Idukki local

കരിമണ്ണൂരിന്റെ സ്വന്തം ദേവസ്യ സാര്‍ വിടവാങ്ങി

തൊടുപുഴ : സ്വാതന്ത്ര്യം ലഭിക്കും മുമ്പ് ബ്രിട്ടീഷ് ആര്‍മിയില്‍, സ്വാതന്ത്ര്യം ലഭിച്ച് കഴിഞ്ഞ് അധ്യാപകവൃത്തിയില്‍. കരിമണ്ണൂര്‍കാരുടെ സ്വന്തം ദേവസ്യാസാറിനെ ഇങ്ങനെയും വിശേഷിപ്പിക്കാം. ചരിത്രത്തിന്റെ ഭാഗമായി ജീവിച്ച ദേവസ്യാ സര്‍ വെള്ളിയാഴ്ച വിടവാങ്ങിയപ്പോള്‍ അത് ഒരു ചരിത്രപുരുഷന്റെ വിടവാങ്ങലാണെന്ന് അധികം ആര്‍ക്കും അറിഞ്ഞില്ല.1974ല്‍ കരിമണ്ണൂര്‍ സെന്റ് ജോസഫ് ഹൈസ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപക ജോലിയില്‍ നിന്ന് വിരമിച്ച പറയന്നിലം ദേവസ്യ സാര്‍ 103ാം വയസ്സിലാണ് ലോകത്തോട് വിടപറഞ്ഞത്.

1913 ജനുവരി 14ന് ജനിച്ച ദേവസ്യസാര്‍ പാളയംകോട് സെന്റ് സേവ്യേഴ്‌സ് കോളജില്‍ നിന്ന് ഇന്റര്‍മീഡിയറ്റും 1938ല്‍ ആലുവ യു.സി. കോളജില്‍ നിന്ന് ബി.എ. ബിരുദവും നേടി. തിരുവനന്തപുരം ലോ കോളജില്‍ രണ്ട് വര്‍ഷത്തെ നിയമപഠനത്തിനുശേഷം  ബ്രിട്ടീഷ് ആര്‍മിയില്‍ ചേര്‍ന്നു. ഇന്ത്യന്‍ ഇന്റലിജന്‍സ് കോറില്‍ ഈജിപ്തിലെ കെയ്‌റോയിലായിരുന്നു. ഇറ്റലി, ഇസ്രയേല്‍, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ സേവനം ചെയ്തശേഷം 1947ല്‍ ആര്‍മിയില്‍ നിന്നും വിരമിച്ചു.1947ല്‍ കരിമണ്ണൂര്‍ സെന്റ് ജോസഫ് ഇംഗ്ലീഷ് ഹൈസ്‌കൂളില്‍ പ്രധാന അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു.

1949ല്‍ തിരുവനന്തപുരം ഗവ. ട്രെയിനിങ് കോളജില്‍ നിന്നും ബി.ടി. ബിരുദമെടുത്തു. ബിരുദം എടുത്തശേഷം ഫോര്‍ട്ടുകൊച്ചി സെന്റ് ജോണ്‍ ബ്രിട്ടോ ഹൈസ്‌കൂളില്‍ ജോലിയില്‍ പ്രവേശിച്ചു. പിന്നീട് കോഴിക്കോട്, കോടഞ്ചേരി സെന്റ് ജോസഫ് ഹൈസ്‌കൂളിലെ പ്രധാന അധ്യാപകനായി.1956ല്‍ കരിമണ്ണൂര്‍ ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി തിരികെയെത്തി. വായനശീലമാക്കിയിരുന്ന ദേവസ്യ സാര്‍ 98 വയസുവരെ സ്ഥിരമായി രണ്ട് കിലോമീറ്റര്‍ നടന്ന് പള്ളിയില്‍ പോകുമായിരുന്നു. അഭിലാബാദ് ബിഷപ് മാര്‍ ജോസഫ് കുന്നത്ത് ഉള്‍പ്പടെ വലിയ ശിഷ്യഗണം ദേവസ്യ സാറിനുണ്ട്. യോഗയും പരിശീലിച്ചിരുന്നു. 1948ല്‍ റോം സന്ദര്‍ശിച്ച് 12ാം പീയൂസ് മാര്‍പാപ്പയേയും കാണാന്‍ അവസരം ലഭിച്ചു.
Next Story

RELATED STORIES

Share it