Idukki local

കലക്ടറുടെ ഉത്തരവ് ലംഘിച്ചതിന് എക്‌സ്‌കവേറ്ററുകള്‍ പിടിച്ചെടുത്തു

തൊടുപുഴ: ചട്ടംലംഘിച്ച് റോഡിന്റെ വശങ്ങളില്‍ കുഴികളെടുത്ത രണ്ട് എക്‌സ്‌കവേറ്ററുകള്‍ പോലിസ് കസ്റ്റഡിയിലെടുത്തു. തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാവുന്നതുവരെ റോഡിന്റെ വശങ്ങളില്‍ കുഴികള്‍ എടുക്കുന്നതു നിരോധിച്ച് കലക്ടര്‍ ഇറക്കിയ ഉത്തരവിനെതിരായി പ്രവര്‍ത്തിച്ച രണ്ട് മണ്ണുമാന്തി വണ്ടികളാണ് പോലിസ് കസ്റ്റഡിയിലെടുത്തത്.
ഉടുമ്പന്‍ചോലയ്ക്കും മൈലാടുംപാറയ്ക്കും ഇടയില്‍ ഭൂമിയ്ക്കടിയിലൂടെ സ്ഥാപിച്ച ബിഎസ്എന്‍എല്ലിന്റെ ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകള്‍ കുഴിയെടുത്തപ്പോള്‍ മുറിഞ്ഞുപോയി. ഒരു സ്വകാര്യ കമ്പനിയുടെ സബ് കോണ്‍ട്രാക്ടറുടെ മണ്ണുമാന്തി വണ്ടികളാണ് കുഴിയെടുത്തത്.
കേബിളുകള്‍ മുറിച്ചതുമൂലം മൂന്നു ലക്ഷം രൂപയും ലോക്കല്‍ കോപ്പര്‍ കേബിള്‍ മുറിഞ്ഞതുമൂലം 60,000 രൂപയും ഉള്‍പ്പെടെ 3.6 ലക്ഷം രൂപയുടെ നാശനഷ്ടം ബിഎസ്എന്‍എല്ലിന് ഉണ്ടായി. റോഡിന്റെ വശങ്ങളില്‍ കുഴികള്‍ എടുക്കുന്നതുമൂലം ടെലിഫോണ്‍, മൊബൈല്‍, മറ്റ് വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തുടങ്ങിയവയ്ക്ക് തടസ്സം നേരിടുമെന്നതിനാല്‍ തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാവുന്ന മെയ് 31 വരെ റോഡിന്റെ വശങ്ങളില്‍ കുഴികള്‍ എടുക്കരുതെന്ന് കലക്ടര്‍ ഉത്തരവിട്ടിരുന്നു. ഉത്തരവിന്റെ ലംഘനം ബോധ്യപ്പെട്ടതിനാലാണ് പോലിസ് ഇവര്‍ക്കെതിരേ കേസെടുത്ത് നടപടികള്‍ ആരംഭിച്ചത്.
Next Story

RELATED STORIES

Share it