kozhikode local

കരുണാര്‍ദ്രം കോഴിക്കോട് പദ്ധതി നടപ്പാക്കാന്‍ ഇനി കോളജ് വിദ്യാര്‍ഥികളും

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റെ കരുണാര്‍ദ്രം കോഴിക്കോട് പദ്ധതി കോളജ് കാംപസുകളിലൂടെ കൂടുതല്‍ മേഖലകളിലേക്ക്. ജില്ലയിലെ കോളജ് പ്രിന്‍സിപ്പല്‍മാരുടെയും എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍മാരുടെയും യോഗം ജില്ലാ കലക്ടര്‍ എന്‍ പ്രശാന്തിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ ചേര്‍ന്നു. വിദ്യാര്‍ഥികളില്‍ ആര്‍ദ്രതയുടെ സംസ്‌ക്കാരത്തിന് ഊന്നല്‍ നല്‍കാനും സാമൂഹിക പ്രതിബദ്ധതശക്തിപ്പെടുത്താനും കൂടി ലക്ഷ്യമിടുന്നതാണ് പദ്ധതി.
കംപാഷനേറ്റ് കോഴിക്കോടിനു കീഴില്‍ വിജയകരമായി നടന്നു വരുന്ന ഓപ്പറേഷന്‍ സുലൈമാനി, compassionate-kozhi kode.in വെബ്‌സൈറ്റ് വഴി വിവിധ സ്ഥാപനങ്ങള്‍ക്കാവശ്യമായ സാധനങ്ങളും സേവനങ്ങളും നല്‍കുന്ന പദ്ധതി, വയോജന സംരക്ഷണവുമായി ബന്ധപ്പെട്ട യൊ യൊ അപ്പൂപ്പ, കോഴിപീഡിയ, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് തുടങ്ങിയ പ്രവര്‍ത്തനങ്ങളുമായി വിദ്യാര്‍ഥികളെ സഹകരിപ്പിക്കുന്നതിലൂടെ പദ്ധതിയുടെ വ്യാപനമാണ് ലക്ഷ്യമിടുന്നത്.
വിശക്കുന്നവര്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്ന ഓവറേഷന്‍ സുലൈമാനി കൂപ്പണുകള്‍ ആവശ്യക്കാരിലേക്കെത്തിക്കാന്‍ വിദ്യാര്‍ഥികളുടെ മൊബൈല്‍ സംഘങ്ങള്‍ രൂപീകരിക്കും. ഇതിനായി കോളജുകളിലെ എന്‍എസ്എസ് യൂനിറ്റുകള്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗപ്പെടുത്താനാവുമെന്നും കലക്ടര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ ചെറു യൂനിറ്റുകളായി തിരിഞ്ഞ് ഭക്ഷണം ആവശ്യമുള്ളവരെ കണ്ടെത്തി അവര്‍ക്ക് കൂപ്പണ്‍ കൈമാറും. വിദ്യാര്‍ഥികളുടെ സഹകരണത്തോടെ പദ്ധതി ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനുമാവും.
ജില്ലയിലെ ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങളെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങളും സഹായങ്ങളും ഒരുക്കിക്കൊടുക്കുന്ന യൊ യൊ അപ്പൂപ്പ പദ്ധതിയാണ് വിദ്യാര്‍ഥികളുടെ പങ്കാളിത്തം തേടുന്ന മറ്റൊരു മേഖല. ജില്ലയെ അംഗപരിമിത സൗഹൃദമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കോളജുകള്‍ വഴി ശക്തിപ്പെടുത്താനും പദ്ധതിയുണ്ട്. കംപാഷനേറ്റ് കോഴിക്കോടിന്റെ സന്ദേശം ജില്ലയിലെ കാംപസുകളിലെത്തിക്കുന്നതിനും പദ്ധതികളില്‍ വിദ്യാര്‍ഥി പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുമായി അധ്യാപകരും വിദ്യാര്‍ഥികളുമടങ്ങുന്ന സംഘത്തിന് ജില്ലയെ വിവിധ ക്ലസ്റ്ററുകളായി തിരിച്ച് പരിശീലനം നല്‍കാനും യോഗത്തില്‍ തീരുമാനമായി.
Next Story

RELATED STORIES

Share it