കലാഭവന്‍ മണിയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

തിരുവനന്തപുരം: മലയാളത്തിന്റെ മഹാനടന്‍ കലാഭവന്‍ മണിയുടെ നിര്യാണത്തില്‍ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. പ്രശസ്ത നടന്‍ കലാഭവന്‍ മണിയുടെ അകാല നിര്യാണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുശോചിച്ചു. അദ്ദേഹം അവതരിപ്പിച്ച നാടന്‍ പാട്ടുകളിലൂടെയും മികച്ച വേഷങ്ങളിലൂടെയും ജനഹൃദയങ്ങളില്‍ ജീവിക്കുമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സമൂഹത്തിന്റെ താഴെ തട്ടില്‍നിന്നുയര്‍ന്ന് വന്ന് സിനിമാ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ മണിക്ക് കഴിഞ്ഞുവെന്ന് മാത്രമല്ല നാടന്‍ പാട്ടുകള്‍ ഉള്‍പ്പെടെയുള്ള തനത് കലാരൂപങ്ങളെ ജനകീയമാക്കാനും അദ്ദേഹത്തിനു കഴിഞ്ഞുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
തികഞ്ഞ പ്രതിബദ്ധതയുള്ള കലാകാരനായിരുന്നു കലാഭവന്‍ മണിയെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സാധാരണക്കാരെയും സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യരെയും വെള്ളിത്തിരയില്‍ അവതരിപ്പിച്ചാണ് അദ്ദേഹം ചലച്ചിത്ര പ്രേക്ഷകരുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയത്.
ചലച്ചിത്ര രംഗത്തിന്റെ വിസ്മയങ്ങളില്‍ മുഴുകി ജീവിക്കുമ്പോഴും ഇടതുപക്ഷപ്രസ്ഥാനത്തോട് അചഞ്ചലമായ കൂറ് അദ്ദേഹം പരസ്യമായി പ്രകടിപ്പിക്കാന്‍ ധൈര്യം കാട്ടിയിട്ടുണ്ട്.
മലയാള സിനിമയ്ക്ക് വലിയൊരു നഷ്ടമാണ് കലാഭവന്‍ മണിയുടെ അകാല വേര്‍പാടിലൂടെ ഉണ്ടായിരിക്കുന്നതെന്നും വിഎസ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
മിമിക്രി കലാരംഗത്തുനിന്ന് കഠിനാധ്വാനത്തിലൂടെ മലയാള സിനിമയിലെത്തി തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ സജീവസാന്നിധ്യമായി മാറിയ നടനാണ് കലാഭവന്‍ മണിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രനും അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

എസ്ഡിപിഐ
കോഴിക്കോട്: കലാഭവന്‍മണിയുടെ അകാല വിയോഗത്തില്‍ എസ്ഡിപിഐ അനുശോചിച്ചു. മലയാള സിനിമയ്ക്ക് തീരാനഷ്ടം. ജീവിതചിട്ടകള്‍ നിറഞ്ഞ ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് ജന്മം കൊടുത്ത കലാഭവന്‍ മണിയെ മലയാളികള്‍ എന്നും ഓര്‍മിക്കും.
സാമൂഹിക വ്യവസ്ഥയോട് എതിരിട്ട് സമൂഹത്തിന്റെ അടിത്തട്ടില്‍നിന്ന് ഉയര്‍ന്നുവന്ന കലാഭവന്‍ മണി സാധാരണക്കാരായ കലാകാരന്മാര്‍ക്ക് എന്നും പ്രചോദനമായിരുന്നു.
അദ്ദേഹത്തിന്റെ വേര്‍പാടില്‍ ദുഃഖിക്കുന്ന കുടുബത്തോടും സഹപ്രവര്‍ത്തകരോടും പങ്കുചേരുന്നതായി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്‌റഫ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

എന്‍സിപി
കൊച്ചി: ചലച്ചിത്രതാരം കലാഭവന്‍ മണിയുടെ നിര്യാണത്തില്‍ എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ അനുശോചിച്ചു. ചലച്ചിത്ര നടന്‍ എന്നതിലുപരി കലാ ലോകത്തെ സര്‍വകലാവല്ലഭന്‍ എന്ന് വിശേഷിപ്പിക്കാവുന്ന അതുല്യ പ്രതിഭയായിരുന്നു കലാഭവന്‍ മണിയെന്ന് ഉഴവൂര്‍ വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

സിബി മലയില്‍
കൊച്ചി: അന്തരിച്ച നടന്‍ കലാഭവന്‍ മണി മലയാള സിനിമയില്‍ പകരം വയ്ക്കാനില്ലാത്ത കലാകാരനായിരുന്നുവെന്ന് സംവിധായകന്‍ സിബി മലയില്‍.
ഹാസ്യ നടനായി സിനിമയില്‍ എത്തിയ കലാഭവന്‍ മണി മികച്ച സ്വഭാവ നടനും വില്ലനുമായി മലയാള സിനിമയ്ക്ക് പകരം വയ്ക്കാനില്ലാത്ത കലാകാരനായി മാറിയിരുന്നു. മണിയ്ക്കു മാത്രം ചെയ്യാന്‍ സാധിക്കുന്ന കഥാപാത്രങ്ങളുണ്ടായിരുന്നു.
തന്റെ അക്ഷരം എന്ന സിനിമയില്‍ ആണ് മണി ആദ്യമായി അഭിനയിക്കുന്നത്. ഓട്ടോഡ്രൈവറുടെ വേഷത്തിലായിരുന്നു മണിയുടെ മലയാള സിനിമയിലെ ആദ്യ അരങ്ങേറ്റം. സിനിമയിലെ സജീവ സാന്നിധ്യമായിരുന്ന മണിയുടെ മരണം വിശ്വസിക്കാനാവുന്നില്ല.
ഈ വര്‍ഷം മലയാള സിനിമയ്ക്ക് നഷ്ടങ്ങളുടെ വര്‍ഷമാണ്. 15ഓളം കലാകാരന്‍മാരാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മലയാള സിനിമയ്ക്ക് നഷ്ടമായിരിക്കുന്നതെന്നും സിബി മലയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it