kannur local

കലാശക്കൊട്ടിനു കുരുക്കിടാന്‍ കലക്ടര്‍

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നവസാനിക്കാനിരിക്കെ കൊട്ടിക്കലാശത്തിനു കുരുക്കിടാന്‍ കലക്ടറുടെ ശ്രമം. ജില്ലയിലെ കേന്ദ്രീകൃത പരസ്യപ്രചാരണം വൈകീട്ട് മൂന്ന് വരെയായി പരിമിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു ജില്ലാ കലക്ടര്‍ ഡോ. പി ബാലകിരണ്‍ കത്തയച്ചു. കഴിഞ്ഞ ദിവസം അയച്ച കത്ത് വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തള്ളി. ഇന്നു വൈകീട്ട് മൂന്നോടെ ശബ്ദ പ്രചാരണം അവസാനിപ്പിക്കണമെന്നാണ് നിര്‍ദേശത്തിലുള്ളത്. തുടര്‍ന്നുള്ള രണ്ടു മണിക്കൂറില്‍ നിശബ്ദ പ്രചാണമാവാം. വാഹനങ്ങളില്‍ കൊടിയും തോരണവും തൂക്കി ടൗണുകളില്‍ ശബ്ദകോലാഹലം തീര്‍ക്കുന്നതു സംഘര്‍ഷത്തിനു സാധ്യത വര്‍ധിപ്പിക്കും. ഇതൊഴിവാക്കി ശാന്തമായി പ്രചാരണം

അവസാനിപ്പിക്കണമെന്നും കലക്ടറുടെ കത്തിലുണ്ട്. വ്യാപകമായി സംഘര്‍ഷത്തിനു സാധ്യതയുണ്ടെന്ന ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ യോഗത്തിലെ റിപോര്‍ട്ട് അനുസരിച്ച് പോലിസിന്റെ നിര്‍ദേശപ്രകാരമാണ് പരസ്യപ്രചാരണം വെട്ടിച്ചുരുക്കാന്‍ കലക്ടര്‍ അഭ്യര്‍ഥിച്ചതെന്നാണു സൂചന.
സംഘര്‍ഷം തടയാന്‍ കൊട്ടിക്കലാശത്തിനു കടുത്ത നിയന്ത്രണമേര്‍പ്പെടുത്താന്‍ പോലിസ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി വിവിധ പാര്‍ട്ടികള്‍ ഒറ്റ സ്ഥലത്ത് കൊട്ടിക്കലാശം നടത്തരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു.
തിരഞ്ഞെടുപ്പ് ദിവസം അക്രമമുണ്ടായാല്‍ സ്ഥാനാര്‍ഥിയെ പ്രതിചേര്‍ത്ത് കേസെടുക്കുമെന്നു കാണിച്ച് കഴിഞ്ഞ ദിവസം വിവിധ സ്ഥാനാര്‍ഥികള്‍ക്ക് ജില്ലാ പോലിസ് മേധാവി നല്‍കിയ നോട്ടീസ് വിവാദത്തിലായതിനു പിന്നാലെയാണ് ജില്ലയിലെ മുഖ്യരണാധികാരി കൂടിയായ കലക്ടറുടെ നടപടി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ മറികടക്കുന്നതാണു കലക്ടറുടെ നടപടിയെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
സംസ്ഥാനത്ത് ആദ്യഘട്ടം തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിലെ പരസ്യപ്രചാരണം ഇന്നു വൈകീട്ട് അഞ്ചുവരെയാണ്. ഇത് ജില്ലയില്‍ വൈകീട്ട് മൂന്നുവരെയാക്കണമെന്നാവശ്യപ്പെട്ടാണ് കലക്ടര്‍ കത്തയച്ചിട്ടുള്ളത്. മുന്‍കാലങ്ങളില്‍ വൈകീട്ട് അഞ്ചിനു കലാശക്കൊട്ട് നടത്തിയപ്പോള്‍ സംഘര്‍ഷമുണ്ടായെന്നും അതിനാലാണ് കേന്ദ്രീകൃത പ്രചാരണം രണ്ടുമണിക്കൂര്‍ മുമ്പ് അവസാനിപ്പിക്കണമെന്നും അഭ്യര്‍ഥിച്ചിട്ടുള്ളത്.
എന്നാല്‍ ജില്ലയില്‍ അസാധാരണ സാഹചര്യമില്ലെന്നും കര്‍ഫ്യൂ, നിരോധനാജ്ഞ പോലുള്ളവ ഏര്‍പ്പെടുത്തിയില്ലെന്നും പാര്‍ട്ടികള്‍ മറുപടി നല്‍കിയിട്ടുണ്ട്.
മറ്റു ജില്ലകളെ അപേക്ഷിച്ച് കണ്ണൂരില്‍ എന്തോ നടക്കുന്നുവെന്ന പ്രതീതിയുണ്ടാക്കുകയാണു കലക്ടറും പോലിസും ചെയ്യുന്നതെന്നാണ് ഇടതുപക്ഷത്തിന്റെ ആരോപണം. അതിനിടെ, സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളിലെ കൊട്ടിക്കലാശത്തിനു പോലിസ് കര്‍ശന നിയന്ത്രണവും കാവലുമേര്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്.
Next Story

RELATED STORIES

Share it