kasaragod local

കലാശക്കൊട്ട് ഇന്ന്; പോലിസ് കനത്ത ജാഗ്രതയില്‍

കാസര്‍കോട്: മുന്നാഴ്ചയോളമായി നടന്നുവരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ഇന്ന് കലാശക്കൊട്ട്. നവംബര്‍ രണ്ടിന് വോട്ടര്‍മാര്‍ ബൂത്തിലേക്ക്. കഴിഞ്ഞ മൂന്നിനാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ഏഴ് മുതല്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണം ആരംഭിച്ചിരുന്നു. 14നാണ് പത്രിക സമര്‍പ്പണം പൂര്‍ത്തിയായത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്നുവരുന്ന പ്രചാരണ കോലാഹലങ്ങള്‍ ഇന്ന് വൈകിട്ട് സമാപിക്കുന്നത്.
തിങ്കളാഴ്ച പുലര്‍ച്ചെ വരെ നിശബ്ദപ്രചാരണം നടക്കും. ജില്ലയില്‍ മൂന്ന് നഗരസഭകളിലേക്കും ആറ് ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 38 പഞ്ചായത്തുകളിലേക്കും ജില്ലാ പഞ്ചായത്തിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതില്‍ മഞ്ചേശ്വരം പഞ്ചായത്തിലെ ഒരു വാര്‍ഡിലും കുമ്പള പഞ്ചായത്തിലെ ഒരു വാര്‍ഡിലും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ ഇവിടെ വോട്ടെടുപ്പ് ഇല്ല. പ്രധാനമായും എല്‍ഡിഎഫും യുഡിഎഫുമാണ് മല്‍സരം. വടക്കന്‍ അതിര്‍ത്തിയില്‍ ബിജെപിയും യുഡിഎഫും ശക്തമായ പോരാട്ടം നടത്തുന്നുണ്ട്. ചിലയിടങ്ങളില്‍ മുന്നണിബന്ധങ്ങള്‍ക്കപ്പുറമാണ് മല്‍സരങ്ങളും അരങ്ങേറുന്നുണ്ട്.
എസ്ഡിപിഐ വിവിധ പഞ്ചായത്തുകളിലും നഗരസഭകളിലുമായി 45ഓളം വാര്‍ഡുകളിലാണ് മല്‍സരിക്കുന്നത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പ്രചാരണാര്‍ത്ഥം എല്‍ഡിഎഫിന് വേണ്ടി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍, കെ ടി ജലീല്‍ എംഎല്‍എ പ്രചാരണത്തിനെത്തിയിരുന്നു. യുഡിഎഫിന് വേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, കെ പി എ മജീദ്, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, പി കെ ഫിറോസ്, എം പി വീരേന്ദ്രകുമാര്‍, എ പി അബ്ദുല്ലകുട്ടി എംഎല്‍എ തുടങ്ങിയവരും ബിജെപിക്ക് വേണ്ടി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍, സെക്രട്ടറി കെ സുരേന്ദ്രന്‍, നളിന്‍കുമാര്‍ കട്ടീല്‍ എംപി എന്നിവരും പ്രചാരണത്തിനെത്തി.
കലാശക്കൊട്ടിനോടനുബന്ധിച്ച് അനിഷ്ട സംഭവങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപോര്‍ട്ടിനെ തുടര്‍ന്ന് പോലിസ് ജാഗ്രത പാലിച്ചുവരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് കര്‍ണാടകയില്‍ നിന്നും കൂടുതല്‍ പോലിസിനേയും ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ കലക്ടറേറ്റില്‍ നിന്നും അറിയിച്ചു.
Next Story

RELATED STORIES

Share it