കലമാനിനെ വെടിവച്ചു കൊന്നു; ഒരാള്‍ അറസ്റ്റില്‍

ഈരാറ്റുപേട്ട: കലമാനിനെ വേട്ടയാടി കൊന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. പൂഞ്ഞാര്‍ പറത്താനം മുണ്ടയ്ക്കല്‍ തോമസ് മത്തായി (40) ആണ് അറസ്റ്റിലായത്. കലമാനിന്റെ ജഡം കടത്തിക്കൊണ്ടു വന്ന ജീപ്പും പോലിസ് കസ്റ്റഡിയിലെടുത്തു. മൂന്നു പേര്‍ ഓടി രക്ഷപ്പെട്ടു.
ഇന്നലെ രാവിലെ ആറിന് ഈരാറ്റുപേട്ടക്കു സമീപം പ്ലാശനാലില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്ലാശനാല്‍ ചേറാടി സുനില്‍, സഹോദരന്‍ അനില്‍ ഉള്‍പ്പെടെ മൂന്നു പേര്‍ ഓടി രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി ഇടുക്കി കുളമാവില്‍ നിന്നാണ് സംഘം 60 കിലോയോളം തൂക്കം വരുന്ന കലമാനിനെ വെടിവച്ചു കൊന്നത്. ക്രിസ്മസ് ആഘോഷത്തിനായി വേട്ടയാടി കൊണ്ടുവന്ന കലമാനിനെ പ്ലാശനാലില്‍ എത്തിച്ച് വീതം വയ്ക്കുന്നതിനിടെയാണ് പോലിസ് പിടികൂടിയത്. കലമാനിനെ കൊണ്ടുവന്ന ജീപ്പില്‍ നിന്ന് ഒരു തോക്കും കശാപ്പ് ആയുധങ്ങളും പോലിസ് കണ്ടെടുത്തു. പ്രതികളിലൊരാളായ ചേറായി സുനിലിന്റെ വീട്ടില്‍ നിന്ന് ലൈസന്‍സ് ഇല്ലാത്ത തോക്കും പോലിസ് പരിശോധനയ്ക്കിടെ പിടിച്ചെടുത്തു.
വന്യജീവികളെ കൊലപ്പെടുത്തിയെന്ന കേസാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഈരാറ്റുപേട്ട പോലിസ് എസ്‌ഐ കെ എസ് ജയന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പ്രതി തോമസ് മത്തായിയെ അറസ്റ്റ് ചെയ്ത് ജീപ്പ് കസ്റ്റഡിയിലെടുത്തത്. സംഭവമറിഞ്ഞ് എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ സാന്‍ട്രോ, സ്‌റ്റേഷന്‍ ഫോറസ്റ്റര്‍ ഓഫിസര്‍മാരായ മഹേഷ് കുമാര്‍ എം, കെ സി വിനോദ് എന്നിവര്‍ എരുമേലി പോലിസ് സ്‌റ്റേഷനിലെത്തി മഹസ്സര്‍ തയ്യാറാക്കി.
Next Story

RELATED STORIES

Share it