കലങ്ങി മറിഞ്ഞ് ഒടുവില്‍ ദേവികുളം മണിയിലെത്തി

സി എ സജീവന്‍

തൊടുപുഴ: കലങ്ങിയും തെളിഞ്ഞും ദേവികുളം മണ്ഡലത്തിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് രാഷ്ട്രീയം കെപിസിസി വൈസ് പ്രസിഡന്റ് എ കെ മണിയിലെത്തി നില്‍ക്കുകയാണ്. സംവരണ മണ്ഡലമായ ദേവികുളത്ത് സ്ഥാനാര്‍ഥിത്വം മൂന്നാംതവണയാണ് മാറിമറിഞ്ഞത്. ഐഎന്‍ടിയുസി ദേശീയ നേതാക്കളുടെ കടുത്ത സമ്മര്‍ദ്ദമാണ് ഈ മലക്കംമറിച്ചിലുകള്‍ക്കു കാരണമെന്നാണ് വിവരം. മണി ഇവിടെ പ്രചാരണ പരിപാടികള്‍ തുടങ്ങിക്കഴിഞ്ഞു. രാജാറാമിന്റെ പോസ്റ്ററുകളും ഫഌക്‌സുകളുമൊക്കെ നീക്കി പകരം എ കെ മണിയുടെ പ്രചാരണ സാമഗ്രികള്‍ നിരന്നുകഴിഞ്ഞു.
ആദ്യഘട്ടം മുതല്‍ ഇവിടെ മുന്‍ എംഎല്‍എ എ കെ മണിയുടെ പേരാണ് പറഞ്ഞ്‌കേട്ടത്. ഒപ്പം ഡി കുമാറിന്റെ പേരുമുണ്ടായിരുന്നു. സ്ഥാനാര്‍ഥിപ്പട്ടികയിലും ഒന്നാംപേരുകാരന്‍ എ കെ മണിയായിരുന്നു.
എന്നാല്‍, ആദ്യ ഔദ്യോഗിക സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവന്നപ്പോള്‍ നാലാം പേരുകാരനായ ആര്‍ രാജാറാമിനായിരുന്നു ഇടംകിട്ടിയത്. ഇതിനെതിരേ മണിയുടെ അനുയായികള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. എന്നിരുന്നാലും ഇതു വകവയ്ക്കാതെ ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് കൂടിയായ ആര്‍ രാജാറാം പ്രചാരണവും ആരംഭിച്ചു.
കഴിഞ്ഞ ദിവസം രാജാറാമിന്റെ നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ അടിമാലിയില്‍ ചേര്‍ന്നിരുന്നു. തുടര്‍ന്ന് രാജാറാം പ്രചാരണം ശക്തമാക്കിയിരുന്നു. പോസ്റ്ററും ഫഌക്‌സും അടിച്ച് നാട്ടിലെല്ലാം പതിക്കുകയും ചെയ്തു.
വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സ്ഥാനാര്‍ഥി മാറുന്നുവെന്ന സൂചനകള്‍ വന്നത്. വെള്ളിയാഴ്ചയും രാജാറാം പ്രചാരണത്തിലായിരുന്നു. ഇതിനിടെയാണ് കണ്ണന്‍ ദേവന്‍ പ്ലാന്റേഷനിലെ ഐഎന്‍ടിയുസി യൂനിയന്‍ വൈസ് പ്രസിഡന്റ് ഡി കുമാറിന്റെ പേര് പരിഗണിക്കുന്നതായി വാര്‍ത്തകള്‍ വന്നത്. കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ നേരിട്ട് വിളിച്ചു സ്ഥാനാര്‍ഥിത്വം അറിയിച്ചതായി ഡി കുമാര്‍ തേജസിനോട് പറഞ്ഞു.
പിന്നീട് നടന്ന അണിയറ നീക്കങ്ങള്‍ക്കൊടുവില്‍ സ്ഥാനാര്‍ഥിക്കുപ്പായം എ കെ മണിക്കാവുകയായിരുന്നു. എന്നാല്‍, തന്റെ നേതാവ് എ കെ മണിയാണെന്നും അദ്ദേഹത്തിനായി പ്രവര്‍ത്തിക്കാന്‍ സന്തോഷമേയുള്ളുവെന്നുമാണ് രാജാറാമിന്റെ നിലപാട്. ഡി കുമാര്‍ മനസ്സ് തുറന്നിട്ടില്ല.
സൗത്ത് ഡിവിഷനില്‍ ചൊക്കനാട് എസ്‌റ്റേറ്റിലെ സാധാരണ തൊഴിലാളിയാണ് രാജാറാം. പൊമ്പിളൈ ഒരുമൈയുടെ അനൗദ്യോഗിക പിന്തുണയായിരുന്നു ഇദ്ദേഹത്തിന്റെ പ്ലസ്‌പോയന്റ്. ഡിസിസി പ്രസിഡന്റിനും താല്‍പര്യം ഇദ്ദേഹത്തോടായിരുന്നു.
സൗത്ത് ഇന്ത്യ പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ (ഐഎന്‍ടിയുസി) പ്രസിഡന്റും കെപിസിസി വൈസ് പ്രസിഡന്റുമാണ് എ കെ മണി. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ ഇവിടെ എസ് രാജേന്ദ്രനാണ് ഇടതു സ്ഥാനാര്‍ഥി. ഇദ്ദേഹം ഇവിടെ രണ്ടാംഘട്ട പര്യടനത്തിലാണ്.
Next Story

RELATED STORIES

Share it