palakkad local

കല്ലാംകുഴി ഇരട്ടക്കൊലപാതകം: പ്രതികളെ സംരക്ഷിക്കാന്‍ എംഎല്‍എ കൂട്ടുനിന്നതായി ബന്ധുക്കള്‍

മണ്ണാര്‍ക്കാട്:കല്ലാം കുഴി ഇരട്ട കൊലപാതകത്തിലെ പ്രതികളെ സംരക്ഷിക്കുന്നതില്‍എം.എല്‍എയുടെ ബാഹ്യ ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്നു കൊല്ലപ്പെട്ട ഹംസയുടെയും നൂറുദ്ദീന്റെയും ബന്ധുക്കള്‍ .കൊലപാതക ഗൂഢാലോചനയില്‍ ലീഗ് നേതാക്കള്‍ക്കും പ്രതികളെ സംരക്ഷിക്കുന്നതില്‍ എംഎല്‍ക്കും വ്യക്തമായ പങ്കുണ്ട്.ഇതേക്കുറിച്ച് പല തലങ്ങളില്‍ നല്കിയ പരാതികള്‍ഭരണസ്വാധീനമുപയോഗിച്ച് അട്ടിമറിക്കപ്പെടുകയാണെന്നും ഇവര്‍ ആരോപിച്ചു.
രാഷ്ട്രീയ കൊലപാതമല്ലെന്നും കുടിപ്പകയാണെന്ന എംഎല്‍എയുടെ പ്രചാരണം വാസ്തവ വിരുദ്ധമാണ്. കല്ലാംകുഴി ജൂമാ മസ്ജിദില്‍ ലീഗ് സംഘടനയായ തണല്‍ നടത്തിയ പണപ്പിരിവിനെതിരെ കൊല്ലപ്പെട്ട ഹംസ വഖഫ് ട്രിബ്യൂണലിനെ സമീപിച്ച് പള്ളികളില്‍ രാഷ്ട്രീയ സംഘടനകളെ അനുവദിക്കില്ലെന്ന വിധി സമ്പാദിച്ചിരുന്നു. ഇതാണ് ലീഗിന് ഇവരോടുള്ള വിരോധത്തിന് കാരണമായത്. കൊലപാതകത്തിന് ഒരാഴ്ച മുന്‍പ് ഡിവെഎഫ്‌ഐയുടെ നേതൃത്വത്തില്‍ കൊടിമരം സ്ഥാപിച്ചു.
ഇതില്‍ നൂറുദ്ദീന്‍ സജീവമായി പങ്കെടുത്തിരുന്നു. ഈ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.ഇരുപത്തിയേഴ് കുടുംബങ്ങളില്‍പ്പെട്ടവരാണ് പ്രതികള്‍. ഇവര്‍ക്ക് കുടിപ്പക ഉണ്ടാവേണ്ട കാര്യമെന്തെന്ന് എം.എല്‍.എ വ്യക്തമാക്കണം. 1998 ല്‍ നടന്ന കൊലപാതകം അതിന് മുന്‍പ് അവിടെയുണ്ടായ ബോംബ് സ്‌ഫോടനത്തെത്തുടര്‍ന്നുള്ള സംഘര്‍ഷത്തിലാണ്. ഈ കേസിലെ പ്രതികളെ കണ്ടെത്താന്‍ പോലിസിന് ഇനിയും കഴിഞ്ഞിട്ടില്ല. വസ്തുത ഇതാണെന്നിരിക്കെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കൊലപാതകത്തിന്റ ബാക്കിപത്രമാണ് ഇതെന്ന് എങ്ങനെ പറയാനാവും. ജാമ്യത്തിലിറങ്ങിയ പ്രതികള്‍ ജാമ്യവ്യവസ്ഥ ലംഘിച്ചതിനെത്തുടര്‍ന്ന് ജാമ്യം റദ്ദുചെയ്ത പ്രതികള്‍ പലരും ഇന്ന് വിദേശത്താണ്. അറസ്റ്റ് വാറണ്ട് നിലനില്‌ക്കെ വിദേശത്തേക്ക് പോകാന്‍ സാധാരണക്കാരായ ഇവര്‍ക്ക് കഴിയില്ലെന്നും ലീഗിലെ ഉന്നതരാണ് ഇവര്‍ക്ക് വേണ്ട സഹായം നല്കുന്നത് .കല്ലാം കുഴിയിലേത് ഒറ്റ രാത്രി കൊണ്ട് രണ്ട് മക്കളെ നഷ്ടപ്പെട്ട ഉമ്മയുടെയും വിധവകളായ രണ്ട് സ്ത്രീകളുടെയും പിതാവിനെ നഷ്ടപ്പെട്ട ഏഴ് മക്കളുടെയും കണ്ണീരാണെന്നും ഇത് ജനങ്ങള്‍ നെഞ്ചേറ്റുമെന്നും സഹോദരന്‍ കുഞ്ഞുമുഹമ്മദ,് കൊല്ലപ്പെട്ട ഹംസയുടെ മകന്‍ ആദില്‍ എന്നിവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it