ernakulam local

കരുമാലൂരില്‍ നെല്‍വയലിലെ ഫഌറ്റ് നിര്‍മാണം; സ്റ്റോപ്പ് മെമ്മോ നടപ്പാക്കാന്‍ ഉത്തരവ്

ആലങ്ങാട്: കരുമാലൂര്‍ ഗ്രാമപ്പഞ്ചായത്തിലെ അടുവാതുരുത്തില്‍ ശ്വാസ് ഹോംസ് പ്രൈവറ്റ് ലിമിറ്റഡ് അക്വാസിറ്റി എന്ന പേരില്‍ നെല്‍വയലില്‍ നിര്‍മിക്കുന്ന ഫഌറ്റുകള്‍ക്കും വില്ലകള്‍ക്കും ഭൂവിനിയോഗ നിയമപ്രകാരം നല്‍കിയ സ്‌റ്റോപ്പ് മെമ്മോ നടപ്പാക്കാന്‍ ഹൈക്കോടതി ഉത്തരവ്.
2007ലാണ് കരുമാലൂരിലെ അടുവാതുരുത്തില്‍ 17 ഏക്കര്‍ സ്ഥലത്ത് ഗ്രാമപ്പഞ്ചായത്ത് അക്വാസിറ്റി നിര്‍മാണ അനുമതി നല്‍കുന്നത്. ഇതില്‍ 13 ഏക്കറോളം നെല്‍വയലായിരുന്നു.
ഭരണസമിതിയംഗങ്ങള്‍ക്കുപോലും എതിര്‍പ്പുണ്ടായിരുന്നെങ്കിലും അതെല്ലാം മറികടന്നാണ് പഞ്ചായത്ത് ബില്‍ഡിങ് പെര്‍മിറ്റ് നല്‍കിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട റവന്യൂ അധികൃതര്‍ കാര്‍ഷികേതര ആവശ്യത്തിന് നെല്‍വയല്‍ ഉപയോഗിക്കുന്നതിനെതിരേ ഭൂവിനിയോഗ നിയമപ്രകാരം സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. ഈ സ്‌റ്റോപ്പ് മെമ്മോ നിലനില്‍ക്കെ പഞ്ചായത്ത് വീണ്ടും ബില്‍ഡിങ് പെര്‍മിറ്റ് പുതുക്കി നല്‍കുകയും ചെയ്തു.
കൂടാതെ ഒരേക്കറോളം പുറമ്പോക്ക് ഭൂമി കൈയേറി നിര്‍മാണം നടത്തുന്നതായി താലൂക്ക് സര്‍വേയറുടെ അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നു. അനധികൃത മണല്‍ ഖനനം നടത്തുന്നതായും തെളിവുകളുണ്ട്. ഇതിനെതിരേ കരുമാലൂര്‍ ഗ്രാമപ്പഞ്ചായത്ത്, കരുമാലൂര്‍ വില്ലേജ് ഓഫിസര്‍, കൃഷി ഓഫിസര്‍, അക്വാസിറ്റി തുടങ്ങിയവരെ എതിര്‍കക്ഷികളാക്കി കരുമാലൂര്‍ പുതുക്കാട് സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ സി എസ് ഷാനവാസ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലാണ് സ്‌റ്റോപ്പ് മെമ്മോ നടപ്പാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.
Next Story

RELATED STORIES

Share it