Kollam Local

കരുനാഗപ്പള്ളി യുഡിഎഫിന്റെ നഷ്ടസ്വപ്‌നം

സുധീര്‍ കെ ചന്ദനത്തോപ്പ്

കൊല്ലം: ഇടതുപക്ഷത്തിന് വിളക്കൂറുള്ള മണ്ഡലമാണ് കരുനാഗപ്പള്ളി. രണ്ട് തവണ മാത്രമാണ് ഇവിടെ യുഡിഎഫിന് വിജയിക്കാനായത്.
1957ലെ ആദ്യ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ പി കുഞ്ഞുകൃഷ്ണനായിരുന്നു വജിയിച്ചത്. പിഎസ്പിയിലെ പി കെ കുഞ്ഞായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. 1960ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആര്‍എസ്പിയിലെ ബേബിജോണ്‍ കളങ്ങര കുഞ്ഞുകൃഷ്ണനെ 208 വോട്ടിന് പരാജയപ്പെടുത്തി മണ്ഡലം തിരിച്ചുപിടിച്ചു. 1965ല്‍ കളങ്ങര കുഞ്ഞുകൃഷ്ണന്‍ 2294 വോട്ടിന് സ്വതന്ത്രനായി മല്‍സരിച്ച ഭാസിയെ പരാജയപ്പെടുത്തി. 1967ല്‍ കോണ്‍ഗ്രസിലെ കെവിഎസ് പണിക്കരെ 12,043വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. 1970ല്‍ ബേബിജോണും പ്രഫ. വി സാംബശിവനും തമ്മിലുള്ള മല്‍സരം സംസ്ഥാനത്തെ ശ്രദ്ധേയ പേരാട്ടമായിരുന്നു. വലതുപക്ഷത്തായിരുന്ന ബേബിജോണ്‍ സിപിഎം സ്വതന്ത്രനായ സാംബശിവനെ 12,576 വോട്ടിനാണ് പരാജയപ്പെടുത്തിയത്. 1977മുതല്‍ സിപിഐയുടെ പ്രതിനിധികളാണ് മല്‍സരിച്ചത്. സിപിഐയിലെ ബിഎം ഷെറീഫ് സി പി കരുണാകരന്‍പിള്ളയെ 5,484 വോട്ടിന് പരാജയപ്പെടുത്തി. 1980ലെ തന്റെ രണ്ടാം ഊഴത്തില്‍ ബി എം ഷെറീഫ് യുഡിഎഫിലെ വിജയരാജനെയാണ് പരാജയപ്പെടുത്തിയത്. 1989 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. 1982ലെ തിരഞ്ഞെടുപ്പില്‍ ഹാട്രിക് വിജയം നേടാന്‍ ബിഎം ഷെറീഫിന് കഴിഞ്ഞില്ല. 3641 വോട്ടിന് ടി വി വിജയരാജന്‍ അദ്ദേഹത്തെ പരാജയപ്പെടുത്തി. 1987ലെ തിരഞ്ഞെടുപ്പില്‍ പി എസ് ശ്രീനിവാസന്‍ കോണ്‍ഗ്രസ്സിലെ കെ സി രാജനെ 12,695വോട്ടിന് മുട്ടുകുത്തിച്ചു. രണ്ടാം ഊഴത്തില്‍ (1991) പി എസ് ശ്രീനിവാസന്‍ യുഡിഎഫിലെ ജമീലാ ഇബ്രാഹീമിനെ 6250 വോട്ടിന് പരാജപ്പെടുത്തി. 1996ലെ തിരഞ്ഞെടുപ്പില്‍ സിപിഐയിലെ ഇ ചന്ദ്രശേഖരന്‍നായരായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ജെഎസ്എസിലെ അഡ്വ. സത്ജിത്ത് 16,350വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.
2001ല്‍ ജെഎസ്എസിലെ അഡ്വ. എ എന്‍ രാജന്‍ബാബു സിപിഐ നേതാവ് കെ സി പിള്ളയെ 839 വോട്ടിനു പരാജയപ്പെടുത്തി. തുടര്‍ന്ന് 2006ലും 2011ലും സി ദിവാകരന്‍ രാജന്‍ബാബുവിനെ പരാജയപ്പെടുത്തി. ഭൂരിപക്ഷം 12,496ല്‍നിന്ന്14,522 ആയി ഉയര്‍ത്തി.
കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി, ഓച്ചിറ, ക്ലാപ്പന, ആലപ്പാട്, കുലശേഖരപുരം, തഴവ, തൊടിയൂര്‍ പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് കരുനാഗപ്പള്ളി അസംബ്ലി മണ്ഡലം.
ആലപ്പാട്, ക്ലാപ്പന, കുലശേഖരമംഗലം, ഓച്ചിറ, തഴവ, തൊടിയൂര്‍ പഞ്ചായത്തും കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയും ഉള്‍പ്പെട്ടതാണ് മണ്ഡലം. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വലിയ തിരിച്ചടിയുണ്ടായി. ക്ലാപ്പനയും, ഓച്ചിറയും മാത്രമേ പഞ്ചായത്തുകളില്‍ യുഡിഎഫിന് വിജയിക്കാനായുള്ളൂ. കരുനാഗപ്പള്ളി നഗരസഭയില്‍ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു. യുഡിഎഫ് 15, എല്‍ഡിഎഫ് 17, ബിജെപി 1 സീറ്റും നേടി. ജില്ലാ പഞ്ചായത്തിലും എല്‍ഡിഎഫ് വലിയ നേട്ടമുണ്ടാക്കി.
തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റത്തിന്റെ ആത്മ വിശ്വാസത്തിലാണ് എല്‍ഡിഎഫ് നിയമസഭാ തിര!ഞ്ഞെടുപ്പിനെ നേരിടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍ ഘടകകക്ഷികള്‍ തമ്മില്‍ വലിയ അഭിപ്രായ ഭിന്നത ഉണ്ടായില്ല. ആര്‍എസ്പി മുന്നണി വിട്ടത് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചെങ്കിലും തദ്ദേശ ഫലത്തെ ബാധിച്ചില്ല. കരുനാഗപ്പള്ളിയില്‍ മികച്ച മുന്നേറ്റം സാധ്യമായെന്നാണ് എല്‍ഡിഎഫ് വിലയിരുത്തല്‍. നിയമസഭാ തിരഞ്ഞെടുപ്പിലും അത് ആവര്‍ത്തിക്കാനാകുമെന്നാണ് മുന്നണിയുടെ വിശ്വാസം.
ഇടതുപക്ഷം അധികാരത്തില്‍ വന്നപ്പോഴൊക്കെ കരുനാഗപ്പള്ളി മണ്ഡലത്തിലെ സിപിഐ പ്രതിനിധികള്‍ മന്ത്രിമാരായിരുന്നിട്ടുണ്ട് എന്നത് ചരിത്രം. കരുനാഗപ്പള്ളിയെ പ്രതിനിധീകരിച്ച പി എസ് ശ്രീനിവാസനും ഇ ചന്ദ്രശേഖരന്‍നായരും ഒടുവില്‍ വി എസ് മന്ത്രിസഭയില്‍ സി ദിവാകരനും മന്ത്രിമാരായത്. ഇപ്പോഴത്തെ ചവറ മണ്ഡലം കൂടിച്ചേര്‍ന്നതായിരുന്നു പഴയ അസംബ്ലിമണ്ഡലം.
സിറ്റിങ് എംഎല്‍എ സി ദിവാകരന്‍ നെടുമങ്ങാട്ടേക്ക് കളംമാറിയ ഒഴിവില്‍ ആര്‍ രാമചന്ദ്രനാണ് ഇവിടെ ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ആര്‍ മഹേഷാണ് യുഡിഎഫ് സ്ഥാനാര്‍ഥി. സംസ്ഥാന സെക്രട്ടറി എ കെ സലാഹുദ്ദീന്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നു. സദാശിവന്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയും മൈലക്കാട് ഷാ പിഡിപി സ്ഥാനാര്‍ഥിയുമാണ്.
Next Story

RELATED STORIES

Share it