azchavattam

കലാഭവന്‍ മണി, സലീംകുമാര്‍, ശ്രീശ്രീ രവിശങ്കര്‍

കലാഭവന്‍ മണി, സലീംകുമാര്‍, ശ്രീശ്രീ രവിശങ്കര്‍
X
uchaനിഷേധ്യമായ വേര്‍പാടുകളുടെ വാരങ്ങളാണ് കഴിഞ്ഞുപോയത്. അസാമാന്യ പ്രതിഭകള്‍ പൊടുന്നനെ കൊഴിഞ്ഞുപോയി. അവരില്‍ ഒഎന്‍വിയും രാജേഷ് പിള്ളയും കലാഭവന്‍ മണിയും എല്ലാം നമുക്ക് അത്രമേല്‍ പ്രിയപ്പെട്ടവരായിരുന്നു. അതുതന്നെയായിരുന്നു നവസാമൂഹിക മാധ്യമങ്ങളിലെ സുപ്രധാന ചര്‍ച്ചയും.
ജനപ്രിയത നേടിയ ആദ്യ ദലിതുകലാകാരന്‍ കലാഭവന്‍ മണിയെക്കുറിച്ച് അനുസ്മരിക്കുകയാണ് ദലിത് ചിന്തകന്‍ കെ കെ ബാബുരാജ്-
ജീവിതത്തിലെ ഏറ്റവും അടുത്ത ഒരാളുടെ മരണം നടന്നതുപോലുള്ള ദുഃഖമാണ് മണിയുടെ വേര്‍പാട് ഉണ്ടാക്കുന്നത്. കേരളത്തിലെ ദലിത് ശരീരങ്ങള്‍ ആദ്യമായി ജനപ്രിയത നേടുന്നത് ഈ അതുല്യ കലാകാരനിലൂടെയാണ്. അഭിനയം, നൃത്തം, പാട്ട്, മിമിക്രി മുതലായ ആവിഷ്‌കാരങ്ങളിലൂടെ അസാധാരണമായ പ്രതിഭ കാണിക്കുക മാത്രമല്ല, ഏറ്റവും കീഴാളരായ ജനങ്ങളെ സംബന്ധിച്ചിടത്തോളം തങ്ങളില്‍ ഒരാളാണ് മണിയെന്ന വികാരം ഉണ്ടാക്കുന്നതിനും അദ്ദേഹത്തിനു സാധിച്ചു.
'തൊണ്ണൂറുകളുടെ അവസാനം മഞ്ജുവാര്യരുമായി ചേര്‍ന്ന് മണി നടത്തിയ ഒരു ടെലിവിഷന്‍ നൃത്തസംഗീത ആവിഷ്‌കാരമാണ് മലയാളത്തിലെ ദൃശ്യമാധ്യമരംഗത്ത് കീഴാള ഉത്തരാധുനികതയ്ക്ക് ആരംഭം കുറിച്ച കലര്‍പ്പ് എന്നു ഞാന്‍ വിചാരിക്കുന്നു. ഒരു ദലിത് കലാകാരനോ കലാകാരിയോ ജനപ്രിയതാരമായി മാറുമ്പോള്‍ ഉണ്ടാവുന്ന എല്ലാ സംഘര്‍ഷങ്ങളും മണി അനുഭവിച്ചിട്ടുണ്ട്. അദ്ദേഹവുമായി വിപുലമായ ഒരു ഇന്റര്‍വ്യൂ നടത്തണമെന്നും അത് 'മാതൃഭൂമി' പോലുള്ള മുഖ്യധാരയിലൂടെ പ്രസിദ്ധീകരിക്കണമെന്നും ആഗ്രഹിച്ചിരുന്നതാണ്.'

