കര്‍ണാടക നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും; പ്രക്ഷുബ്ദമാകും

ബംഗളൂരു: ഇന്ന് തുടങ്ങുന്ന കര്‍ണാടക നിയമസഭാ സമ്മേളനം ഭരണ കക്ഷിയായ കോണ്‍ഗ്രസ്സും പ്രതിപക്ഷത്തുളള ബിജെപിയും തമ്മിലുളള ഏറ്റുമുട്ടലിന് വേദിയായേക്കും. ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷവും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങളും ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കാനാണ് സാധ്യത. ഹിന്ദുത്വ ശക്തികളുടെ പ്രതിഷേധത്തിനിടയില്‍ ഈ മാസം 10ന് നടന്ന ടിപ്പു ജയന്തി ആഘോഷത്തിനിടയിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു വിഎച്ച്പി പ്രാദേശിക നേതാവടക്കം രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഇതാദ്യമായാണ് ഒരു സര്‍ക്കാര്‍ രണ്ടു സമുദായങ്ങളെ തമ്മില്‍ അടിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് കെ എസ് ഈശ്വരപ്പ പറഞ്ഞു. അധികാരം നിലനിര്‍ത്താന്‍ വേണ്ടി ഹിന്ദുക്കളേയും മുസ്‌ലിംകളേയും ഭരണകക്ഷി ഭിന്നിപ്പിക്കുകയാണ്. ഈ വിഷയം നിയമസഭയില്‍ ഉന്നയിക്കും മാത്രമല്ല സംസ്ഥാനത്ത് ആവര്‍ത്തിച്ചു നടക്കുന്ന ബലാല്‍സംഗക്കേസുകളും തങ്ങള്‍ ആയുധമാക്കും ഈശ്വരപ്പ പറഞ്ഞു.
എന്നാല്‍ ടിപ്പു ജയന്തിയെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന് വിഎച്ച്പിയും ബിജെപിയുമാണ് ഉത്തരവാദികളെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിക്കുന്നത്. ബംഗളൂരു വിമാനത്താവളത്തിന് ടിപ്പു സുല്‍ത്താന്റെ പേരിടണമായിരുന്നുവെന്ന ഗിരീഷ് കര്‍ണാടിന്റെ പ്രസ്താവനയാണ് സര്‍ക്കാരിനെതിരെ പ്രതിപക്ഷമുന്നയിക്കുന്ന മറ്റൊരു വിഷയം.
അതേസമയം, ടിപ്പുവിന്റേയോ കേംപഗൗഡയുടേയോ പേരില്‍ നിയമസഭാ സമ്മേളനത്തിന്റെ സമയം പാഴാക്കാന്‍ അനുവദിക്കില്ലെന്നാണ് ജെഡിഎസിന്റെ നിലപാട്. കര്‍ഷക ആത്മഹത്യ, ലോഡ്‌ഷെഡ്ഡിംഗ്, സാമൂഹിക ക്ഷേമ മന്ത്രി അജ്ഞനയേക്കും ലോകായുക്ത വി ഭാസ്‌കര റാവുവിനുമെതിരെയുള്ള അഴിമതി ആരോപണം എന്നിവയും പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കും.
Next Story

RELATED STORIES

Share it