Idukki local

കല്ലാര്‍ സ്‌കൂള്‍ ജങ്ഷനില്‍ മേല്‍പ്പാലം വേണമെന്ന ആവശ്യം ശക്തമാവുന്നു

നെടുങ്കണ്ടം: മുണ്ടിയെരുമയിലെ കല്ലാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജങ്ഷനില്‍ മേല്‍പ്പാലം നിര്‍മിക്കാന്‍ നടപടി വേണമെന്ന് ആവശ്യമുയര്‍ന്നു.എല്‍പി, യുപി,ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി 3000ലധികം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണിത്.ടൗണിലെ പ്രധാന റോഡിനോട് ചേര്‍ന്നാണ് സ്‌കൂളും മറ്റ് ഓഫിസ് കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നത്.റോഡിന് ഇരുവശങ്ങളിലും സ്‌കൂള്‍ കെട്ടിടങ്ങളുണ്ട്. സ്‌കൂളില്‍ നിന്നും ഓഫിസിലെത്തണമെങ്കില്‍ റോഡ് മുറിച്ചു കടക്കണം.വിവിധ സ്ഥലങ്ങളില്‍നിന്നു ടൗണിലെത്തുന്ന കുട്ടികള്‍ക്കും പൊതു ജനങ്ങള്‍ക്കും വാഹനങ്ങളുടെ തിരക്കിനിടയില്‍ റോഡ് മറികടക്കാന്‍ ധാരാളം സമയം കാത്തുനില്‍ക്കേണ്ട സ്ഥിതിയാണ്. ജങ്ഷനില്‍ പോലിസ്, എസ്പിസി എന്നിവരുടെ സേവനം ലഭിക്കുന്നുണ്ടെങ്കിലും നിരവധി അന്തര്‍ സംസ്ഥാന വാഹനങ്ങള്‍ സദാസമയവും കടന്നുപോവുന്നതിനാല്‍ ഗതാഗതക്കുരുക്ക് വര്‍ധിക്കുകയാണ്.അപകടങ്ങളില്‍ നിന്നു തലനാരിഴയ്ക്കാണ് പലരും രക്ഷപ്പെടുന്നത്. ടൗണില്‍ റോഡ് വശങ്ങളില്‍ ആവശ്യമായ നടപ്പാതകളും ഓടകളും നിര്‍മിക്കണമെന്ന് ആശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് കോണ്‍ഗ്രസ് ടൗണ്‍ കമ്മിറ്റി നിവേദനം നല്‍കി.മുമ്പ് മേല്‍പ്പാലത്തിനായി എസ്റ്റിമേറ്റ് എടുത്തെങ്കിലും നടപടി ക്രമങ്ങള്‍ ഫയലില്‍ ഉറങ്ങുകയാണ്. ഗതാഗത തടസം പരിഹരിക്കുന്നതിനും വിദ്യാര്‍ഥികള്‍ക്ക് ഭയരഹിതമായി റോഡ് മുറിച്ചുകടക്കുന്നതിനും മേല്‍പ്പാലം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് അംഗം മോളി മൈക്കിളിനു നിവേദനം നല്‍കിയതായി ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് സോണി കൈതാരം അറിയിച്ചു.
Next Story

RELATED STORIES

Share it