'നിന്റെ കരിനാക്ക് ഫലിച്ചു'
വളരെ ഹൃദയസ്പര്‍ശിയായി കലാഭവന്‍ മണിയുമായുള്ള തന്റെ സൗഹൃദം ഓര്‍ക്കുകയാണ് ദേശീയ പുരസ്‌കാരജേതാവും നടനുമായ സലിംകുമാര്‍-
മണി...,
ഇന്നലെ നിന്റെ ചേതനയറ്റ ശരീരവും കണ്ടു വീട്ടില്‍ തിരിച്ചെത്തിയ ഞാന്‍, നീയും ജോണ്‍ ബ്രിട്ടാസും തമ്മിലുള്ള ഒരു ഇന്റര്‍വ്യൂവും കണ്ടു... അതില്‍ നീ ബ്രിട്ടാസിനോട് പറയുന്നുണ്ട,് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടി അഭിന യിച്ചിട്ടുള്ളത് നീയായിരിക്കും എന്ന്. പക്ഷേ, അത് നിന്റെ മരണശേഷം ആയിരിക്കാം ആളുകള്‍ തി   രിച്ചറിയുക എന്ന്. സത്യമാണ് ഒരു കലാകാരനെ അംഗീകരിക്കാന്‍ മരണം അനിവാര്യമായി വരുന്ന സന്ദര്‍ഭങ്ങള്‍, നിന്റെ കരിനാക്ക് ഫലിച്ചതുപോലെ എനിക്ക് തോന്നി.
നിന്റെ നാക്കിന്റെ ശക്തി ഏറ്റവും കൂടുതല്‍ അടുത്തറിഞ്ഞ ഒരാളാണ് ഞാന്‍. എന്റെ വിവാഹത്തലേന്ന് എന്റെ വീട്ടില്‍ വന്നു നാടന്‍പാട്ടൊക്കെ പാടുന്നതിന്റെ കൂട്ടത്തില്‍ ഒരു കാര്യം കൂടി നീ പറഞ്ഞു. 'ഞാന്‍ സിനിമയില്‍ വന്നു. ഇനി അടുത്തതായി വരുന്നത് സലിംകുമാര്‍ ആയിരിക്കും' എന്ന്. നീയതു പറഞ്ഞതിന്റെ രണ്ടാം ദിവസം അതു ഫലവത്തായി. സിനിമയില്‍ അഭിനയിക്കാന്‍ എന്നെ തേടി ആളുവന്നു. നിനക്കെല്ലാം ആഘോഷങ്ങള്‍ ആയിരുന്നു. ദേശീയ അവാര്‍ഡ് കിട്ടിയ എന്നെ ചാലക്കുടിയില്‍ വച്ച് ആദരിച്ചത് മൂന്ന് ആനകളുടെ അകമ്പടിയോടെയായിരുന്നു. 22 വര്‍ഷത്തെ കലാഭവനിലെ ദാരിദ്ര്യത്തിന്റെ നാളുകളില്‍ തുടങ്ങിയ സൗഹൃദം ഇന്നലെ അമൃതയുടെ ഐസിയുവില്‍ വച്ചുണ്ടാക്കിയ ശൂന്യത നികത്താന്‍ പറ്റില്ല മണി.
ഒരു മാര്‍ച്ചില്‍ കലാഭവന്റെ ടെംപോ വാനില്‍ ഞാന്‍ നിന്നെയും കാത്തിരുന്നിട്ടുണ്ട്. നീയായിരുന്നു ഗ്രൂപ്പ് ലീഡര്‍. അതായിരുന്നു നമ്മുടെ ആദ്യസമാഗമം. അന്ന് നീ എന്നോട് പറഞ്ഞു: 'ഇവിടെ ഇപ്പോള്‍ വേണ്ടത് ഒരു കോമഡി ചെയ്യുന്ന മിമിക്രിക്കാരനെ അല്ല, മ്യൂസിക് ചെയ്യുന്ന ഒരാളെയാണെന്ന്'. അന്നത്തെ പരിപാടി കഴിഞ്ഞു പിറ്റേന്ന് കലാഭവനില്‍ എത്തിയ എന്നെ അവിടെ സ്ഥിരം ആര്‍ട്ടിസ്റ്റാക്കിയതും നിന്റെ വാക്കുകളുടെ ബലത്തില്‍ മാത്രമായിരുന്നു.
കലാഭവന്റെ വാനില്‍ ബാക്കിലുള്ള സീറ്റുകളെ നമ്മള്‍ വിളിച്ചിരുന്ന പേരായിരുന്നു 'തെമ്മാടിക്കുഴി' എന്ന്. അവിടെയായിരുന്നു ഞാനും സാജനും ഒക്കെ. ഒരു ബീഡി വലിക്കാന്‍ നീയുറങ്ങുന്നതും നോക്കി എത്രയോ രാത്രികള്‍ ഞങ്ങള്‍ ഇരുന്നിട്ടുണ്ട്. നീയിപ്പോഴും ഉറങ്ങുകയാണ് മണി. ഇവിടെ പറവൂരില്‍ ബീഡിയും വലിച്ചു ഞാന്‍ ഇരിക്കുകയാണ്. പക്ഷേ, കലാഭവനില്‍ ചെന്ന് പരാതി പറയാന്‍ ഇന്ന് നീയില്ല. പരിപാടിക്കു കിട്ടുന്ന കാശില്‍ നിന്ന് പിഴയീടാക്കാന്‍ ആബേലച്ചനും ഇല്ല. ഞാന്‍ സ്വസ്ഥമായി ഇരുന്ന് വലിക്കുകയാണ്.
എന്നേക്കാള്‍ രണ്ടു വയസ്സിനു ഇളയതാണ് നീ. പക്ഷേ, എല്ലാ സീനിയോറിറ്റിയും തെറ്റിച്ചു നീയെന്നെ ഓവര്‍ടേക്ക് ചെയ്തു കളഞ്ഞു.
ആര്‍ട്ട് ഓഫ് ലിവിങും ഇന്ത്യന്‍ മിലിറ്ററിയും
Yamuna-bridgeഅനിവര്‍ അരവിന്ദ് എഴുതുന്നു: ആര്‍ട്ട് ഓഫ് ലിവിങ് എന്ന സ്വകാര്യ സംഘടനയുടെ 35ാമത് വാര്‍ഷികം ആഘോഷിക്കുന്ന വമ്പന്‍ പരിപാടിക്ക് താല്‍ക്കാലിക പാലങ്ങള്‍ പണിയുന്നത് ഇന്ത്യന്‍ മിലിറ്ററി. ഈ പരിപാടി പരിസ്ഥിതിക്ക് വരുത്തിവയ്ക്കാന്‍ പോവുന്ന വലിയ നാശങ്ങളെ വിലയിരുത്തി നാഷനല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ 120 കോടിയുടെ പിഴ റെക്കമെന്‍ഡ് ചെയ്തുകഴിഞ്ഞു.      ബലം പ്രയോഗിച്ച് തങ്ങളുടെ കൃഷിഭൂമി കൈ      യേറി പരിപാടി നടത്തുന്നതിനെതിരേ കര്‍ഷകര്‍   പരാതിപ്പെട്ടിട്ടും ആരും കണ്ട ഭാവം നടിച്ചിട്ടില്ല. ജെഎന്‍യുവിലെ ഗവേഷണവിദ്യാര്‍ഥികള്‍ക്ക് കൊടുക്കുന്ന ഇളവുകളില്‍ വിറളിപൂണ്ട ഒരു ടാക്‌സ് പേയറും മിലിറ്ററിയെ ഇത്തരമൊരു ജോലിക്ക് ഉപയോഗിക്കുന്നതിനെക്കുറിച്ച് അഭിപ്രായം പറയാന്‍ കാണാനില്ല.

