കലാഭവന്‍ മണിയുടെ മരണകാരണം രൂക്ഷമായ കരള്‍രോഗം

ചാലക്കുടി: കലാഭവന്‍ മണിയുടെ മരണകാരണം കീടനാശിനിയല്ലെന്നും രൂക്ഷമായ കരള്‍രോഗമാണെന്നുമുള്ള നിഗമനത്തിലാണ് പോലിസ്. ഇതു സംബന്ധിച്ച് വിദഗ്ധ മെഡിക്കല്‍സംഘം വിശദമായ പരിശോധന നടത്തും. മരണകാരണത്തെ കുറിച്ച് വ്യക്തത വരുത്താന്‍ വിദഗ്ധ മെഡിക്കല്‍ സംഘം രൂപീകരിക്കും. ഫോറന്‍സിക്, രാസപരിശോധനാ വിദഗ്ധര്‍ക്കു പുറമേ മണിയെ ചികില്‍സിച്ച ഡോക്ടര്‍മാരും അടങ്ങുന്നതായിരിക്കും സംഘം. ആന്തരികാവയവങ്ങളിലെ വിഷപദാര്‍ഥങ്ങളുടെ അളവു വ്യക്തമാക്കുന്ന റിപോര്‍ട്ട് നല്‍കണമെന്ന് കാക്കനാട് കെമിക്കല്‍ ലാബിനോട് അന്വേഷണസംഘം പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്. ശരീരത്തിന്റെ എല്ലാ ഭാഗത്തും കീടനാശിനിയുടെ അംശം കണ്ടെത്തിയിട്ടില്ല. കരളില്‍ മാത്രമാണ് കീടനാശിനിയുടെ അംശം കാണപ്പെട്ടിട്ടുള്ളത്. കീടനാശിനി കഴിക്കുകയോ കഴിപ്പിക്കുകയോ ചെയ്താല്‍ ശരീരത്തിന്റെ എല്ലാ ഭാഗത്തും ഇവയുടെ അംശം കാണപ്പെടേണ്ടതാണ്. മണിയുടെ മരണം കൊലപാതകമല്ലെന്ന് അന്വേഷണസംഘം ഉറപ്പിച്ചു. മണിയുടെ സന്തതസഹചാരികളെയും സുഹൃത്തുക്കളെയും ചോദ്യംചെയ്തതില്‍നിന്നു കൊലപാതകം സംബന്ധിച്ചു യാതൊരു സൂചനയും ലഭിച്ചില്ല. ഇതോടെ പോലിസ് കസ്റ്റഡിയിലുണ്ടായിരുന്ന മൂന്ന് പേരെയും പോലിസ് വിട്ടയച്ചു. മുരുകന്‍, വിപിന്‍, അരുണ്‍ എന്നിവരെയാണു വിട്ടയച്ചത്.
Next Story

RELATED STORIES

Share it