Idukki local

കര്‍ഷക സൗഹൃദ പദ്ധതികളുമായി ജില്ലാ പഞ്ചായത്ത് ബജറ്റ്

ചെറുതോണി: ഇടുക്കി ജില്ലാ പഞ്ചായത്ത് 2016-17ലേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. 194,49,07,000 രൂപ വരവും, 194,32,31,000 രൂപ ചെലവും,16,76,000 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോണ്‍ അവതരിപ്പിച്ചത്.ക്ഷീരകര്‍ഷകര്‍ക്കും മൃഗസംരക്ഷണത്തിനുമായി 2.20 കോടി രൂപയും,കാര്‍ഷിക ഓപണ്‍ മാര്‍ക്കറ്റിന് 30 ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്.
കര്‍ഷക സംഘങ്ങള്‍ക്ക് റിവോള്‍വിങ് ഫണ്ടായി 32 ലക്ഷം രൂപയും നെല്‍ കര്‍ഷകര്‍ക്ക് സബ്‌സിഡി ഇനത്തില്‍ 25 ലക്ഷം രൂപയും പച്ചക്കറി ശീതീകരണ സംഭരണിക്കായി 30 ലക്ഷം രൂപയും ഉല്‍പാദനശേഷിയുള്ള നടീല്‍ വസ്തുക്കള്‍ ഉല്‍പാദിപ്പിച്ച് നല്‍കുന്നതിന് 50 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
കൂടാതെ ജൈവവളം കൃഷിഭൂമിയിലേത്തിക്കുക, കാര്‍ഷിക കര്‍മസേനയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുക എന്നിവയ്ക്കും ബജറ്റില്‍ വിഹിതമുണ്ട്.
കൃഷിക്കാവശ്യമായ ചെറുകിട ജലസേചന പദ്ധതിക്കായി 50 ലക്ഷം രൂപയും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ചെറുകിട ജലവൈദ്യുതി പദ്ധതികള്‍ സ്ഥാപിക്കുന്നതിനായി 45 കോടി രൂപയും വഴിയോര വിശ്രമകേന്ദ്രങ്ങള്‍ക്കായി 1 കോടി 50 ലക്ഷം രൂപയും ബജറ്റിലുണ്ട്.
ഐഎവൈ ഭവന പദ്ധതിക്ക് 8.50 കോടിരൂപ, ജവഹര്‍ ഭവന പദ്ധതി 90 ലക്ഷം, ജില്ലാ ആശുപത്രി മരുന്നു വാങ്ങുന്നതിനായി 62 ലക്ഷം, സ്‌കൂള്‍ കെട്ടിട നിര്‍മാണത്തിന് 70 കോടി, വനിതാ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് 2.52 കോടി, അഗതികളുടെയും വൃദ്ധരുടെയും ക്ഷേമത്തിനായി 72 ലക്ഷം, അംഗപരിമിതര്‍ക്കായി 1.52 കോടി, വൈദ്യുതീകരണം 50 ലക്ഷം എന്നിങ്ങനെയും തുക നീക്കി വച്ചിട്ടുണ്ട്.
ജില്ലാ പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതി നവീകരണത്തിനും പുതിയ പദ്ധതികള്‍ക്കുമായി 1.75 കോടി രൂപ ബജറ്റിലുണ്ട്.
പുതിയ റോഡുകളുടെ നിര്‍മാണത്തിനും മെയിന്റനന്‍സിനുമായി 24 കോടി രൂപയും ഓഫിസ് കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി 4 കോടി രൂപയും ചെറുതോണിയില്‍ നിര്‍മിക്കുന്ന ബസ് ടെര്‍മിനലിനായി 39 കോടി രൂപയും നീക്കി വച്ചിട്ടുണ്ട്.
പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it