ജനയുഗവും അമൃതകോളജ്
വലംപിരിശംഖും
ഇനിയെങ്കിലും മറ്റുള്ളവരുടെ കണ്ണിലെ പൊടിയെടുക്കുന്നതിനുമുമ്പ് അവനവന്റെ കണ്ണി   ലെ തടിയെടുക്കാന്‍ പറയുകയാണ് ഫേസ്ബുക്ക് യൂസറായ ഗോപിനാഥ് ഹരിത.
രാവിലെ 'റിപോര്‍ട്ടര്‍' ചാനലിലെ പത്രവാര്‍ത്താവലോകന പരിപാടിയില്‍ ജനയുഗത്തിനെതിരേ ശക്തമായ വിമര്‍ശനം. മനുഷ്യദൈവമായ അമൃതാനന്ദമയിയുടെ ഉടമസ്ഥതയിലുള്ള അമൃതാ കോളജിന്റെ പരസ്യം രണ്ടുപേജില്‍ കൊടുത്തതിനെ കുറിച്ചായിരുന്നു വിമര്‍ശനം. പണത്തിനു മുന്നില്‍ ആശയമെല്ലാം ഉപേക്ഷിക്കുന്നു എന്ന്.    കൊള്ളാം. അതേ ചാനലില്‍ അരമണിക്കൂര്‍ നീണ്ട സ്‌പോണ്‍സേര്‍ഡ് പരിപാടി കാണാറുള്ളതിങ്ങനെ. 2,990 രൂപ വിലവരുന്ന ഐശ്വര്യലക്ഷ്മി വലംപിരിശംഖു വാങ്ങി വീട്ടില്‍ വച്ചാല്‍ അവിടെ മഹാലക്ഷ്മി ഉണ്ടാവുമെന്നും ധനലാഭം, സന്താനലബ്ധി, തൊഴില്‍, ബിസിനസ്, കുടുംബസമാധാനം, കലാസാഹിത്യം തുടങ്ങി എല്ലാ മേഖലയിലും അഭിവൃദ്ധി നേടുമെന്നുമാണ് പരിപാടിയുടെ ഉള്ളടക്കം.

