Kottayam Local

കരിമൂര്‍ഖന്റെ കടിയേറ്റ് ബിജു മരിച്ചത് നാഡീവ്യൂഹത്തില്‍ വിഷം കലര്‍ന്നതു മൂലം

എരുമേലി: പാമ്പുകളെ ജീവനുതുല്യം സ്‌നേഹിച്ച മുക്കട വാകത്താനം മാന്തറയില്‍ ബിജുവിന്റെ ജീവനെടുത്തത് മുറിവേറ്റ കരിമൂര്‍ഖന്‍. വിഷം രക്തത്തില്‍ കലര്‍ന്ന് നാഡീവ്യൂഹത്തില്‍ വ്യാപിച്ചതാണു മരണത്തിനു കാരണമെന്ന് ബിജുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സിച്ച ഡോ. പ്രശാന്ത് കുമാര്‍ പറഞ്ഞു.
രണ്ടായിരത്തില്‍പരം പാമ്പുകളെ പിടിച്ച ബിജുവിന് നിരവധി തവണ കടിയുമേറ്റിട്ടുണ്ട്. എന്നാല്‍ കരിമൂര്‍ഖന്റെ കടിയേറ്റത് ഇതാദ്യമായിരുന്നു. മുറിവേറ്റ കരിമൂര്‍ഖനെ ചികില്‍സിക്കരുതെന്ന് പറഞ്ഞ് പലരും ബിജുവിനെ വിലക്കിയതാണ്. എന്നാല്‍ ഒന്നിനെ പോലും നോവിക്കാതെ പിടികൂടി ഇണക്കി ചങ്ങാതിയാക്കി വനത്തിലെ ആവാസകേന്ദ്രങ്ങളിലേയ്ക്കു തുറന്നുവിട്ടിരുന്ന ബിജുവിനു കരിമൂര്‍ഖന്റെ മുറിവ് ഭേദമാക്കാതെ പുറത്തുവിടാന്‍ മനസ്സുവന്നില്ല. കഴിഞ്ഞ ദിവസം ചേത്തക്കല്‍ പുത്തന്‍പുരക്കല്‍ എലിഫെന്റ് സ്‌ക്വാഡിലെ അംഗമായിരുന്ന എം ആര്‍ ബിജുവിന്റെ പുരയിടത്തില്‍ നിന്നാണ് കരിമൂര്‍ഖനെ പിടികൂടിയത്. ഇതിനായി എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് മണ്ണിളക്കുന്നതിനിടെ മൂര്‍ഖന് ആഴത്തില്‍ മുറിവേറ്റിരുന്നു.
എന്നാല്‍ ഈ മുറിവ് ചികില്‍സിക്കാനാവട്ടെ മേഖലയിലെ പല വെറ്ററിനറി ഡോക്ടര്‍മാരും ഭീതി മൂലം തയ്യാറായില്ല. ഒടുവില്‍ പ്ലാച്ചേരി ഫോറസ്റ്റ് ഓഫിസ് ഇടപെട്ടാണ് പൊന്തന്‍പുഴ മൃഗാശുപത്രിയിലെ ഡോ. സുബിന്‍ തയ്യാറായത്. പാമ്പിനെ പിടികൂടാന്‍ ഉപയോഗിക്കുന്ന അഡ്ജസ്റ്റബിള്‍ സ്റ്റിക്ക് ഉപയോഗിച്ച് ബന്ധിച്ച ശേഷം നീളമുള്ള പിവിസി കുഴലിനുള്ളില്‍ കടത്തി മുറിവില്‍ മരുന്ന് വച്ച് തുന്നിക്കെട്ടാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കെട്ടഴിച്ച് ചാക്കിനുള്ളില്‍ നിന്നും പുറത്തെടുക്കുന്നതിന് മുമ്പ് കരിമൂര്‍ഖന്‍ ചീറ്റുന്നുണ്ടായിരുന്നു. ഇത് കാര്യമാക്കാതെ ബിജു ചാക്കിനുള്ളില്‍ കൈയിട്ടപ്പോഴേയ്ക്കും തലങ്ങും വിലങ്ങും കൊത്തുകയായിരുന്നു. വലതു കൈത്തണ്ടയിലും ഇടതുകൈയിലെ രണ്ട് വിരലിലുമാണ് കടിയേറ്റത്. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് മരണം സംഭവിച്ചത്.
Next Story

RELATED STORIES

Share it