Literature

"കല്ലിലെ തീപ്പൊരികള്‍"

കല്ലിലെ തീപ്പൊരികള്‍
X
ayyappan2
















[caption id="attachment_39901" align="aligncenter" width="140"]pam-haneef പി എ എം ഹനീഫ്[/caption]








സ്ഥലം തൃശൂര്‍ റീജ്യനല്‍ തിയേറ്റര്‍. അക്കാലം സാംസ്‌കാരികവകുപ്പുമന്ത്രി സ. ടി കെ രാമകൃഷ്ണന്‍. കേരളത്തില്‍ മുണ്ടശ്ശേരി മാസ്റ്റര്‍ക്കു ശേഷം 'സാംസ്‌കാരികം' ഭരിക്കാന്‍ യോഗ്യത ഉണ്ടായിരുന്ന സാക്ഷാല്‍ സഹൃദയന്‍. എന്നെ ഇഷ്ടമായിരുന്നു. 'എന്താടോ...' എന്ന ആ ചോദ്യത്തിനു മുമ്പില്‍ ഞാന്‍ പലപ്പോഴും കിടുങ്ങിപ്പോയിട്ടുണ്ട്. അഴിമതിയുടെ കറപുരളാത്ത അപൂര്‍വം രാഷ്ട്രീയ നേതാക്കളിലൊരാള്‍. സംസ്‌കൃതവും  മലയാളവും അറിയുന്ന സംസ്‌കൃത ചിത്തന്‍...
'' ഇയാള്‍ ഏതു പാതിരാത്രി വന്നാലും കെടക്കാന്‍ റസ്റ്റ് ഹൗസ് തുറന്നു കൊടുക്കണമെന്ന് അക്കാദമി സെക്രട്ടറിയോട് ഓര്‍ഡറിട്ട മന്ത്രി. എനിക്കു വേണ്ടി...''
ഒളിവു ജീവിതകാലത്ത് (1939-41 കാലം) സഖാവ് എഴുതിയ 'കല്ലിലെ തീപ്പൊരികള്‍' എന്ന നോവല്‍ (?) നാടകപ്രവര്‍ത്തകന്‍ മുരുകന്റെ (ഏഷ്യാനെറ്റ് ചാനലില്‍ 'ചന്ദനമഴ ' സീരിയലില്‍ സ്വാമിയായി വരുന്ന ആസാമി) സംവിധാനത്തില്‍ നാടകാവിഷ്‌കാരം. ഞാനും അയ്യപ്പനും മറ്റു ചിലരും -സംവിധായകന്‍ പവിത്രന്‍ ആദ്യം കമ്പനി തന്നെങ്കിലും 'അലമ്പ് കമ്പനി' എന്നു മുദ്രകുത്തി ഞങ്ങളെ പിരിഞ്ഞു. 'കല്ലിലെ തീപ്പൊരികള്‍' ആരംഭിച്ചു. വിരസമായ ഒരു ഉരുപ്പടി. ഞാന്‍ മുന്‍നിരയിലെത്തി. ബഹു. മന്ത്രി ടി കെ രാമകൃഷ്ണനോട് വിരസമായ നാടകത്തിനെതിരേപ്രതിഷേധിച്ചു. ശബ്ദം ഇത്തരി ഉച്ചത്തിലായി. സ. ഇയ്യങ്കോട് ശ്രീധരന്‍ (കൂടാളിയില്‍ ജീവിച്ചിരിപ്പുണ്ട്) എന്നെ ബലമായി പുറത്തേക്ക് നയിച്ചു. കൂട്ടത്തില്‍ ഒരു ഡയലോഗും. ''താന്‍ മാേ്രത ലോകത്ത് നാടകക്കാരന്‍ ഉള്ളൂ എന്നു ധരിക്കരുത്...''

[caption id="attachment_42953" align="alignright" width="144"]T.K._Ramakrishnan ടി കെ രാമകൃഷ്ണന്‍ [/caption]

