കരിമ്പനി: വിദഗ്ധസംഘം പനിബാധിത പ്രദേശം സന്ദര്‍ശിച്ചു

തിരുവനന്തപുരം: പത്തനാപുരം പിറവന്തൂര്‍ പഞ്ചായത്തിലെ ചെമ്പനരുവിയില്‍ കരിമ്പനി സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യവകുപ്പ് നടപടികളാരംഭിച്ചു. മെഡിക്കല്‍ കോളജിലെ വിദഗ്ധസംഘം ചെമ്പനരുവിയിലെ കരിമ്പനി ബാധിതപ്രദേശം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. രോഗലക്ഷണമുള്ള ചില വ്യക്തികളെ പരിശോധിക്കുകയും രക്തസാമ്പിള്‍ പരിശോധനയ്ക്കായി എടുക്കുകയും ചെയ്തു. ഇതോടൊപ്പം കൊല്ലം ജില്ലാ മെഡിക്കല്‍ സംഘവും പ്രദേശത്തെ 287 വീടുകള്‍ സന്ദര്‍ശിച്ചു.
ഉത്തരേന്ത്യ ഉള്‍പ്പെടെയുള്ള ചില ഭാഗങ്ങളില്‍ വ്യാപകമായി കണ്ടുവരുന്ന പകര്‍ച്ചപ്പനിയാണ് കരിമ്പനി എന്ന കാലാ അസാര്‍.
ലീഷ്മാനിയാസിസ് എന്ന രോഗം ആന്തരികാവയവത്തെ ബാധിക്കുമ്പോഴാണ് കരിമ്പനി ഉണ്ടാവുന്നത്. തൊലിപ്പുറത്തെ മുഴകളായും പാടുകളായും ഈ രോഗം പ്രത്യക്ഷപ്പെടാം. കേരളത്തിന്റെ ആദിവാസി മേഖലകളില്‍ ഇത്തരം രോഗങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കേരളത്തില്‍ കരിമ്പനി അപൂര്‍വമായി മാത്രമേ കാണാറുള്ളൂ. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തൃശൂര്‍ മലപ്പുറം ജില്ലകളിലായി മൂന്നു പേരില്‍ കരിമ്പനി സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 2005ലാണ് കരിമ്പനി റിപോര്‍ട്ട് ചെയ്തത്. ആരോഗ്യവകുപ്പിലേയും മെഡിക്കല്‍ കോളജിലേയും വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ഈമാസം 28ന് ചെമ്പനരുവിയിലെ കരിമ്പനി ബാധിത പ്രദേശത്ത് മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘം തീരുമാനിച്ചു.
ക്യാംപില്‍ പങ്കെടുക്കുന്നവരില്‍ രോഗലക്ഷണമുള്ളവര്‍ക്ക് പ്രത്യേക പരിശോധനകളും വിദഗ്ധ ചികില്‍സയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നു ലഭ്യമാക്കും. പഞ്ചായത്ത് പ്രതിനിധികളുടേയും മറ്റ് സന്നദ്ധ സംഘടനകളുടേയും നേതൃത്വത്തില്‍ പ്രദേശത്തെ എല്ലാ കുടുംബാംഗങ്ങളേയും ക്യാംപില്‍ എത്തിക്കാനുള്ള ശ്രമം നടത്തും. ഇതോടൊപ്പം സംയുക്തമായ ആരോഗ്യ വിദ്യാഭ്യാസ ബോധവല്‍ക്കരണവും നടത്തും.
രോഗപ്രതിരോധ പ്രവര്‍ത്തനവും മണലീച്ചയുടെ ഉറവിട നശീകരണ പ്രവര്‍ത്തനവും ദ്രുതഗതിയിലാക്കാനും തീരുമാനിച്ചു. മെഡിസിന്‍ ആന്റ് ഹെമറ്റോളജി വിഭാഗം അഡീഷനല്‍ പ്രഫസര്‍ ഡോ. ശ്രീനാഥിന്റെ നേതൃത്വത്തില്‍ ഡോ. അതുല്‍, സ്‌റ്റേറ്റ് പിഇഐഡി സെല്‍ അസി. പ്രഫ. എം ശിവന്‍കുട്ടി നായര്‍, ഡോ. അഞ്ജന, ഡോ. മാത്യു എന്നിവരടങ്ങുന്നതാണ് വിദഗ്ധ മെഡിക്കല്‍ സംഘം.
Next Story

RELATED STORIES

Share it