കലോല്‍സവം: ഘോഷയാത്ര 19ന്; 10,000 കുട്ടികള്‍ പങ്കെടുക്കും

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിനു നാന്ദികുറിച്ച് ഈമാസം 19ന് നടക്കുന്ന വര്‍ണശബളമായ സാംസ്‌കാരിക ഘോഷയാത്ര അനന്തപുരിയെ പുളകമണിയിക്കും. ഉച്ചയ്ക്ക് 2.30ന് ഗവ. സംസ്‌കൃത കോളജിന് മുന്‍വശത്തുനിന്ന് ഡിജിപി ടി പി സെന്‍കുമാര്‍ ഘോഷയാത്ര ഫഌഗ് ഓഫ് ചെയ്യും. ഘോഷയാത്ര പ്രധാന വേദിയായ പുത്തരിക്കണ്ടം മൈതാനത്തില്‍ എത്തിച്ചേരുമ്പോഴാണ് ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരിതെളിക്കുക. ഇതോടെ 56ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിനായി നാടുണരും. 35ഓളം സ്‌കൂളുകളില്‍നിന്നായി 10,000 വിദ്യാര്‍ഥികള്‍ ഘോഷയാത്രയില്‍ അണിചേരും. 56 ബുള്ളറ്റ് മോട്ടോര്‍ ബൈക്കുകളുടെ സാഹസികപ്രകടനം, 56 മുത്തുക്കുടകള്‍ ചൂടിയ വിദ്യാര്‍ഥിനികള്‍, സൈക്ലിങ്, റോളര്‍ സ്‌കേറ്റിങ്, പോലിസ് അശ്വാരൂഢ സേന, ബാന്റ്‌മേളം, ആയോധന പ്രകടനം, വിവിധ കലാരൂപങ്ങള്‍, സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങള്‍ എന്നിവയും 1,500ലധികം വരുന്ന സ്‌കൗട്ട് ആന്റ് ഗൈഡ്‌സും എന്‍സിസി കേഡറ്റുകളും ഘോഷയാത്രയ്ക്ക് കൊഴുപ്പേകും. സര്‍ക്കാര്‍ ഏജന്‍സികളുടെ ഫ്‌ളോട്ടുകളും റസിഡന്‍സ് അസോസിയേഷനുകള്‍, സാസ്‌കാരിക സംഘടനകള്‍, ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍, വ്യാപാരി വ്യവസായികള്‍ എന്നിവരുടെ വിവിധ കലാരൂപങ്ങളും അരങ്ങേറും. ഘോഷയാത്രയില്‍ കേരളത്തിലെ ആദ്യത്തെ പ്രായം കുറഞ്ഞ മോട്ടോര്‍ സ്‌പോര്‍ട്‌സ് വനിതാ ഡ്രൈവറായ ആതിരാ മുരളി മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കും. തിരുവനന്തപുരം പള്ളിച്ചല്‍ റീജ്യനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനീയറിങ്ങില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയാണ് ആതിര. ഘോഷയാത്രയില്‍ മന്ത്രിമാര്‍, എംഎല്‍എമാര്‍, വിവിധ ജനനേതാക്കള്‍, സാംസ്‌കാരിക നായകന്‍മാര്‍ പങ്കെടുക്കും. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളെ ഒരു വിഭാഗമായും അണ്‍ എയ്ഡഡ് സ്‌കൂളുകളെ മറ്റൊരു വിഭാഗവുമായി തിരിച്ച് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് പ്രധാന വേദിയില്‍വച്ച് ട്രോഫികള്‍ സമ്മാനിക്കുമെന്ന് ഘോഷയാത്രാ കമ്മിറ്റി ചെയര്‍മാന്‍ കെ എസ് ശബരീനാഥ് എംഎല്‍എയും കണ്‍വീനര്‍ ജെ ആര്‍ സാലുവും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  ഘോഷയാത്ര കുറ്റമറ്റ രീതിയില്‍ നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണറുമായി ചര്‍ച്ച നടത്തി ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇവര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it