Fortnightly

കറുത്ത ലില്ലിപ്പൂക്കള്‍

മൊറോക്കന്‍ കഥ

അബുയൂസഫ് ത്വാഹ

ചുട്ടുപ്പൊള്ളുന്ന ആ ഗ്രീഷ്മ രാത്രിയില്‍ എല്ലാം സാധാരണപോലെ തോന്നിച്ചു. ജമാഅല്‍ഫനാ വലിയ തിരക്കിലാണ്; പ്രസിദ്ധമായ ഭക്ഷണശാലകളില്‍ നിന്നുയരുന്ന കൊതിയൂറുന്ന സുഗന്ധം ജനകൂട്ടങ്ങളെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. തിളക്കമാര്‍ന്ന വിളക്കുകളുടെ പ്രകാശത്തിനു കീഴെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നവര്‍, അവരെ കടന്നു പോകുന്ന ആളുകളെക്കുറിച്ച് ഒന്നുമറിയാതെ, മുന്നിലുള്ള ഭക്ഷണം വിഴുങ്ങികൊണ്ടിരിക്കുന്നു. സത്യത്തില്‍ അവരുടെ ശ്രദ്ധപിടിച്ചുപറ്റുന്ന ഒന്നും അവിടെ സംഭവിക്കുന്നില്ലായിരുന്നു. പെട്ടെന്ന് പരുക്കന്മാരായ തെരുവുപിള്ളേരുടെ ഒരു സംഘത്തിനിടയില്‍ ഒരു കലഹം പൊട്ടിപ്പുറപ്പെട്ടു. അവര്‍ പരസ്പരം അടിപിടി തുടങ്ങി. പേ പിടിച്ച നായ്ക്കളെപ്പോലെ. അതിലൊരുവന്‍ അട്ടഹസിച്ചു. 'റോബിയോ! റോബിയോ!! റോബിയോ!!!'
കലഹം താനേ നിലച്ചു. ഇടിച്ചു വീഴ്ത്തപ്പെട്ട കുട്ടികള്‍ സ്വയം എണ്ണീറ്റ് റോബിയോയുടെ അടുത്തേക്ക് വെച്ചു പിടിച്ചു. റോബിയോ കുറിയതും വലിയ തലയുമുള്ള പ്രായം കുറഞ്ഞ ഒരു പയ്യനായിരുന്നു. അവന്റെ മുടി അലങ്കോലപ്പെട്ടിരിക്കുന്നു. അവനെപ്പോഴും ചെള്ളിനെപ്പോലെ ചാടിവീഴുന്നവനാണ്. റൊട്ടിയുടെയും മീനിന്റെയും ഇറച്ചിയുടെയും സാലഡിന്റെയും അവശിഷ്ടത്തിനു വേണ്ടി അവരെല്ലാവരും മേശയ്ക്കരുകില്‍ ഒത്തുകൂടി.
കുറച്ചു സമയത്തിനു ശേഷം, കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങി. സംഭവിച്ചതൊന്നും ആരെയും മുറിവേല്‍പ്പിച്ചില്ല, ആ പന്നിത്തലയനെയൊഴികെ. അവന്റെ മൂക്കില്‍ നിന്നും ചോരയൊഴുകുന്നു. അവന്‍ സാവധാനം എഴുന്നേറ്റ് നിന്ന് കൂസലില്ലാതെ നടന്നകന്നു.
പീയിംഗ് എയ്ച്ചയ്ക്ക് അവനുവേണ്ടി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. എല്ലാം കഴിഞ്ഞിരിക്കുന്നു. ആ അട്ടിമറി വിജയം കണ്ടു.
ഇപ്പോള്‍ ഏറ്റവും ശക്തനായ വ്യക്തി റോബിയോ ആണ്. മെലിഞ്ഞുണങ്ങിയ ഒരു കുട്ടി. ഒരു ചെകുത്താന്റെതുപോലെ അവന്റെ ശക്തിപൊട്ടിത്തെറിച്ചു നിന്നു. അവന്റെ ഭരണം ഇപ്പോള്‍ പരുക്കരായ കുട്ടികളുടെ 'സ്വാഭാവിക പാര്‍പ്പിടമായ ജമാഅല്‍ഫനായുടെ സാമ്രാജ്യത്തിലേക്കു കൂടി വ്യാപിച്ചിരിക്കുകയാണ്.
