍എമാര്‍ ഉണ്ടെങ്കിലും വികസനസമിതി യോഗങ്ങളില്‍ അടക്കം ഇവരുടെ സാന്നിധ്യം വിരളമായിരുന്നു. താലൂക്ക് എന്ന നിലയില്‍ മല്ലപ്പള്ളിക്ക് പദവി കുറഞ്ഞു. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ അതോറിറ്റി സ്ഥാനം തഹസീല്‍ദാര്‍ക്ക് നഷ്ടമായി.
മണ്ഡലം ആസ്ഥാനങ്ങളിലുള്ളവര്‍ വോട്ടര്‍പട്ടികയില്‍പേരു ചേര്‍ത്ത് തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങാന്‍ ബന്ധപ്പെട്ട സ്ഥലങ്ങളിലെത്തണം. പുതുതായി ഒരു സര്‍ക്കാര്‍ ഓഫിസും മല്ലപ്പള്ളിയിലേക്കു വന്നിട്ടില്ല. ഉണ്ടായിരുന്ന ഓഫിസുകള്‍ പലതും നഷ്ടമായിക്കൊണ്ടേയിരിക്കുന്നു. താലൂക്ക് രൂപീകരിച്ചിട്ട് 30 വര്‍ഷം കഴിഞ്ഞിട്ടും കോടതികള്‍ ഇന്നുമുണ്ടായിട്ടില്ല. മണ്ഡലപരിധി വര്‍ധിച്ചതോടെ എംഎല്‍എമാരുടെ നിരന്തര ഇടപെടല്‍ പ്രദേശത്തില്ലാതായി. എംഎല്‍എ ഫണ്ട് വിനിയോഗം അടക്കം കുറവുണ്ടായി. വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടോടെ വിധിയെഴുത്ത് നടത്തിയിട്ടുള്ള പഴയ കല്ലൂപ്പാറയുടെ ചരിത്രം നിലവില്‍ തിരുവല്ല, റാന്നി മണ്ഡലങ്ങളുടെ ഗതിവിഗതികളെ ബാധിക്കും. 1957ലും 60ലും കോണ്‍ഗ്രസ്സിലെ എം എം മത്തായിയാണ് കല്ലൂപ്പാറയില്‍ നിന്നു വിജയിച്ചത്. 1965ല്‍ ഡോ.കെജോര്‍ജ് തോമസ് കേരള കോണ്‍ഗ്രസ് പ്രതിനിധിയായും 1967ല്‍ അദ്ദേഹം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായും വിജയിച്ചു. പിന്നിടിങ്ങോട്ട് കേരള കോണ്‍ഗ്രസ്സിന്റെ സ്വന്തം മണ്ഡലമായിരുന്നു കല്ലൂപ്പാറ. 1970ലും 77ലും ടി എസ് ജോണ്‍ വിജയിച്ചു. അദ്ദേഹം കേരള നിയമസഭയുടെ സ്പീക്കറും പിന്നീട് ഭക്ഷ്യമന്ത്രിയുമൊക്കെ ആയത് കല്ലൂപ്പാറയുടെ പ്രതിനിധിയെന്ന നിലയിലാണ്. 1980ല്‍ പ്രഫ.കെ എ മാത്യുവാണ് വിജയിച്ചത്. 1982ല്‍ വീണ്ടും ടി എസ് ജോണ്‍. 1980 മുതല്‍ മൂന്നുതവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന സി എ മാത്യു 1987ല്‍ അട്ടിമറി വിജയം കണ്ടു. കോണ്‍ഗ്രസ് എസ് സ്ഥാനാര്‍ഥിയായിരുന്ന അദ്ദേഹം 1756 വോട്ടിന്റെ ഭൂരിപക്ഷത്തിന് ടി എസ് ജോണിനെ പരാജയപ്പെടുത്തുമ്പോള്‍ കല്ലൂപ്പാറയിലെ ആദ്യത്തെ എല്‍ഡിഎഫ് വിജയമായിരുന്നു. 1991ല്‍ ജോസഫ് എം പുതുശേരി കേരള കോണ്‍ഗ്രസ് പിള്ള ഗ്രൂപ്പ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചു വിജയിച്ചു. 1996ല്‍ ടി എസ് ജോണ്‍ എല്‍ഡിഎഫിലെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വിജയിച്ചു. 2001ലും 2006ലും ജോസഫ് എം പുതുശേരി തന്നെ മണ്ഡലത്തില്‍ വിജയിച്ചു.
മണ്ഡലപരിധിയില്‍ ഉള്‍പ്പെട്ടിരുന്ന മല്ലപ്പള്ളി, ആനിക്കാട്, കുന്നന്താനം, കല്ലൂപ്പാറ, പുറമറ്റം ഗ്രാമപ്പഞ്ചായത്തുകളാണ് നിലവില്‍ തിരുവല്ല മണ്ഡലത്തിലാക്കിയിരിക്കുന്നത്. എഴുമറ്റൂര്‍, കൊറ്റനാട്, കോട്ടാങ്ങല്‍ ഗ്രാമപ്പഞ്ചായത്തുകള്‍ റാന്നി മണ്ഡലത്തിലും ഇരവിപേരൂര്‍ ആറന്മുള മണ്ഡലത്തിലുമാണ്. ഒരു താലൂക്കില്‍ ഉള്‍പ്പെടുന്ന പ്രദേശത്ത് ഇതോടെ രണ്ട് അസംബ്ലി മണ്ഡലങ്ങള്‍, മൂന്ന് ബ്ലോക്ക് പഞ്ചായത്തുകള്‍ എന്നിങ്ങനെയാണ് സ്ഥിതി.
Next Story

RELATED STORIES

Share it