കലക്ടര്‍ക്ക് വിജിലന്‍സിന്റെശുദ്ധിപത്രമെന്ന് സൂചന

കൊച്ചി: കൊച്ചി മെട്രോ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ശീമാട്ടി ഉടമ ബീന കണ്ണനെ വഴിവിട്ടു സഹായിച്ചുവെന്ന ആരോപണത്തില്‍ എറണാകുളം ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യത്തിന് വിജിലന്‍സിന്റെ ശുദ്ധിപത്രമെന്ന് സൂചന. സ്ഥലമെടുപ്പ് നടപടിക്രമങ്ങളില്‍ രാജമാണിക്യത്തിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ടുയര്‍ന്ന പരാതി സംബന്ധിച്ച് ത്വരിത പരിശോധന നടത്തിയ വിജിലന്‍സ് സംഘം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നല്‍കിയിരിക്കുന്ന റിപോര്‍ട്ടില്‍ പറയുന്നതെന്നാണ് അറിയുന്നത്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍)നെയും സര്‍ക്കാരിനെയും വന്‍ സാമ്പത്തിക ബാധ്യതയില്‍നിന്ന് രക്ഷിക്കുകയാണ് കലക്ടര്‍ ചെയ്തതെന്നും റിപോര്‍ട്ടില്‍ പറയുന്നു. വിജിലന്‍സ് തിരുവനന്തപുരം സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റായിരുന്നു ത്വരിത പരിശോധന നടത്തിയത്. ശീമാട്ടിയുടെ സ്ഥലം ഉഭയകക്ഷി  സമ്മതപ്രകാരം മാത്രമേ ഏറ്റെടുക്കാന്‍ കഴിയുമായിരുന്നുള്ളൂവെന്നും ഏകപക്ഷീയമായി ഏറ്റെടുക്കാന്‍ സാധിക്കുമായിരുന്നില്ലെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും സൂചനയുണ്ട്. ഭൂമി വിട്ടുനല്‍കുന്നത് മെട്രോ റെയിലിന്റെ ആവശ്യങ്ങള്‍ക്ക് മാത്രമാണെന്നും മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നുമുള്ള കരാറിലെ വ്യവസ്ഥ കെഎംആര്‍എല്ലിനെ ദോഷകരമായി ബാധിക്കുമെന്ന വാദം വിജിലന്‍സ് തള്ളിയതായാണ് അറിയുന്നത്. സെന്റിന് 52 ലക്ഷം രൂപ നിരക്കില്‍ സ്ഥലം ഏറ്റെടുത്തുകൊണ്ടുള്ള കരാറില്‍ ശീമാട്ടി ആവശ്യപ്പെട്ട 80 ലക്ഷം രൂപയുടെ കാര്യം ഉള്‍പ്പെടുത്തിയതുകൊണ്ട് നിയമപരമായി തിരിച്ചടിയുണ്ടാവാന്‍ സാധ്യതയില്ലെന്നും വിജിലന്‍സ് റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും സൂചനയുണ്ട്. സെന്റിന് 80 ലക്ഷം രൂപ ആവശ്യപ്പെട്ട് ശീമാട്ടിക്ക് നിയമനടപടിയെടുക്കാന്‍ അവകാശമുണ്ടെന്ന് മാത്രമാണ് കരാറില്‍ പറയുന്നത്. ശീമാട്ടിയുടെ തൊട്ടടുത്തുള്ള സ്ഥലങ്ങളില്‍ സെന്റിന് 52 ലക്ഷം രൂപ സ്ഥലവില നിശ്ചയിച്ചത് സിവില്‍ കോടതിയുടെ തീര്‍പ്പിന്റെ അടിസ്ഥാനത്തിലായിരുന്നതിനാല്‍ 80 ലക്ഷത്തിന് വേണ്ടിയുള്ള അവകാശ വാദം നിയമപരമായി നിലനില്‍ക്കില്ലത്രേ. കേസ് ഈ മാസം 31ന് പരിഗണിക്കും.
Next Story

RELATED STORIES

Share it