കലാഭവന്‍ മണിയുടെ ദുരൂഹമരണം സിബിഐ അന്വേഷണം സ്വാഗതം ചെയ്ത് ബന്ധുക്കള്‍

ചാലക്കുടി(തൃശൂര്‍): കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് കൈമാറിയ സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി മണിയുടെ ഭാര്യ നിമ്മിയും സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനും അറിയിച്ചു. അന്വേഷണം പുതിയൊരു ഏജന്‍സിക്ക് വിടുന്നത് എല്ലാംകൊണ്ടും നല്ലതാണ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിരവധി സംഘടനകളും രംഗത്തെത്തിയിരുന്നു. അവരോടുള്ള നന്ദിയും അറിയിക്കുന്നതായി രാമകൃഷ്ണന്‍ പറഞ്ഞു.
മണിയുടെ മരണത്തില്‍ തുടക്കം മുതലേ ദുരൂഹതയുണ്ടായിരുന്നു. സഹോദരന്റെ മരണം കൊലപാതമാണെന്ന് ഉറച്ച് വിശ്വസിക്കുന്നു. ദുരൂഹത സംബന്ധിച്ച് പോലിസില്‍ പരാതി നല്‍കിയെങ്കിലും തൃപ്തികരമായ അന്വേഷണമുണ്ടായില്ല. കുറ്റവാളികളെ രക്ഷിക്കുന്ന തരത്തിലുള്ള സമീപനമാണ് പോലിസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. പാഡിയില്‍ വച്ച് അബോധാവസ്ഥയിലായ സഹോദരനെ ആശുപത്രിയിലേക്ക് കൊണ്ടുപോവുമ്പോള്‍ തൊട്ടടുത്തുണ്ടായിരുന്ന വീട്ടുകാരെയൊ ബന്ധുക്കളെയോ അറിയിച്ചില്ല. അന്ന് രാത്രിതന്നെ പാഡിയിലെ വസ്തുക്കളെല്ലാം തിടുക്കത്തില്‍ മാറ്റിയതിലും ദുരൂഹതയുണ്ട്. പാഡിയില്‍ വ്യാജമദ്യം എത്തിച്ചവരെ കുറിച്ച് പോലിസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തതയില്ല. മണിയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയിട്ടുണ്ട്. ഇത് എങ്ങനെ വന്നു എന്നത് സംബന്ധിച്ചും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തൃപ്തികരമായ മറുപടി നല്‍കാനായില്ല. സംഭവദിവസം പാഡിയില്‍ എത്തിയവരെ ചോദ്യം ചെയ്താല്‍ മുഴുവന്‍ സത്യങ്ങളും പുറത്തുവരും. കേസ് അട്ടിമറിക്കാനും അന്വേഷണം മനപ്പൂര്‍വം വൈകിക്കാനും പോലിസ് ശ്രമിച്ചു.
അന്വേഷണം നിശ്ചലമായപ്പോള്‍ മണിയുടെ കുടംബം നിരാഹാര സമരത്തിനൊരുങ്ങി. ഈ സമയത്ത് മന്ത്രി എ സി മൊയ്തീനും ബി ഡി ദേവസ്സി എംഎല്‍എയും ഇടപെട്ട് അന്വേഷണം ശരിയായ ദിശയില്‍ കൊണ്ടുവരുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഈ ഉറപ്പിന്‍മേല്‍ നിരാഹാര സമരം മാറ്റിവച്ചു. തുടര്‍ന്ന് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് മണിയുടെ ഭാര്യ നിമ്മിയും സഹോദരന്‍ രാമകൃഷ്ണനും പരാതി നല്‍കി. പരാതി നല്‍കി ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ അന്വേഷണം സിബിഐക്ക് വിട്ടതില്‍ സര്‍ക്കാരിനോടുള്ള നന്ദി അറിയിക്കുകയാണെന്നും രാമകൃഷ്ണന്‍ പറഞ്ഞു. മാര്‍ച്ച് 6നാണ് കലാഭവന്‍ മണി ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടത്.
മണിയുടെ ചേനത്തുനാട്ടിലുള്ള വീടിനോട് ചേര്‍ന്ന പാഡിയില്‍ തലേദിവസം അസ്വസ്ഥത അനുഭവപ്പെടുകയും തുടര്‍ന്ന് സുഹൃത്തുക്കള്‍ എറണാകുളത്തെ അമൃത ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. തുടര്‍ന്നാണ് മരണം സംഭവിച്ചത്. മണിയുടെ മരണത്തില്‍ ദുരൂഹതയുള്ളതായി തുടക്കം മുതലേ വീട്ടുകാര്‍ ആരോപിച്ചിരുന്നു. ഈ ആരോപണം ശരിവയ്ക്കുന്ന തരത്തിലുള്ള രാസപരിശോധനാ ഫലമാണ് പിന്നീട് ലഭിച്ചത്. മണിയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതോടെ മരണം കൊലപാതമാണെന്ന നിഗമനത്തിലെത്തി പോലിസ്. മണിയുമായി ബന്ധപ്പെട്ട നിരവധി പേരെ പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും മതിയായ തെളിവുകളൊന്നും ലഭിച്ചില്ല. അന്വേഷണത്തില്‍ കാര്യമായ പുരോഗതിയൊന്നും ഇല്ലാതായതോടെയാണ് കുടുംബാംഗങ്ങളും വിവിധ സംഘടനകളും സിബിഐ അന്വേഷണമാവശ്യപ്പെട്ട് രംഗത്തെത്തിയത്.
Next Story

RELATED STORIES

Share it