Kollam Local

കരുനാഗപ്പള്ളിയിലെ ട്രാഫിക് യൂനിറ്റിന്റെ പ്രവര്‍ത്തനം ഇനിയും ആരംഭിച്ചിട്ടില്ല

കരുനാഗപ്പള്ളി: ഏറെ കൊട്ടിഘോഷിച്ച് ആഭ്യന്തരമന്ത്രി ഉദ്ഘാടനം ചെയ്ത ട്രാഫിക് യൂനിറ്റിന്റെ പ്രവര്‍ത്തനം ഇനിയും തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല.
ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇവിടെ വാഹനമോ അതിനു വേണ്ട ഉദ്യോഗസ്ഥരയോ അനുവദിക്കാത്തതാണ് ട്രാഫിക് യൂനിറ്റിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയാത്തത്.
സി ദിവാകരന്‍ എംഎല്‍എയുടെ ആവശ്യ പ്രകാരം ആഭ്യന്തരമന്ത്രി നിയമസഭയില്‍ ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ട്രാഫിക് യൂനിറ്റ് കരുനാഗപ്പള്ളിയില്‍ അനുവദിച്ചത്. ഒരു എസ്‌ഐ ഉള്‍പ്പടെ പത്തു പേരടങ്ങുന്ന ടീമാണ് യൂനിറ്റിന് വേണ്ടത്. വേണ്ട സ്റ്റാഫും വാഹനവും ഉടന്‍ അനുവദിക്കുമെന്ന് പ്രസ്താവന നടത്തിയ ആഭ്യന്തരമന്ത്രിയുടെ വാഗ്ദാനം പൊള്ളയാണെന്ന് തെളിഞ്ഞു.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി മാത്രമാണ് ഉദ്ഘാടന മാമാങ്കം നടത്തിയത്.
കരുനാഗപ്പള്ളി സ്റ്റേഷനിലെ ഒരു എസ്‌ഐയ്ക്ക് ചാര്‍ജ് കൊടുത്തു കൊണ്ട് തല്‍ക്കാലം ഇവിടുത്തെ പോലിസുകാരെ ഉപയോഗിച്ച് യൂനിറ്റിന്റെ പ്രവര്‍ത്തനം നടത്തണമെന്നാണ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയത്. കരുനാഗപ്പള്ളി പോലിസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരുടെ കുറവുമൂലം കമ്മീഷണറുടെ ഉത്തരവ് നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. കരുനാഗപ്പള്ളി സ്റ്റേഷനില്‍ ആകെ 69 പേരാണുള്ളത്.
ഇതില്‍ മണപ്പള്ളി എയ്ഡ് പോസ്റ്റിലേക്കും താലൂക്കാശുപത്രിയിലേക്കും കോടതിയിലേക്കും ആളെ ഡ്യൂട്ടിക്ക് നിശ്ചയിച്ച് കഴിഞ്ഞാല്‍ പിന്നെയുള്ള ഉദ്യോഗസ്ഥര്‍ക്ക് അമിതമായ ജോലിഭാരമാണെന്ന് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആക്ഷേപമുണ്ട്. ഇതിനിടയിലാണ് ഇതില്‍ നിന്നും പത്തുപേരെ ട്രാഫിക്കിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം വന്നത്. പഴയതു പോലെ തന്നെ ട്രാഫിക്ക് വാര്‍ഡന്മാരെ മാത്രം ഉപയോഗിച്ചാണ് ഇപ്പോഴും ട്രാഫിക്ക് നിയന്ത്രണം നടത്തുന്നത്. ദിനംപ്രതി പതിനായിരങ്ങളാണ് ഇവിടെ വന്നു പോകുന്നത്. നിരവധി സ്‌കൂളികള്‍, ആശുപത്രികള്‍, ക്ഷേത്രങ്ങള്‍, പള്ളികള്‍, വിവിധ കോടതികള്‍, താലൂക്ക് ഓഫിസ്, സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇതൊക്കെ ലാലാജിമുക്ക് മുതല്‍ പുള്ളിമാന്‍ ജങ്ഷന്‍ വരെയുള്ള ദേശീയപാതയുടെ ഇരുവശങ്ങളിലും സ്ഥിതി ചെയ്യുന്നുണ്ട്. അധികാരികളുടെ അനാസ്ഥ മാറ്റി അടിയന്തിരമായി ട്രാഫിക്ക് യൂനിറ്റിനുവേണ്ടി ഉദ്യോഗസ്ഥരേയും വാഹനവും അനുവദിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it