കരുണാനിധി തിരുവരൂരില്‍ ജനവിധി തേടും

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ അധ്യക്ഷന്‍ എം കരുണാനിധി തിരുവരൂര്‍ മണ്ഡലത്തില്‍ നിന്നു ജനവിധി തേടും. കരുണാനിധിയുടെ സിറ്റിങ് സീറ്റാണ് തിരുവരൂര്‍. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഈ മാസം 23ന് സെയ്ദാപേട്ടില്‍ അദ്ദേഹം തുടക്കംകുറിക്കും.
176 സീറ്റിലാണ് ഡിഎംകെ മല്‍സരിക്കുന്നത്. സ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കിയിട്ടില്ലെങ്കിലും കരുണാനിധി തിരുവരൂരില്‍ തന്നെ മല്‍സരിക്കുമെന്നാണു പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചത്. 25ന് കരുണാനിധി തിരുവരൂരില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. അന്നു പൊതുയോഗത്തിലും അദ്ദേഹം പ്രസംഗിക്കും.
അഞ്ചുതവണ മുഖ്യമന്ത്രിയായ കരുണാനിധി 2011ലാണ് ചെന്നൈയില്‍ നിന്നു മല്‍സരരംഗം തിരുവരൂരിലേക്കു മാറ്റിയത്. ഇത്തവണ മൂന്നുഘട്ടങ്ങളിലായിട്ടാണ് അദ്ദേഹത്തിന്റെ പ്രചാരണം. ചെന്നൈ, ഈറോഡ്, വെല്ലൂര്‍, മധുര, തൃശ്ശിനാപ്പള്ളി, സേലം, കൃഷ്ണഗിരി, കാഞ്ചിപുരം ജില്ലകളില്‍ അദ്ദേഹത്തിന്റെ റാലികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. തിരുവരൂരില്‍ കരുണാനിധിയുടെ പ്രചാരണം അവസാനിക്കുമെന്ന് ഡിഎംകെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഏറ്റവും ക്ലേശകരമായ മല്‍സരമാണ് ഡിഎംകെ നേരിടുന്നത്. ഡിഎംകെ കോണ്‍ഗ്രസ്, രണ്ട് മുസ്‌ലിം പാര്‍ട്ടികള്‍, ചില ചെറുകക്ഷികള്‍ എന്നിവയെ ചേര്‍ത്ത് മുന്നണി ഉണ്ടാക്കിയിട്ടുണ്ട്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ—ക്ക് ഒരു സീറ്റ് പോലും ലഭിച്ചിരുന്നില്ല.
Next Story

RELATED STORIES

Share it