കാറ്റിന്റെ കുട്ടികളായ ഇവര്‍ എല്ലാ ദിവസവും അസ്തമയ നേരത്ത് ജമാഅല്‍ഫനായിലേക്ക് വന്യമൃഗങ്ങളെപ്പോലെ തിക്കിത്തിരക്കി വരികയും പകല്‍ സമയത്ത് ഒളിവില്‍ പോവുകയും ചെയ്യുന്നു. ഇരുട്ടില്‍ മാത്രം വിടരുന്ന ലില്ലിപൂക്കള്‍പോലെയായിരുന്നു അവര്‍.
പന്നിത്തലയന്റെ ആസൂത്രണമുറി യഥാര്‍ത്ഥത്തില്‍ നിലവിലില്ലാതായിരുന്നു; അവന്റെ പരാജയം അവന് വലിയ മുറിവേല്‍പ്പിച്ചിരുന്നു. കൂടാതെ അപ്രതീക്ഷിതമായി സംഭവിച്ച അവിടുത്തെ റോള്‍മാറ്റം സ്വീകരിക്കാന്‍ അവന് വലിയ ബുദ്ധിമുട്ടുണ്ടാക്കി എങ്കിലും കയ്പ്പു നിറഞ്ഞ ഒരു ഗുളിക വിഴുങ്ങുന്നതുപോലെ തോന്നിച്ച അവസ്ഥയില്‍ ജീവിക്കുകയല്ലാതെ അവന് മറ്റൊരു മാര്‍ഗ്ഗവുമില്ല. താനെന്നും ജീവിച്ചു പോന്നതും താന്‍ അറിഞ്ഞതുമായ ഒരേയൊരു ലോകത്തു നിന്ന് മൊത്തത്തില്‍ പുറംതള്ളപ്പെടുന്ന അവസ്ഥയില്‍ നിന്ന് രക്ഷപ്പെടുത്തുന്ന എന്തെങ്കിലുമൊരു തന്ത്രം ആലോചിക്കണം.
കാരണം, ഒരു കൂണുപോലെ വളരെ വേഗത്തില്‍ വളര്‍ന്നു പൊങ്ങിയ ഒരു ബാലന് ജീവിതത്തില്‍ എന്ത് പ്രതീക്ഷയാണുള്ളത്? അവന് സാധാരണ ലോകവുമായുള്ള ഒരേയൊരു ബന്ധം തടവറയില്‍ നിന്ന് തകര്‍ന്ന മനസുമായി പുറത്തിറങ്ങിയ പിതാവിന്റെ മങ്ങിയ ഓര്‍മ്മ മാത്രമാണ്. പ്ലാസ്റ്റിക് ഫാക്ടറിയിലുണ്ടായ ജീവനക്കാരുടെ സമരത്തില്‍ പങ്കെടുത്തതിനായിരുന്നു അയാള്‍ തടവിലാക്കപ്പെട്ടത്. തടവറയില്‍ മോചിതനായപ്പോള്‍ അയാള്‍ക്ക് ഒരു കാര്യം ബോധ്യപ്പെട്ടു തന്റെ ഭാര്യക്ക് ഇനി തന്നെ ആവശ്യമില്ല. കാരണം, അയാളുടെ അഭാവത്തില്‍ മുഴുകുടിയിലേക്കും വേശ്യാവൃത്തിയിലേക്കും അവള്‍ പൂര്‍ണമായും വീണുകഴിഞ്ഞിരുന്നു. അവന്റെ  പിതാവ് ദുഃഖവും കഠിനമായ ആസ്മയും മൂലം മരിച്ചു. അറിയപ്പെടാത്ത ലോകത്തിലേക്കുള്ള ക്ഷണം സ്വീകരിക്കുകയല്ലാതെ ഈ ബാലന് യാതൊരു മാര്‍ഗ്ഗവുമില്ലായിരുന്നു. വായുവില്‍ നിറഞ്ഞു നിന്ന രാത്രിയുടെ തിരക്കിലും ധൃതിയിലും തന്റെ പാദങ്ങള്‍ നയിക്കുന്ന ഇടങ്ങളിലേക്ക് അവന്‍ പാഞ്ഞു. ലോറികള്‍ക്കിടയില്‍ നിലത്തും, ടെലിഫോണ്‍ ബൂത്തുകള്‍ക്കടുത്തും, പള്ളികളുടെ കല്‍പ്പടവുകളിലും ഉറങ്ങുകയും, ബാക്കി വന്ന ഭക്ഷണം ലഭിക്കുന്ന ഇടങ്ങളിലേക്ക് നയിക്കപ്പെട്ടും അവന്‍ ജീവിതം നയിച്ചു വന്നു.
അവന്‍ ജീവനോടെയിരിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഒരു ചിന്തയുമില്ലാതെ അവന്റെ ചുറ്റിലും കണ്ട എല്ലാറ്റിലേക്കും കണ്ണോടിക്കും. പനിനീര്‍പൂവിന്റെ കവിളുകളുളള സൗന്ദര്യം നിറഞ്ഞ പെണ്‍കുട്ടികള്‍, ധനികരായ പുരുഷന്മാര്‍, മയിലുകളെ പോലെ നൃത്തം ചവിട്ടുന്ന സ്ത്രീകള്‍, ബഹളങ്ങള്‍ എല്ലാം അവന്റെ കണ്‍ുമുമ്പില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു നിശബ്ദമായി. ഒരു സ്ഫടിക മതിലിനു പിന്നില്‍ സംഭവിക്കുന്നതുപോലെ, അവനില്‍ ഇതൊന്നും ഒരു ചലനമുണ്ടാക്കിയില്ല.
ഈ കൊച്ചു ലോകം അപകടവും ബലാത്സംഗവും നിറഞ്ഞ ലോകം, അതിന്റെ ഭാഷമാത്രമാണ് അവന് മനസ്സിലാകുന്നത്; അതിനപ്പുറം അവന്റെ സംശയങ്ങള്‍ക്ക് യാതൊരു സാധ്യതയുമില്ല, ഭാവിയെക്കുറിച്ചുള്ള ഭയത്തിന് ഒരു യുക്തിയുമില്ല. കൂട്ടിക്കൊടുപ്പുകാര്‍ ബിരുദം നേടിയത് ജമാ അല്‍ഫനായില്‍ നിന്നായിരുന്നു. വീടില്ലാത്തവരും അലഞ്ഞുനടക്കുന്നവരും വന്നുപെട്ടതും, കള്ളന്മാര്‍ക്ക് പരിശീലനം ലഭിച്ചതും ഇവിടെതന്നെയായിരുന്നു. സര്‍ഗ്ഗ ശേഷിയുള്ള എഴുത്തുകാരുടെ ഇടവും, മുറിവൈദ്യന്മാരുടെയും കണ്‍കെട്ടുകാരുടെയും കപടന്മാരുടെയും സ്വവര്‍ഗരതിക്കാരുടെയും താവളവും ഇതുതന്നെയായിരുന്നു.
പോലിസ് അറസ്റ്റില്‍ നിന്നും രക്ഷപ്പെടാന്‍ വഴിതെളിഞ്ഞതിന് തന്റെ ഭാഗ്യ താരങ്ങളെ നന്ദിയറിയിക്കുകയായിരുന്നു പന്നിത്തലയന്‍. കട്ടെടുത്ത് മെറ്റലും കാര്‍ഡ് ബോര്‍ഡുമുപയോഗിച്ച് നഗരപ്രാന്തത്തിലൊരു കുടില്‍ പണിഞ്ഞ് തന്റെ സമകാലികരില്‍ നിന്ന് രക്ഷനേടാനും അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ കുടില്‍ തന്റെ അടിയന്തിര ഘട്ടത്തിലുള്ള ഒളിത്താവളമായിരുന്നു. പീയിംഗ് എയ്ച്ചയെ ഒരു ദിവസം കുടിലിലേക്ക് കൊണ്ടുപോയപ്പോള്‍, അത് ആര്‍ക്കും കാട്ടികൊടുക്കില്ലെന്ന് അവളെക്കൊണ്ട് ആണയിടീക്കാനും അവന്‍ മറന്നില്ല.
