കറിപൗഡറുകളിലെ മായം; ഉല്‍പാദന കേന്ദ്രങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റെയ്ഡ്

തിരുവനന്തപുരം: വിപണിയില്‍ ലഭ്യമായിട്ടുള്ള കറിപൗഡറുകള്‍, ആട്ട, മൈദ, ഗോതമ്പ് എന്നിവയില്‍ മായം കലരുന്നുണ്ടെന്നും ഗുണനിലവാരത്തില്‍ കുറവുണ്ടെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന വ്യാപകമായി ഇവയുടെ ഉല്‍പാദന കേന്ദ്രങ്ങളില്‍ പരിശോധന നടത്താന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ഗോകുല്‍ ജി ആര്‍ നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ 19 വന്‍കിട ഉല്‍പാദക യൂനിറ്റുകള്‍ പരിശോധിച്ചു. ഇതില്‍ നാല് സ്ഥാപനങ്ങള്‍ക്ക് ഇംപ്രൂവ്‌മെന്റ് നോട്ടീസ് നല്‍കുകയും മൂന്ന് സ്ഥാപനങ്ങളില്‍നിന്നു പിഴയിനത്തില്‍ 18,000 രൂപ ഈടാക്കുകയും ചെയ്തു.
ഗുണനിലവാര പരിശോധനയ്ക്കായി കറിമസാലകളുടെ 14 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 37 സര്‍വയലന്‍സ് സാമ്പിളുകളും ശേഖരിച്ചു. കാസര്‍കോട് ജില്ലയിലെ കിന്‍ഫ്ര പാര്‍ക്കിലുള്ള പ്രസാദ് ഓയില്‍ മില്ലിന്റെ യൂനിറ്റ് ലൈസന്‍സ് ഇല്ലാത്തതിനാലും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ കണ്ടതിനെത്തുടര്‍ന്നു അടച്ചുപൂട്ടി.
കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് ആകെ നൂറ് വന്‍കിട ഉല്‍പാദക യൂനിറ്റുകള്‍ പരിശോധിച്ചു. ഇതില്‍ 19 സ്ഥാപനങ്ങള്‍ക്ക് ഇംപ്രൂവ്‌മെന്റ് നോട്ടീസ് നല്‍കുകയും 14 സ്ഥാപനങ്ങള്‍ക്ക് പിഴയിനത്തില്‍ 1,26,000 രൂപ ഈടാക്കുകയും ചെയ്തു. ഗുണനിലവാര പരിശോധനയ്ക്കായി കറിമസാലകളുടെ 75 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 167 സര്‍വയലന്‍സ് സാമ്പിളുകളും ശേഖരിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it