കര്‍ണാടക മന്ത്രിസഭാ അഴിച്ചുപണി ആസന്നം- മുഖ്യമന്ത്രി സിദ്ധരാമയ്യ

ന്യൂഡല്‍ഹി: കര്‍ണാടക മന്ത്രിസഭ ഉടന്‍ അഴിച്ചുപണിയും. അഴിച്ചുപണിക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അനുമതി നല്‍കിയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കകം അഴിച്ചുപണിയുണ്ടാവും എന്നാണ് സൂചന. ചില മന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടമാവും. പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തുകയും ചെയ്യും.
ഒഴിവാക്കുകയും ഉള്‍പ്പെടുത്തുകയും ചെയ്യുന്നവര്‍ ആരൊക്കെയെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുമായും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും ചര്‍ച്ച ചെയ്തുവെന്ന് സിദ്ധരാമയ്യ പറഞ്ഞു. അഴിച്ചുപണിയുമായി മുന്നോട്ടുപോവാന്‍ ഹൈക്കമാന്‍ഡ് പച്ചക്കൊടി കാണിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ ദിവസത്തിനകം പുതിയ മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്കു സമര്‍പ്പിക്കും-അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷയുമായി രണ്ടാംവട്ടം നടത്തിയ ചര്‍ച്ചയ്ക്കു ശേഷം വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മന്ത്രിസ്ഥാനത്തിനു വേണ്ടി പാര്‍ട്ടിയില്‍ പലരും സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. അതിനിടയിലാണ് മുഖ്യമന്ത്രി വെള്ളിയാഴ്ച സോണിയയെ കണ്ടത്. സോണിയയെ കാണുന്നതിനു മുമ്പ് മുഖ്യമന്ത്രി, ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി ചര്‍ച്ച നടത്തിയിരുന്നു.
10നും 14നുമിടയില്‍ മന്ത്രിമാരെ ഒഴിവാക്കി ജാതി-പ്രാദേശിക ഘടകങ്ങള്‍ കണക്കിലെടുത്ത് യുവാക്കള്‍ക്കും മുതിര്‍ന്ന നേതാക്കള്‍ക്കും അവസരം നല്‍കാമെന്ന നിര്‍ദേശമാണ് മുഖ്യമന്ത്രി മുന്നോട്ടുവച്ചതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.
സോണിയയുമായി നടത്തിയ ചര്‍ച്ചയില്‍ കര്‍ണാടക കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ജി പരമേശ്വര, പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ്, ഗുലാം നബി ആസാദ് തുടങ്ങിയവര്‍ പങ്കെടുത്തു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രത്യേകിച്ച് അസമില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിസഭ അഴിച്ചുപണിയുന്നത്.
Next Story

RELATED STORIES

Share it