കലാഭവന്‍ മണിയുടെ മരണം; ദുരൂഹത തുടരുന്നു

ചാലക്കുടി: കലാഭവന്‍ മണിയുടെ മരണം സംഭവിച്ചുള്ള ദുരൂഹത തുടരുന്നു. അസ്വാഭാവിക മരണമാണെന്ന് സൂചന നല്‍കുന്ന തരത്തിലാണ് പ്രാഥമിക റിപോര്‍ട്ട്. മണിയുടെ ആന്തരിക അവയവങ്ങളുടെ സാംപിളുകള്‍ ലാബ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ റിപോര്‍ട്ട് വന്നാലെ വ്യക്തതയാകൂ. മണിയോടൊപ്പം അവസാന ദിവസമുണ്ടായിരുന്ന കൂട്ടുകാരെയെല്ലാം മൂന്നു തവണ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു കഴിഞ്ഞു.

മണിയുടെ രക്തത്തില്‍ വ്യാജമദ്യത്തില്‍ മാത്രം കാണുന്ന മീഥൈന്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടതാണ് മരണത്തില്‍ അസ്വാഭാവികതയുടെ സംശയമുയര്‍ന്നത്. വ്യാജമദ്യം എങ്ങനെ മണിയുടെ ഔട്ട് ഹൗസായ പാഡിയിലെത്തിയെന്നതും ദുരൂഹതയുയര്‍ത്തുന്നുണ്ട്. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് വന്നാലെ ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കൂ. ബന്ധുക്കളടക്കം ഇരുപതില്‍പരം പേരാണ് അവസാനദിവസം പാഡിയിലുണ്ടായത്. മരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തതവരണമെങ്കില്‍ റിപോര്‍ട്ട് പുറത്തു വരണം. ഇതിനായി കാത്തിരിക്കുകയാണ് പോലിസ്.
ഒരാഴ്ച കഴിഞ്ഞാലേ പൂര്‍ണമായ റിപോര്‍ട്ട് ലഭിക്കൂ. മണിക്ക് ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ഉറപ്പിച്ച് പറയുന്നു. അങ്ങനെയെങ്കില്‍ വിഷാംശം രക്തത്തില്‍ കണ്ടതെങ്ങനെയെന്നാണ് സംശയമുയര്‍ത്തുന്നത്. സംഭവത്തിന്റെ ദുരൂഹത പുറത്തു കൊണ്ടുവരണമെന്നാണ് ചാലക്കുടിക്കാരുടേയും ആവശ്യം.
Next Story

RELATED STORIES

Share it