കനയ്യകുമാറിന്റെ പ്രസംഗം
നഷ്ടപ്പെടുത്തിയതെന്ത്?
നന്ദകുമാര്‍ എഴുതുന്നു: കനയ്യകുമാറിന്റെ പ്രസംഗം ഒരു രാജ്യത്തെ മുഴുവന്‍ അയാളുടെ ആരാധകരാക്കി എന്നു ചിലര്‍ പറയുന്നു. ഇതുവരെ കനയ്യയെ രാജ്യദ്രോഹിയായി കരുതിയിരുന്നവര്‍ മുഴുവന്‍ ഒരു പ്രസംഗത്തോടെ തിരിച്ചു ചിന്തിക്കാന്‍ തുടങ്ങി എന്നത് പക്ഷേ,  വ്യാകുലപ്പെടുത്തുകയാണ#ുണ്ടായത്. ഒരു പ്രസംഗത്തോടെ ജനങ്ങള്‍ക്ക് പ്രിയങ്കരനാവുക എന്നുവച്ചാല്‍ ആ പ്രസംഗത്തിന് പോതുബോധത്തെ തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞു എന്നാണര്‍ഥം. അങ്ങനെ പൊതുബോധത്തെ തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞ എന്താണ് കനയ്യകുമാറിന്റെ പ്രസംഗത്തില്‍ ഉണ്ടായിരുന്നത്?
ഞങ്ങളാണ് യഥാര്‍ഥ രാജ്യസ്‌നേഹികള്‍, നിങ്ങള്‍ രാജ്യദ്രോഹികളാണ് എന്നതാണ് ഫാഷിസ്റ്റുകള്‍ എതിരാളികള്‍ക്കു നേരെ ഉന്നയിക്കുന്ന സ്ഥിരം ആരോപണം. കൃത്രിമമായി അപരങ്ങളെ നിര്‍മിച്ചുകൊണ്ട് സ്വയംസാധൂകരണം നേടുക എന്നത് വളരെമുമ്പേ നിലനില്‍ക്കുന്ന ഫാഷിസ്റ്റ് തന്ത്രമാണല്ലോ. ഈ ആരോപണത്തെ നേരെ തിരിച്ചിടുക മാത്രമാണ് കനയ്യകുമാര്‍ ചെയ്തത്. കര്‍ഷകര്‍ക്കുവേണ്ടി വാദിക്കുന്ന ഞങ്ങളാണ് യഥാര്‍ഥ രാജ്യസ്‌നേഹികള്‍, നിങ്ങള്‍ ഹിന്ദുത്വവാദികള്‍ ആണ് രാജ്യത്തിന്റെ ശത്രുക്കള്‍ എന്ന തലതിരിഞ്ഞ ലളിതദ്വന്ദ്വം അവതരിപ്പിക്കുക മാത്രമാണ് കനയ്യകുമാര്‍ അടക്കമുള്ള ലിബറല്‍ ഇടതുവാദികള്‍ ഇതുവരെ ചെയ്തുപോന്നത്.
ജാമ്യംകിട്ടി പുറത്തിറങ്ങിയശേഷം സംഘപരിവാരത്തിനേക്കാള്‍ വലിയ ദേശീയവാദിയായി സ്വയം സ്ഥാപിച്ചു. ഒരൊറ്റ പ്രസംഗംകൊണ്ട് ജനലക്ഷങ്ങളെ തന്റെ ആരാധകരാക്കി. എന്നാല്‍ മറുവശത്ത്, ദേശീയതയെയും മനുഷ്യസ്വാതന്ത്ര്യത്തെയും കുറിച്ച് പലരും ഉയര്‍ത്തിക്കൊണ്ടുവന്ന സംവാദങ്ങള്‍ മുഴുവന്‍ ഒറ്റയടിക്ക് റദ്ദുചെയ്യപ്പെട്ടു. ആ ചെറുപ്പക്കാരന് ജനങ്ങളുടെയും മാധ്യമങ്ങളുടെയും മാനസപുത്രനാവാന്‍ കഴിഞ്ഞു. പക്ഷേ, പകരം നഷ്ടപ്പെട്ടത് വ്യത്യസ്തമായി ചിന്തിക്കാനുള്ള, ജനപ്രിയമാവാന്‍ ഒരു തരത്തിലും സാധ്യമല്ലാത്ത ഒരവസരമായിരുന്നു.
ആ ചെറുപ്പക്കാരനുവേണ്ടി കൈയടിക്കുന്നവരുടെ, ആര്‍പ്പുവിളിക്കുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

