Flash News

കലാഭവന്‍ മണിയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍ ; സാമ്പത്തിക ഇടപാടുകളുമായി ബന്ധമെന്ന്

കലാഭവന്‍ മണിയുടെ മരണം  കൊലപാതകമെന്ന് സഹോദരന്‍ ; സാമ്പത്തിക ഇടപാടുകളുമായി ബന്ധമെന്ന്
X
Kalabhavan maniതൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ മരണം കൊലപാതകം തന്നെയാണെന്ന ആരോപണവുമായി സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍. മരണത്തിനു പിന്നില്‍ സാമ്പത്തിക ഇടപാടുകളുമായി ബന്ധമുണ്ട്. അന്വേഷണം മൊഴികള്‍ രേഖപ്പെടുത്തല്‍ മാത്രമായി ചുരുങ്ങിയെന്നും രാമകൃഷ്ണന്‍ മാധ്യമങ്ങളോടു പറഞ്ഞു.
മരണം നടന്ന് രണ്ടു മാസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ലാത്ത സാഹചര്യത്തില്‍ നീതിക്കുവേണ്ടി കലാഭവന്‍ മണിയുടെ കുടുംബം സമരം ചെയ്യേണ്ട അവസ്ഥയിലാണെന്നും ഇദ്ദേഹം പറഞ്ഞു. അന്വേഷണം കേവലം മൊഴികള്‍ രേഖപ്പെടുത്തല്‍ മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. മണിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അറിയുന്ന കാര്യങ്ങള്‍ അന്വേഷണസംഘത്തെ ധരിപ്പിച്ചിട്ടുണ്ട്.
കാക്കനാട് ലാബില്‍ നിന്ന് ഹൈദരാബാദിലെ സെന്‍ട്രല്‍ ലാബിലേക്കു കൊണ്ടുപോയ ആന്തരികാവയവങ്ങളിലെ വിഷസാന്നിധ്യത്തിന്റെ അളവു സംബന്ധിച്ച് ഇനിയും വിവരമില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണത്തില്‍ വിശ്വാസം നഷ്ടപ്പെട്ടുതുടങ്ങിയെന്ന രാമകൃഷ്ണന്റെ പ്രതികരണമുണ്ടായത്. മണിയുടെ മരണത്തിനു പിന്നില്‍ സാമ്പത്തിക ഇടപാടുകളുമായി ബന്ധമുണ്ടെന്ന തങ്ങളുടെ സംശയം ബലപ്പെടുകയാണ്. മണിയെ തേടി പാഡിയിലെത്തുന്നവരില്‍ പലരുമായി സാമ്പത്തിക ഇടപാടുകളുണ്ട്. പണം തിരികെ ചോദിച്ചതിനെ തുടര്‍ന്ന് പലരുമായും തര്‍ക്കമുണ്ടായിരുന്നു. മണിക്കൊപ്പം ഉണ്ടായിരുന്നവര്‍ തുടര്‍ച്ചയായി മദ്യം നല്‍കുമായിരുന്നു. ഇതില്‍ ഘട്ടംഘട്ടമായി വിഷം കലര്‍ത്തിയിരുന്നതായും തങ്ങള്‍ക്കു സംശയമുണ്ടെന്നും സഹോദരന്‍ പറയുന്നു.
പാഡിയോടു ചേര്‍ന്ന സ്ഥലത്ത് മണി വീടു നിര്‍മിക്കാനുള്ള ഒരുക്കത്തിലായിരുന്നു. ജീവിതത്തെക്കുറിച്ച് ദീര്‍ഘവീക്ഷണമുള്ള മണി ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലെന്നും രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it