പീയിംഗ് എയ്ച്ച അവളുടെ വാഗ്ദാനം മാനിച്ചു. പക്ഷേ, അവളെ ഏറ്റവും അധികം ആകര്‍ഷിച്ചത് അവിടെയുള്ള ഒരു പോസ്റ്ററായിരുന്നു. മഡോണയുടെ കളര്‍ ചിത്രം. കാമാവേശം പൂണ്ട വദനവും തുളുമ്പുന്ന വലിയ മാറിടവും, മഡോണയുടെ രൂപം ഈ കുടിലില്‍ സ്‌ത്രൈണതയുടെ പ്രകാശവലയം തീര്‍ത്തു. അതില്‍ പന്നിത്തലയനു മാത്രം കേള്‍ക്കാവുന്ന നിശ്ശബ്ദവാക്കുകള്‍ നിറഞ്ഞിരുന്നു. അവന്‍ സിഗരറ്റു ചാരം ഒരു പഴയ പത്രത്തിന്റെ കഷ്ണത്തിലേക്ക് തട്ടും. ഒരു കൈ തെരച്ചുവച്ച് പുകവലിക്കുകയും, മഡോണയുടെ പോസ്റ്ററിലേക്ക് പ്രേമപരവശമായ ഒരു നോട്ടമെറിയുകയും ചെയ്യും. മഡോണ ഒരു യാഥാര്‍ത്ഥ്യമായി മാറും.
പീയിംഗ് എയ്ച്ച അവന്റെ കൂടെ കിടക്കയില്‍ കിടക്കും. അവള്‍ ശകാരിക്കുകയാണ്: 'ഇങ്ങനെ ചെയ്യുന്നത് നിര്‍ത്തൂ! എനിക്ക് ഗര്‍ഭിണിയാവാന്‍ വയ്യ. ഒരു കാര്യം ഞാന്‍ പറഞ്ഞേക്കാം, എനിക്ക് കുഞ്ഞുണ്ടായാല്‍ ആ പണ്ടാരത്തിനെ ഞാന്‍ നായ്ക്കള്‍ക്കെറിഞ്ഞു കൊടുക്കും. അവള്‍ പറയുന്നതൊന്നും പന്നിത്തലയന്റെ ചെവിയില്‍ കയറിയില്ല. അന്നായിരുന്നു അവള്‍ ആദ്യവും അവസാനവുമായി ആ കുടില്‍ കണ്ടത്. ആ ഇരുണ്ട, തൊലിയുള്ള, വൃത്തിയില്ലാത്ത പെണ്‍കുട്ടി- അവളുടെ കാല്‍മുട്ടുകള്‍ക്ക് കീഴോട്ട് രണ്ടായി പിരിയുന്നതിന് പകരം, കൂടിച്ചേര്‍ന്നു നിന്നു. അതു കൊണ്ട് അവള്‍ ഒരു പെന്‍ഡുലം നടക്കുന്നതുപോലെയായിരുന്നു നടന്നുകൊണ്ടിരുന്നത്.'
ജമാഅല്‍ഫനാ പുനരുത്ഥാന ദിനംപോലെയായിരുന്നു: വലിയ ജനകൂട്ടങ്ങള്‍, കത്തിത്തീരുന്ന പുകകള്‍, ആകര്‍ഷണീയമായ ഫാഷനില്‍ മേശപ്പുറത്ത് വച്ച ഭക്ഷണങ്ങളുടെ ഗന്ധം, കൂകി വിളിക്കുന്ന ശബ്ദങ്ങള്‍, തിരിച്ചറിയാനാവാത്ത വാചകങ്ങളുടെ കഷ്ണങ്ങള്‍, അസാധാരണമായ കഥകള്‍, നിഗൂഢമായ ഫത്‌വകള്‍- ഇവയെല്ലാം കൂടി പന്നിത്തലയന്റെ കൈവിരലുകളിലൂടെ പൂഴിത്തരികള്‍ പോലെ വഴുതിമാറിക്കൊണ്ടിരുന്നു.
