കരുണ എസ്റ്റേറ്റ്: വിവാദ ഉത്തരവ് പിന്‍വലിക്കില്ല

തിരുവനന്തപുരം: നെല്ലിയാമ്പതി കരുണ എസ്റ്റേറ്റില്‍ നിന്ന് നികുതി സ്വീകരിക്കാന്‍ അനുമതി നല്‍കിയ ഉത്തരവ് പിന്‍വലിക്കില്ല. ഉപാധികളോടെയാണ് നികുതി അടയ്ക്കാന്‍ അനുവദിച്ചതെന്നും സര്‍ക്കാര്‍ഭൂമി നഷ്ടപ്പെടാന്‍ ഇതു കാരണമാവില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗം വിലയിരുത്തി. മറ്റു കേസുകളെ ബാധിക്കുമെന്ന് ആക്ഷേപമുയര്‍ന്ന സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടും. അതിനുശേഷം മന്ത്രിസഭായോഗം വിഷയം വീണ്ടും പരിഗണിക്കാനാണു തീരുമാനം.
കരമടയ്ക്കാന്‍ അനുമതി നല്‍കിയത് നിയമവിധേയമായിട്ടാണെന്ന് യോഗത്തിനുശേഷം റവന്യൂമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. അതേസമയം, സര്‍ക്കാര്‍ നിലപാടില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ രംഗത്തെത്തി. ഉന്നതതല യോഗതീരുമാനം സ്വീകാര്യമല്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. വിഷയത്തില്‍ സുധീരന്‍ വാര്‍ത്താക്കുറിപ്പും ഇറക്കി.
കരമടയ്ക്കാന്‍ സ്വകാര്യഗ്രൂപ്പിന് അനുമതി നല്‍കിയതില്‍ തെറ്റില്ലെന്ന് നിയമ സെക്രട്ടറി നേരത്തേ നിയമോപദേശം നല്‍കിയിരുന്നു. ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ റിപോര്‍ട്ട് അവഗണിച്ച് തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് തൊട്ടുമുമ്പാണ് കരുണ എസ്റ്റേറ്റിന് നികുതി അടയ്ക്കാന്‍ പോബ്‌സ് ഗ്രൂപ്പിന് അനുമതി നല്‍കി റവന്യൂവകുപ്പ് ഉത്തരവിറക്കിയത്. പ്രതിപക്ഷവും കെപിസിസി പ്രസിഡന്റും ഇതിനെതിരേ തിരിഞ്ഞതോടെ ഇന്നലെ ഉന്നതതല യോഗം വിളിക്കുകയായിരുന്നു. കരമടയ്ക്കാന്‍ അനുമതി നല്‍കുന്ന ഉത്തരവില്‍ തന്നെ ഉപാധികള്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു.
ഉടമസ്ഥാവകാശം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ നികുതി അടയ്ക്കാന്‍ കഴിയൂ. ഇതില്‍ യാതൊരു അപാകതയുമില്ല. മറ്റു ഭൂമികേസുകളെ ബാധിക്കുമെന്ന വാദത്തിലും കഴമ്പില്ല. ഇക്കാര്യത്തില്‍ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടുമെന്നും മന്ത്രി വ്യക്തമാക്കി. സംഭവം വിവാദമായതോടെ തന്നെ ഉത്തരവിന് സാധൂകരണം നല്‍കാന്‍ റവന്യൂവകുപ്പ് നീക്കം തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായാണ് പോബ്‌സ് ഗ്രൂപ്പില്‍ നിന്ന് കരം സ്വീകരിക്കുന്നതുകൊണ്ട് ഭൂമിയുടെ ഉടമസ്ഥാവകാശം അവര്‍ക്ക് ലഭിക്കില്ലെന്ന് നിയമസെക്രട്ടറി നിയമോപദേശം നല്‍കിയത്.
സര്‍ക്കാര്‍ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ നികുതി അടയ്ക്കാന്‍ അനുമതി തേടി ഫയല്‍ ചെയ്ത നാലായിരത്തോളം കേസുകള്‍ ഹൈക്കോടതിയില്‍ തീര്‍പ്പാവാതെ കിടപ്പുണ്ടെന്നും ഇപ്പോഴത്തെ ഉത്തരവ് ഈ കേസുകളില്‍ സര്‍ക്കാര്‍ നിലപാടിനെ ദുര്‍ബലമാക്കുമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ സുധീരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Next Story

RELATED STORIES

Share it