Pravasi

കര്‍ശന നിര്‍ദേശവുമായി അബുദാബി നഗരസഭ

അബുദാബി: ചൂട് സമയത്ത് തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പ് വരുത്തണമെന്ന് അബുദാബി നഗരസഭ തൊഴിലുടമകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. നഗരസഭ സംഘടിപ്പിച്ച വിവിധ കമ്പനി ഉടമകളുടെയും മേധാവികളുടെയും പ്രത്യേക ബോധവത്കരണ പരിപാടിയിലാണ് തൊഴിലാളികളുടെ സുരക്ഷ സംബന്ധിച്ച നടപടി.
നിര്‍മാണ കമ്പനികള്‍ ഉള്‍പ്പെടെ 300ല്‍ പരം സ്ഥാപന മേധാവികളുമായാണ് നഗരസഭ കൂടിക്കാഴ്ച നടത്തിയത്. തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരുടെ സുരക്ഷയില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം. ആരോഗ്യത്തിന് ഹാനികരമായ വിധത്തില്‍ തൊഴിലെടുപ്പിക്കാന്‍ പാടില്ല. താപനില ഉയരുന്നതിനനുസരിച്ച് ജോലി ഭാരം കുറക്കുകയും വിശ്രമം അനുവദിക്കുകയും ചെയ്യണമെന്ന് നഗരസഭാ അധികൃതര്‍ ആവശ്യപ്പെട്ടു. ഈ മാസം 15 മുതല്‍ സെപ്തംബര്‍ 15 വരെയാണ് തൊഴിലാളികള്‍ക്ക് മധ്യാഹ്ന വിശ്രമം പ്രഖ്യാപിച്ചിട്ടുള്ളത്.
മൂന്ന് മാസക്കാലം നീളുന്ന മധ്യാഹ്ന നിര്‍ബന്ധിത വിശ്രമം തൊഴിലാളികള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ പ്രത്യേക പരിശോധന സംഘത്തെ നിയോഗിച്ചിട്ടുണ്ട്. റമദാനിലെ പകല്‍ നേരത്തെ തൊഴില്‍ സമയങ്ങളിലും അധികൃതര്‍ പ്രത്യേക നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. തൊഴിലാളികളുടെ സമയക്രമവും സുരക്ഷയും കൃത്യമായി പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്ന് നഗരസഭാ മുന്നറിയിപ്പ് നല്‍കി. ചൂട് സമയങ്ങളില്‍ തൊഴിലാളികള്‍ക്ക് ആവശ്യമായ തണുത്ത വെള്ളം ലഭ്യമാക്കുകയും മറ്റു അവശ്യ സംവിധാനങ്ങള്‍ ഒരുക്കുകയും വേണം. നിര്‍മാണ മേഖലകളിലും തുറസ്സായ സ്ഥലങ്ങളിലും തൊഴിലാളികള്‍ക്ക് വിശ്രമിക്കാന്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുകയും അടിയന്തിര ഘട്ടങ്ങളില്‍ പ്രയോജകരമാകുന്ന വിധത്തിലുള്ള സുരക്ഷാ സാമഗ്രികള്‍ കരുതി വെക്കുകയും വേണമെന്ന് പ്രത്യേകം നിഷ്‌കര്‍ശിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it