ദിവസങ്ങളോളം അവന്‍ ജമാഅല്‍ഫനായില്‍ പോയില്ല. അവന് ഭക്ഷണം കിട്ടിയതെങ്ങനെയെന്ന് ദൈവത്തിന് മാത്രമേ അറിയൂ. എല്ലാവരും അവനെ ഉപേക്ഷിച്ചു. യഥാര്‍ത്ഥത്തില്‍ അവനെ അവര്‍ മറന്നുകഴിഞ്ഞിരുന്നു. ഉത്തരവുകളും നിര്‍ദ്ദേശങ്ങളും നല്‍കിയും കറുത്ത ലില്ലികള്‍ പോലെ അവര്‍ക്കിടയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ കുഞ്ഞു ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവരുന്ന കലഹങ്ങള്‍ അവസാനിപ്പിച്ചും, ജീവിച്ചിരുന്ന അവന്‍ അവരുടെയിടയില്‍ ഉണ്ടായിരുന്നതേയില്ല എന്നു തോന്നും. പീയിംഗ് എയ്ച്ച പോലും അവരെ പോലെയായിത്തീര്‍ന്നു.
'എങ്കിലും എന്റെ ഉമ്മ ബാപ്പയെ വിട്ട് കാമുകന്റെ കൂടെ ഒളിച്ചോടി. പന്നിത്തലയന്‍ പറഞ്ഞു.
പീയിംഗ് എയ്ച്ചയ്ക്ക് സങ്കടം വന്നു. പന്നിത്തലയന്റെ ചാപല്യവും റോബിയോടുള്ള ഭയവും എന്തെങ്കിലും ചെയ്യുന്നതില്‍ നിന്ന്് അവളെ തടഞ്ഞു. മേശമേല്‍ നിരത്തിവച്ചിരിക്കുന്ന ഭക്ഷണത്തിന്റെ നേര്‍ക്ക് വിശക്കുന്ന കുട്ടികള്‍ കൊതിയോടെ നോട്ടമെറിയുമ്പോള്‍, (അതിലൊരു പങ്ക് തങ്ങള്‍ക്ക് ലഭിക്കുമെന്ന് കരുതി), കാല്‍മുട്ടുകളില്‍ താടി അമര്‍ത്തി, ക്ഷീണം ബാധിച്ച് വിളറിയ മുഖവുമായി, ആകെ പരവശനായി ബേക്കറിക്കടയ്ക്കരികിലെ പാതയോരത്ത് ഇരിക്കുന്ന തന്റെ ചങ്ങാതിയെ പീയിംഗ് എയ്ച്ച കണ്ടു. കിയോസ്‌കിനു പിറകിലൂടെ പതിയെ ചെന്ന് അവള്‍ പിറകില്‍ നിന്ന് മന്ത്രിച്ചു: 'പ്‌സ്! പ്‌സ്!'.
അവശനായ ബാലന്‍ തിരിഞ്ഞു നോക്കി അവളുടെയടുത്തേക്ക് നടന്നു. അവളുടെ ചുമലിലേക്ക് അവന്‍ ചാഞ്ഞു; കുടിലിലേക്ക് എത്തണമെങ്കില്‍ അവര്‍ ഒത്തിരി നടക്കേണ്ടിയിരുന്നു. അവിടെയെത്തുമ്പോഴേക്കും ഇരുട്ടിത്തുടങ്ങിയിരുന്നു.  അവരുടെ ഞെട്ടലിന് വഴിയൊരുക്കിക്കൊണ്ട് കുടിലിന്റെ വാതില്‍ മലര്‍ക്കെ തുറന്നു കിടക്കുന്നു. ഭയം കൊണ്ട് പൊതിയപ്പെട്ട പീയിംഗ് എയ്ച്ച, സാബിത്, മൊറോക്കോയില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടുവെന്ന് ജനങ്ങള്‍ പറഞ്ഞുകൊണ്ടിരുന്ന ആ കൂറ്റന്‍ മൃഗം അവരെ ആക്രമിക്കുമെന്ന് സങ്കല്‍പിച്ചു. അവരൊരിക്കല്‍ തീക്കുണ്ഡത്തിനരികെ നില്‍ക്കുമ്പോള്‍ അവളും സുഹൃത്തുക്കളും ഒത്തിരി കേട്ടിരുന്നു ഈ മൃഗത്തെക്കുറിച്ച്.