ഞാന്‍ മറുപടിയായി 100 ക ചോദിച്ചു. ഇയ്യങ്കോട് എന്തോ ജുബ്ബക്കീശയില്‍ നിന്നെടുത്തുതന്നു. 100 തികയില്ല. ബഹു. മന്ത്രിയുടെ ഗണ്‍മാന്‍ ''ഹേയ്... എന്നുവിളിച്ച് എനിക്ക് പുറകേ... ഞാന്‍ ഓടി. റീജ്യനല്‍ തിയേറ്ററിനു പുറത്തായി. നാടകം കഴിയും വരെ റീജ്യനല്‍ തിയേറ്ററിലെ പുല്‍ത്തകിടിയില്‍ ഞാനിരുന്നു. നല്ല വിശപ്പുണ്ട്. അയ്യപ്പനും മറ്റും അകത്താണ്. എന്തു ചെയ്യും..? മന്ത്രിയും പരിവാരങ്ങളും വന്നു. ഔദ്യോഗിക വാഹനത്തില്‍ കയറാന്‍ ഒരുങ്ങുന്നു. പോലിസും ചില 'അസാംസ്‌കാരിക നായകരും' മന്ത്രിയെ പ്രശംസിച്ച് അതിമധുരം ഊട്ടുന്നു. അദ്ഭുതം! ആരുടെയോ കൈകള്‍ക്കിടയിലൂടെ തുഴഞ്ഞുതുഴഞ്ഞ് അയ്യപ്പന്‍ സ്‌റ്റേറ്റ് വാഹനത്തിന്റെ പിന്‍സീറ്റില്‍ കയറി. പുറത്ത് ഒരലര്‍ച്ച.
''ഢാ. ഹനീഫേ... അയ്യപ്പനെ പിടിക്ക്...''

[caption id="attachment_42957" align="alignleft" width="215"]mullanezhi മുല്ലനേഴി [/caption]

കവി മുല്ലനേഴിയാണ്. ഇഷ്ടന്‍ നല്ല ഫോമിലാണ്. ഞാന്‍ ഓടി എത്തുമ്പോള്‍ മന്ത്രി ആകെ ''വൈകുണ്ഠ''ത്തിലെത്തിയ അവസ്ഥ. പോലിസ് സടകുടഞ്ഞു
ഞാന്‍ ഒച്ചയിട്ടു.
'' അയ്യപ്പാ ഇറങ്ങ്..
മന്ത്രി എന്നെ നോക്കി..
''ആരാ ഇത്... രാമകൃഷണന് അയ്യപ്പനെ പരിചയമില്ല. ആള്‍ക്കൂട്ടത്തില്‍ നിന്ന് മുല്ലനേഴി അലറി.
''സഖാവേ.. കവിയാ... നമ്മടെ അയ്യപ്പനാ... ചുവപ്പാ...''
''എന്താ' മന്ത്രി അയ്യപ്പനോടു ചോദിച്ചു. അയ്യപ്പന്‍ തൊഴുകൈകളോടെ ''നാടകം... നാടകം... എന്നുമാത്രം ഗൗരവത്തില്‍ ആവര്‍ത്തിച്ചു. മന്ത്രിക്കു കാര്യം പിടികിട്ടി. ആരൊക്കെയോ അയ്യപ്പനെ ബലമായി പിടിച്ച് കാറില്‍ നിന്നിറക്കി.
'' തീപ്പൊരികള്‍'' നാടകം പിന്നെ അധികം കളിച്ചില്ല... ഞാന്‍, അയ്യപ്പന്‍, മുല്ലനേഴി ഒരോട്ടോറിക്ഷയില്‍ അവിണിശേരിയിലേക്ക്... രാത്രി മുല്ലനേഴി മനയില്‍ പാട്ട്, കൂത്ത്, ലഹള... മുല്ലനേഴിയുടെ മൂത്ത മകന്‍ (പേരു മറന്നു) ഒച്ചവച്ചു.
''കിടന്നൊറങ്ങണം...''
ഞങ്ങള്‍ നിശ്ശബ്ദരായി. ഉറങ്ങിയോ എന്തോ... പ്രഭാതം... പൊടിയരിക്കഞ്ഞി, ഉപ്പുമാങ്ങ, തൈര്‍മുളക്... ഭക്ഷണം നല്ല ഓര്‍മയുണ്ട്.
സ്‌നേഹപൂര്‍വം മുല്ലനേഴി അടുത്തിരുന്ന് കുടിപ്പിച്ചു. ഓര്‍ക്കുമ്പോള്‍ കണ്ണു നിറയുന്നു. സ്‌നേഹത്തിന്റെ മഹാഔദാര്യങ്ങള്‍... ആ കഞ്ഞിയുടെ സ്വാദ്..!
അയ്യപ്പന്‍ മരിച്ചു, മുല്ലന്‍ മരിച്ചു, ടി കെ രാമകൃഷ്ണന്‍ മരിച്ചു.
പ്രപഞ്ചങ്ങളുടെ നാഥാ ഇവര്‍ക്കൊക്കെ പരലോകത്തും 'ഇവിടുത്തേപോലെ സുഖിച്ചു കിടക്കാന്‍' അവസരം ഒരുക്കണേ.

അയ്യപ്പപുരാണം ഭാഗം 1 ഇവിടെ വായിക്കാം

Next Story

RELATED STORIES

Share it