ന്യൂജെന്‍ ഭാഗവതം
സി പി മുഹമ്മദലി എഴുതുന്നത്: എവിടെ സംഘികള്‍ പ്രതിസന്ധിയിലാകുന്നുവോ
എവിടെ മുഖംമൂടികള്‍ അഴിഞ്ഞുവീഴുന്നുവോ
എവിടെ വോട്ട് ബാങ്കിന് വിള്ളല്‍ വീഴുന്നുവോ
അവിടെ 'ഭീകരര്‍' അവതരിക്കും.
അതിപ്പൊ, പാര്‍ലമെന്റോ, താജ് ഹോട്ടലോ, നാഗ്പൂരിലെ ആസ്ഥാനം തന്നെയോ ആക്രമിച്ചിട്ടായാലും ശരി അവതാരലക്ഷ്യം പൂര്‍ത്തീകരിക്കും.

മിനറല്‍വാട്ടര്‍ സംസ്‌കാരം
കിരണ്‍ തോമസ് എഴുതുന്നു: എറണാകുളത്ത് പുതുതായി ആരംഭിച്ച ഗള്‍ഫുകാരുടെ ഹോട്ടലുകളിലൊക്കെ കുടിക്കാന്‍ മിനറല്‍വാട്ടര്‍ ബോട്ടില്‍ വയ്ക്കുന്ന പുതിയൊരു സംസ്‌കാരം കണ്ടുവരുന്നു. ഇതുവേണ്ട ചൂടുവെള്ളം മതി എന്നു പറഞ്ഞാല്‍ വെയിറ്ററുടെ അടക്കം മുഖം വാടും. വെയിറ്റര്‍മാരും എക്‌സ് ഗള്‍ഫാണെങ്കില്‍ പ്രത്യേകിച്ചും. ലുലുമാളിലെ ഫുഡ്‌കോര്‍ട്ടിലാണെങ്കില്‍ ബോട്ടില്‍വാട്ടര്‍ അല്ലാതെ വേറെ ഓപ്ഷനേ ഇല്ല. വെള്ളത്തിനു വേണമെങ്കില്‍ ഇവര്‍ ചാര്‍ജ് ചെയ്‌തോട്ടെ പക്ഷേ, ഓരോ ടേബിളിലും ഓരോ കുപ്പി വെള്ളം ഓരോ കസ്റ്റമര്‍ക്കും കൊടുക്കുമ്പോള്‍ ഉണ്ടാവുന്ന പ്ലാസ്റ്റിക് വേസ്റ്റിനെപ്പറ്റി ഇവര്‍ക്ക് ഒരു ബോധവുമില്ലല്ലോ എന്നോര്‍ക്കുമ്പോഴാണ് സങ്കടം. പിന്നെ എല്ലാം തൊഴിലു കൊടുക്കാന്‍ വേണ്ടിയുള്ള സേവനങ്ങളാണല്ലൊ എന്നതാണ് ഒരാശ്വാസം.
Next Story

RELATED STORIES

Share it