മനുഷ്യന്റെ വൃത്തിക്കെട്ട ശിരസ്സുള്ള ഒരു കാളയാണ് അത് എന്ന് അവള്‍ സങ്കല്‍പ്പിച്ചു. അത് നിശബ്ദമായിരിക്കും. പക്ഷേ, അതിന്റെ ചെവിയില്‍ ഒരു ശബ്ദം മുഴങ്ങുമ്പോഴും കറുത്ത നക്ഷത്രമുള്ള ചുവന്ന വസ്ത്രം അതിന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടുകയും ഈ കാളകൂറ്റന്‍ തിരമാലപോലെ മുന്നോട്ട് ശക്തിയില്‍ കുതിക്കുകയും, സ്ത്രീകളുടെ ആന്തരാവയവങ്ങളും കൈകാലുകളും പറിച്ചുകീറി കഷ്ണങ്ങളാക്കിയെറിയുകയും ചെയ്തു. അകത്തുനിന്നും ഒരു മര്‍മ്മരം കേട്ടതോടെ അവളുടെ ഭയം വര്‍ദ്ധിച്ചു. ഭീതികൊണ്ട് അവള്‍ പുളഞ്ഞു. പക്ഷേ, കുടിലിനു പുറത്തേക്ക് ഒരു പൂച്ച ഇരുട്ടില്‍ നിന്ന് ഓടിമറഞ്ഞപ്പോള്‍ അവള്‍ക്ക് ആശ്വാസമായി.
അകത്തേക്ക് കടക്കുമ്പോള്‍ പന്നിത്തലയന്‍ പുറത്ത് തറയില്‍ മലര്‍ന്ന് കിടക്കുന്നത് അവളുടെ ശ്രദ്ധയില്‍പ്പെട്ടു. വയറ്റിലുള്ളതെല്ലാം അവന്‍ പുറത്തേക്ക് കളഞ്ഞിരിക്കുന്നു. ഇനി കുടല്‍ മാത്രമേ ബാക്കിയുള്ളു; കക്കിച്ചു തീര്‍ക്കാന്‍. ദുഃഖഭാരവും ഭയവും ബാധിച്ച അവള്‍ അവനെ അകത്തേച്ച് വലിച്ചിട്ടു നിലത്തു കിടത്തി. അവന്റെയടുത്ത് കിടന്ന് അവന്റെ കൈ അവളുടെ ശരീരത്തിലേക്കെടുത്തുവച്ചു. എന്നിട്ട് ഇടയ്ക്കിടയ്ക്ക് അവന്റെ കത്തുന്ന നെറ്റിത്തടം തൊട്ടുനോക്കിക്കൊണ്ടിരുന്നു.
പ്രഭാതവെളിച്ചം കൂരയിലാകെ നിറഞ്ഞപ്പോഴാണ് അവള്‍ അഗാധമായ ഉറക്കത്തിലായിരുന്നുവെന്ന് അവള്‍ക്ക് ബോധ്യമായത്. തന്റെ ശരീരത്തില്‍ കുറുകെ കിടന്നിരുന്ന തണുത്തു മരവിച്ച കൈ അവള്‍ എടുത്തുമാറ്റി. കണ്ണുനീരണിഞ്ഞ മുഖവുമായി അവള്‍ ആ കുടില്‍ വിട്ടേച്ചു പോയി.      ി

പരിഭാഷ: യൂസഫ് എ കെ
Next Story

RELATED STORIES

Share it